ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിന് 'അനിശ്ചിതകാല ബ്രേക്ക്'; കോഹ്ലി ഇനി ടെസ്റ്റില്‍ മാത്രമോ?

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിന് 'അനിശ്ചിതകാല ബ്രേക്ക്'; കോഹ്ലി ഇനി ടെസ്റ്റില്‍ മാത്രമോ?

ഓസീസിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയില്‍നിന്ന് വിരാട് കോഹ്ലിയെ ഒഴിവാക്കിയത് സ്വാഭാവിക തീരുമാനമായാണ് ആദ്യം ആരാധകര്‍ കണ്ടത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല എന്നാണ് പുതിയ റിപ്പോർട്ടുകള്‍

സെഞ്ചുറികള്‍ കൊണ്ടു സെഞ്ചുറി എന്ന സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ റെക്കോഡ് എത്തിപ്പിടിക്കാന്‍ ചേസ് മാസ്റ്റര്‍ വിരാട് കോഹ്ലി ഉണ്ടാകില്ലേ? ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിരാട് കോഹ്ലി ആരാധകര്‍ ഏതാനും മണിക്കൂറുകളായി ഉത്കണ്ഠയോടെ പരസ്പരം ചോദിക്കുന്ന ചോദ്യമാണത്. ഉത്കണ്ഠയ്ക്ക് കാരണമായത് ബിസിസിഐയ്ക്കു മുന്നില്‍ കോഹ്ലി മുന്നോട്ടുവച്ച ഒരാവശ്യവും. നിയന്ത്രിത ഓവര്‍ ക്രിക്കറ്റില്‍ 'അനിശ്ചിതകാലത്തേക്ക്' തന്നെ പരിഗണിക്കരുത് എന്നാണ് കോഹ്ലി ബോര്‍ഡിനോട് ആവശ്യപ്പെട്ടത്. താരത്തിന്റെ അഭ്യര്‍ഥന 'അനുഭാവപൂര്‍വം' തന്നെ ബോര്‍ഡ് പരിഗണിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏകദിന ക്രിക്കറ്റ് ലോകകപ്പിന് പിന്നാലെ കോഹ്ലിയും നായകന്‍ രോഹിത് ശര്‍മയുമടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയില്‍നിന്ന് ഇവരെ ഒഴിവാക്കിയത് സ്വാഭാവിക തീരുമാനമായാണ് ആദ്യം ആരാധകര്‍ കണ്ടത്. ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റിനു ശേഷം സീനിയര്‍ താരങ്ങള്‍ വിശ്രമമെടുക്കുന്ന സാഹചര്യങ്ങള്‍ ഇതിനു മുമ്പും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടായിട്ടുണ്ട്.

എന്നാല്‍ കാര്യങ്ങള്‍ അതില്‍നിന്നു മാറിയത് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി പുറപ്പെടുകയാണ്. ഡിസംബര്‍ രണ്ടാം വാരം മുതല്‍ ആരംഭിക്കുന്ന പര്യടനത്തില്‍ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര, മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര, രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര എന്നിവയാണ് കളിക്കുന്നത്.

ഇതില്‍ ട്വന്റി20-ഏകദിന പരമ്പരകളില്‍ തന്നെ പരിഗണിക്കേണ്ടെന്ന് കാട്ടിയാണ് കോഹ്ലി ബിസിസിഐയ്ക്ക് ആദ്യം കത്ത്‌നല്‍കിയത്. വിശ്രമകാലയളവ് നീട്ടിയെന്നു മാത്രമാണ് ആ സമയത്തും ആരാധകര്‍ കരുതിയത്. ട്വന്റി20-ഏകദിന പരമ്പരകള്‍ക്കു പിന്നാലെ ബോക്‌സിങ് ഡേയില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലൂടെ കോഹ്ലി രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ ഇന്നലെ ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കോഹ്ലി നല്‍കിയ കത്തില്‍ 'ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ നിന്ന് അനിശ്ചിതകാല അവധി' എന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്.

അതായത് കുറഞ്ഞത് ആറുമാസക്കാലയളവിനുള്ളില്‍ നിയന്ത്രിത ഓവര്‍ ക്രിക്കറ്റ് കളിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് കോഹ്ലി ബോര്‍ഡിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2024-ലെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് മാറ്റിനിര്‍ത്തിയാല്‍ നിയന്ത്രിത ഓവര്‍ ക്രിക്കറ്റില്‍ മറ്റുപ്രധാനപ്പെട്ട ചാമ്പ്യന്‍ഷിപ്പുകള്‍ ഒന്നാം വരാനില്ലാത്തതു കാരണം താരത്തിന്റെ അഭ്യര്‍ഥന അനുഭാവപൂര്‍വം പരിഗണിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ് സൈക്കിള്‍ നിലനില്‍ക്കുന്നതിനാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കോഹ്ലിക്ക് അവധി അനുവദിക്കാന്‍ സാധ്യതയില്ല.

