അമിത ആത്മവിശ്വാസത്തിലേക്ക് പോകരുത്; സെമിയില്‍ ഇന്ത്യയ്ക്ക് തന്നെ മുന്‍തൂക്കം

അമിത ആത്മവിശ്വാസത്തിലേക്ക് പോകരുത്; സെമിയില്‍ ഇന്ത്യയ്ക്ക് തന്നെ മുന്‍തൂക്കം

ഇത്രയും സ്മൂത്തായി കളിക്കുന്ന ഒരു ഇന്ത്യന്‍ ടീമിനെ ഇതുവരെ കണ്ടിട്ടില്ല. ടോപ് ഓര്‍ഡര്‍ മുഴുവന്‍ ഫോമിലാണ്

വിജയം പതിവുപോലെ അനായാസം തന്നെ. നമ്മള്‍ എത്ര മികച്ച ഫോമിലാണെന്നുകൂടി നെതര്‍ലന്‍ഡ്സിനെതിരായ മത്സരം തെളിയിച്ചെന്ന് പറയാം. നെതര്‍ലന്‍ഡ്സിനെ നമ്മള്‍ തോല്‍പ്പിക്കുമെന്ന് അറിയാമായിരുന്നു, പക്ഷെ 160 റണ്‍സിനാണ് അവരെ തകര്‍ത്തത്. അതുമാത്രമല്ല, ഈ മത്സരത്തോടെ കെ എല്‍ രാഹുലും ശ്രേയസ് അയ്യരും സെഞ്ചുറിയുമടിച്ചു. വിരാട് കോഹ്ലിക്കും രോഹിത് ശര്‍മയ്ക്കും വരെ വിക്കറ്റും കിട്ടി, പിന്നെ കൂടുതല്‍ പറയേണ്ടതില്ലല്ലോ.

സെമി ഫൈനലിലേക്ക് 9-0 എന്ന റെക്കോഡോടെയാണ് പോകുന്നത്. ഇത്തരത്തിലൊരു ആധിപത്യം അവസാനമായി കിട്ടിയത് 2003ല്‍ ഓസ്ട്രേലിയക്കായിരുന്നു. ഇത് നമുക്ക് പരിചിതമായുള്ള ഒന്നല്ല എന്ന് വേണമെങ്കില്‍ പറയാം. എപ്പോഴും ഇന്ത്യ തോല്‍ക്കുമോയെന്ന ഒരു ആശങ്ക എല്ലാവര്‍ക്കും ഉണ്ടാകാറുണ്ട്. അത് ഇന്ത്യയൊരു ചാമ്പ്യന്‍ സൈഡാണെന്നത് മനസിലാകാത്തതുകൊണ്ടാണ്.

ഇത്രയും സ്മൂത്തായി കളിക്കുന്ന ഒരു ഇന്ത്യന്‍ ടീമിനെ ഇതുവരെ കണ്ടിട്ടില്ല. ടോപ് ഓര്‍ഡര്‍ മുഴുവന്‍ ഫോമിലാണ്. രോഹിത്, ഗില്‍, കോഹ്ലി, ശ്രേയസ്, രാഹുല്‍..എല്ലാവരും ഫോമിലാണ്. സൂര്യകുമാറിന് കാര്യമായ അവസരങ്ങള്‍ ഇതുവരെ ലഭിച്ചില്ല. കിട്ടിയ സാഹചര്യത്തില്‍ അദ്ദേഹം നന്നായി ബാറ്റ് ചെയ്തിരുന്നു. ബൗളേഴ്സിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല, ബുംറ, ഷമി, കുല്‍ദീപ്, സിറാജ്, ജഡേജ..സെമിയിലേക്ക് പോകുമ്പോള്‍ ഇന്ത്യ മറ്റ് ടീമുകളേക്കാള്‍ ബഹുദൂരം മുന്നിലാണ്.

ടൂര്‍ണമെന്റെ തുടങ്ങുന്നതിന് മുന്‍പ് ഒരുപാട് സംശയങ്ങളുണ്ടായിരുന്നു. പരീക്ഷണങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ആശങ്കയുമുണ്ടായി. പക്ഷെ ടീം മാനേജ്മെന്റിന് പിഴച്ചില്ല എന്നതാണ് ലീഗ് ഘട്ടം തെളിയിക്കുന്നത്. ഓസ്ട്രേലിയ്ക്കും ന്യൂസിലന്‍ഡിനും എതിരായ മത്സരങ്ങളില്‍ മാത്രമാണ് നമ്മള്‍ പരീക്ഷിക്കപ്പെട്ടത്.

കഴിഞ്ഞ ലോകകപ്പില്‍ ന്യൂസിലന്‍ഡിനോട് നമുക്ക് അടിപതറിപ്പോയി. ആ ഒരു സാധ്യത ഒഴിവാക്കാന്‍ നോക്കണം, അത് മാത്രമാണ് ശ്രദ്ധിക്കേണ്ടത്. ന്യൂസിലന്‍ഡിനെ ഒരിക്കലും ചെറുതായി കാണാനാകില്ല, പ്രത്യേകിച്ചും സെമിയില്‍. കെയിന്‍ വില്യംസണ്‍ മടങ്ങിയെത്തിയതോടെ നമുക്കെതിരെ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്ന ലെവലിലാണ് അവര്‍. പക്ഷേ, നിലവിലെ ഫോം നമുക്ക് അനുകൂലമാണ്.

മുംബൈയിലെ വാങ്ക്ഡേയിലാണ് സെമി. സ്പിന്നിന് അനുകൂലമായ ട്രാക്കിനാണ് സാധ്യത. ന്യൂസിലന്‍ഡിനും മികച്ച സ്പിന്നര്‍മാരുണ്ട്, മിച്ചല്‍ സാന്റ്നറും രച്ചിന്‍ രവീന്ദ്രയുമൊക്കെ. ഇത് ന്യൂസിലന്‍ഡിനെ കൂടുതല്‍ അപകടകാരികളാക്കുന്നു. വാങ്ക്ഡേയില്‍ രണ്ടാമത് ബാറ്റ് ചെയ്ത് വിജയിക്കുക അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അഫ്ഗാനിസ്താനെതിരായ ഓസ്ട്രേലിയയുടെ വിജയം ഗ്ലെന്‍ മാക്സ്വെല്ലിന്റെ അസാധ്യ ഇന്നിങ്സുകൊണ്ട് സംഭവിച്ചതാണ്. എന്നാലും ആശങ്കപ്പെടേണ്ടതില്ല, പക്ഷെ അമിത ആത്മവിശ്വാസത്തിലേക്ക് പോകരുത്.

logo
The Fourth
www.thefourthnews.in