ബിസിസിഐ വടിയെടുത്തു, ഇഷാന്‍ കിഷന്‍ ബാറ്റും; തിരിച്ചുവരവില്‍ പരാജയം

ബിസിസിഐ വടിയെടുത്തു, ഇഷാന്‍ കിഷന്‍ ബാറ്റും; തിരിച്ചുവരവില്‍ പരാജയം

ഡി വൈ പാട്ടീല്‍ ടി20 കപ്പില്‍ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ടീമിനായാണ് ഇഷാന്‍ ഇറങ്ങിയത്

ഒടുവില്‍ 'കുസൃതി'കളൊക്കെ മാറ്റിവെച്ച് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാന്‍ കിഷന്‍ ക്രിക്കറ്റ് മൈതാനത്തെത്തി. ദീർഘനാളായി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത ഇഷാന്‍ ഡി വൈ പാട്ടീല്‍ ടി20 കപ്പിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഇടവേളയെടുത്തതിന് ശേഷം താരത്തെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ദേശീയ ടീമിലേക്ക് തിരികെയെത്താന്‍ ഏതെങ്കിലും തരത്തിലുള്ള ക്രിക്കറ്റിന്റെ ഭാഗമാകണമെന്ന് മുഖ്യപരിശീലകനായ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു. ദ്രാവിഡിന്റെ ഉപദേശത്തിന് ശേഷവും ആഭ്യന്തര ക്രിക്കറ്റില്‍ പോലും ഇഷാന്‍ ഭാഗമായില്ല.

രഞ്ജി ട്രോഫി ഒഴിവാക്കി ഹാർദിക്ക് പാണ്ഡ്യയോടൊപ്പം പരിശീലനത്തിലേർപ്പെടാനാണ് ഇഷാന്‍ തീരുമാനമെടുത്തത്. പരിശീലനത്തിന്റെ വീഡിയോ ഇഷാന്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഡി വൈ പാട്ടീല്‍ ടി20 കപ്പില്‍ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ടീമിനായാണ് ഇഷാന്‍ ഇറങ്ങിയത്. റൂട്ട് മൊബൈല്‍ ലിമിറ്റഡ് ടീമിനെതിരായ മത്സരത്തില്‍ 12 പന്തില്‍ 19 റണ്‍സ് മാത്രമാണ് ഇഷാന് നേടാനായത്. മാക്‌സ്‌വെല്‍ സ്വാമിനാഥനെറിഞ്ഞ പന്ത് മിഡ് ഓഫിന് മുകളിലൂടെ ലോഫ്റ്റ് ചെയ്യാന്‍ ശ്രമിക്കവെയാണ് പുറത്തായത്. 193 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ നാലാം ഓവറില്‍ ഇഷാന്‍ മടങ്ങി.

ബിസിസിഐ വടിയെടുത്തു, ഇഷാന്‍ കിഷന്‍ ബാറ്റും; തിരിച്ചുവരവില്‍ പരാജയം
ടെസ്റ്റ് ക്രിക്കറ്റും താരങ്ങളെ 'വിഴുങ്ങുന്ന' ട്വന്റി20യും; പണമെറിഞ്ഞ് കടിഞ്ഞാണിടാന്‍ ബിസിസിഐ

ആഭ്യന്തര ക്രിക്കറ്റ് മനപൂർവ്വം ഒഴിവാക്കുന്ന താരങ്ങള്‍ക്കെതിരെ കടുത്ത നടപടിക്ക് ബിസിസിഐ ഒരുങ്ങുന്നതിനിടെയാണ് ഇഷാന്റെ തിരിച്ചുവരവ്. കരാറിലുള്ള എല്ലാ താരങ്ങലും ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമാകണമെന്നും ഇതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു. സംസ്ഥാന ടീമുകളുടെ ക്യാപ്റ്റനൊ പരിശീലകനൊ ആവശ്യപ്പെട്ടാല്‍ മത്സരത്തിനിറങ്ങണമെന്നും ജയ് ഷാ നിർദേശിച്ചു.

ഝാർഖണ്ഡ് ടീമിനായി രഞ്ജി ട്രോഫി കളിക്കാന്‍ ബിസിസിഐ ഇഷാനോട് ആവശ്യപ്പെട്ടിരുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ജയ് ഷായുടെ വാക്കുകള്‍. ഇഷാനെ ഉദ്ദേശിച്ചല്ല നീക്കമെന്നും ദേശീയ ടീമിന്റെ ഭാഗമല്ലാത്ത എല്ലാ താരങ്ങള്‍ക്കും ഇത് ബാധാകമാണെന്നും ജയ് ഷാ കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in