എന്നാല്‍ താരത്തിന് വിശ്രമം അനിവാര്യമായ സാഹചര്യത്തില്‍ നിയന്ത്രിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ബിസിസിഐ തയാറായേക്കും. കൂടാതെ 2027 ഏകദിന ക്രിക്കറ്റ് ലോകകപ്പ് മുന്‍നിര്‍ത്തി യുവതാരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള ബിസിസിഐയുടെ ശ്രമങ്ങള്‍ക്കും കോഹ്ലിയുടെ അഭാവം കരുത്ത്പകരും. ഏറ്റവും ചുരുങ്ങിയത് നാലുമാസക്കാലമാണ് കോഹ്ലി വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ നിന്ന് ബ്രേക്ക് ആഗ്രഹിക്കുന്നതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നാലുമാസത്തോളം പുറത്തിരുന്ന ശേഷം തിരിച്ചുവരുന്ന കോഹ്ലി പഴയതുപോലെ മൂന്നു ഫോര്‍മാറ്റിലും സജീവമാകുമോയെന്നാണ് ഇപ്പോള്‍ ആരാധകരുടെ ഉത്കണ്ഠ. രാജ്യാന്തര ട്വന്റി20 ക്രിക്കറ്റില്‍ നിന്ന് കോഹ്ലിയും രോഹിതും, വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷം പിന്നിടുന്നു. 2022 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനു ശേഷം ഇരുവരും ടി20 മത്സരങ്ങള്‍ കളിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ബ്രേക്കിനു ശേഷം തിരിച്ചുവരുന്ന കോഹ്ലി ഏകദിന ക്രിക്കറ്റില്‍ പഴയതുപോലെ സജീവമാകുമോയെന്ന സംശയം ആരാധകര്‍ക്കുണ്ട്.

കോഹ്ലിയും രോഹിതും നിയന്ത്രിത ഓവര്‍ ക്രിക്കറ്റ് വിട്ട് ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധചെലുത്തണമെന്ന് മുന്‍താരങ്ങളായ കപില്‍ദേവ്, ദിലീപ് വെങ്‌സര്‍ക്കര്‍ തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടത് ശ്രദ്ധേയമായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇരുവരെയും ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമായി സജീവമാക്കാനും മറ്റ് രണ്ട് ഫോര്‍മാറ്റുകളില്‍ യുവതാരങ്ങളെ കൊണ്ടുവരാനും ബിസിസിഐ തീരുമാനിച്ചാല്‍ അദ്ഭുതപ്പെടാനില്ല. എന്നാല്‍ അങ്ങനെയൊരു തീരുമാനം വന്നാല്‍ സച്ചിന്റെ റെക്കോഡുകളിലേക്കുള്ള കോഹ്ലിയുടെ കുതിപ്പിന് അത് തിരിച്ചടിയാകും.

രാജ്യാന്തര ക്രിക്കറ്റില്‍ നൂറ് സെഞ്ചുറികളെന്ന സച്ചിന്റെ അപൂര്‍വനേട്ടം കോഹ്ലിക്ക് സ്വപ്‌നമായി തുടര്‍ന്നേക്കാം. നിലവില്‍ കോഹ്ലിയുടെ പേരില്‍ 80(ഏകദിനം-50, ടെസ്റ്റ്-29, ടി20- ഒന്ന്) സെഞ്ചുറികളാണുള്ളത്. നൂറില്‍ നൂറ് തികയ്ക്കാന്‍ ഇനി 20 തവണകൂടി മൂന്നക്കം തികയ്ക്കണം. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയും ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം സജീവമാകുകയും ചെയ്താല്‍ കോഹ്ലിക്ക് അത് എത്തിപ്പിടിക്കുക അസാധ്യമാകും.

നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ആയുസ് ഏറെക്കുറേ അവസാനിച്ച മട്ടിലാണ്. ഏകദിന ക്രിക്കറ്റിനും സമാന ഭാവിയാണ് പ്രതീക്ഷിക്കുന്നത്. സമയദൈര്‍ഘ്യമാണ് ഇതിന് പ്രധാനകാരണം. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ പ്രധാന പരമ്പര മാത്രമായി ചുരുക്കുകയും ഒരു ദിവസത്തിന്റെ എട്ടുമണിക്കൂറിലധികം സമയം എടുക്കുന്ന ഏകദിന മത്സരങ്ങളുടെ എണ്ണം കുറയ്ക്കുകയുമാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ലക്ഷ്യം വയ്ക്കുന്നത്.

ഇതിനു പകരം നാലു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ട്വന്റി20 മത്സരങ്ങളുടെ എണ്ണം കൂട്ടാനാണ് ഐസിസി നീക്കം. ടി20യില്‍ നിന്ന് ടി10ലേക്ക് ക്രിക്കറ്റ് ചുരുങ്ങുമ്പോള്‍ മത്സരങ്ങളുടെ എണ്ണം വീണ്ടും കുറഞ്ഞേക്കാം. ഈ സാഹചര്യത്തില്‍ ടെസ്റ്റ് മത്സരം മാത്രം കളിച്ച് സച്ചിന്റെ അപൂര്‍വനേട്ടം മറികടക്കുകയെന്നത് കോഹ്ലിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും.

logo
The Fourth
www.thefourthnews.in