കരിം ബെന്‍സേമ
കരിം ബെന്‍സേമ

ഇത് ചരിത്രമാണ്, ബെന്‍സേമ തിരുത്തിയെഴുതിയ ചരിത്രം...

2019 ല്‍ മെസി ബാലണ്‍ ഡി ഓര്‍ ജേതാവാകുമ്പോള്‍ 90-ാം സ്ഥാനത്തായിരുന്നു ബെന്‍സേമ

എന്തൊരു സീസണാണ് കഴിഞ്ഞു പോയത്? സിദാന്റെ നേട്ടത്തിന് 24 വര്‍ഷങ്ങള്‍ക്ക് ശേഷം ബാലണ്‍ ഡി ഓര്‍ കരിം ബെന്‍സേമയുടെ കൈകളിലൂടെ ഫ്രാന്‍സിലേക്ക് എത്തുമ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കു മുന്നില്‍ ഉള്ളത് കഴിഞ്ഞ സീസണില്‍ അയാള്‍ തീര്‍ത്ത മായാജാലങ്ങളാണ്. കാല്‍പന്തിന്റെ അതികായരെ ബഹുദൂരം പിന്നിലാക്കി ബെന്‍സേമ ലോക ഫുട്‌ബോളിന്റെ സര്‍വ്വാധിപനായിരിക്കുന്നു. അര്‍ഹതയ്ക്കുള്ള അംഗീകാരം.

ബാലണ്‍ ഡി ഓര്‍ പ്രഖ്യാപിക്കുന്ന സമയമടുക്കുമ്പോള്‍ ഇത്രയും കാലമായി ചര്‍ച്ചകളില്‍ നിറഞ്ഞത് മെസ്സിയും റൊണാള്‍ഡോയും ഒക്കെയാണ്. അതിനിടയിലേക്ക് ഒരിക്കല്‍ പോലും കരിം ബെന്‍സേമ എന്ന മുപ്പത്തിനാലുകാരന്‍ കടന്നു വന്നിട്ടില്ല. അത് അയാള്‍ ഒരു മോശം പ്ലെയര്‍ ആയതുകൊണ്ടല്ല. മറിച്ച് അയാള്‍ മെസിയുടെയും റൊണാള്‍ഡോയുടെയും സമകാലീനായിപ്പോയെന്നതു കൊണ്ടാണ്.

2019 ല്‍ മെസി ബാലണ്‍ ഡി ഓര്‍ ജേതാവാകുമ്പോള്‍ 90-ാം സ്ഥാനത്തായിരുന്നു ബെന്‍സേമ . എന്നാല്‍ ഏഴു തവണ ബാലണ്‍ ഡി ഓര്‍ നേടിയ മെസിയുടെ പേര് ഇക്കുറി പട്ടികയില്‍ ഇല്ലാതെ പോയപ്പോള്‍ ആ കിരീടം എത്തിയത് അന്നത്തെ 90-ാം സ്ഥാനക്കാരന്റെ കൈകളിലാണ്. റൊണാള്‍ഡോ ഫിനിഷ് ചെയ്തത് 20-ാം സ്ഥാനത്തും.

റയല്‍ മാഡ്രിഡിന്റെ കുപ്പായത്തില്‍ ബെന്‍സേമയുടെ നേട്ടങ്ങള്‍ ചെറുതല്ല. കഴിഞ്ഞ സീസണില്‍ അടിച്ചു കൂട്ടിയ ഗോളുകളുടെ കണക്ക് എതിരാളികളെക്കൊണ്ട് പോലും കൈയ്യടിപ്പിക്കുന്ന വിധത്തിലായിരുന്നു. ലാലിഗയിലും സൂപ്പര്‍ കപ്പിലും എതിരാളികളുടെ ഗോള്‍വല നിറച്ചു. നേഷന്‍സ് ലീഗില്‍ ഫ്രഞ്ച്‌ ടീമിന്റെ അമരത്ത് നിന്ന് നയിച്ച് ജേതാക്കളാക്കി. വമ്പന്മാര്‍ ഏറ്റുമുട്ടുന്ന ചാമ്പ്യന്‍സ് ലീഗിന്റെ പോരാട്ട ഭൂമിയില്‍ മത്സരങ്ങളെല്ലാം ഫിനിഷ് ചെയ്യുമ്പോള്‍ അയാള്‍ തന്റെ ടീമിനു വേണ്ടി ഒരു കിരീടം കൂടി ഉയര്‍ത്തി. ആ സീസണില്‍ ഗ്രൂപ്പ് മത്സരങ്ങളും ക്വാര്‍ട്ടറും ഫൈനലും പിന്നിട്ടപ്പോള്‍ രണ്ട് ഹാട്രിക്കുകളടക്കം 10 ഗോളുകളാണ് ബെന്‍സേമയുടെ അക്കൗണ്ടിലുണ്ടായിരുന്നത്.

2009ല്‍ ലിയോണില്‍ നിന്നാണ് ബെന്‍സേമ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയത്. തനിക്ക് കിട്ടിയ അംഗീകാരം ഏറ്റു വാങ്ങുമ്പോഴും അദ്ദേഹം പറയാന്‍ മറന്നു പോവാത്ത ഒരു പേരുണ്ട് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. റയലെന്ന ക്ലബ് റൊണാള്‍ഡോയിലേക്ക് കണ്ണ് വയ്ക്കുമ്പോള്‍ ആ ഗോളുകള്‍ക്ക് തൊട്ടു പിന്നില്‍ പലപ്പോഴും ബെന്‍സേമയുടെ കാല്‍ സ്പര്‍ശമുണ്ടായിരുന്നു. റൊണാള്‍ഡോ യുവന്റസിലേക്ക് പോയ സീസണുകള്‍ മതിയായിരുന്നു ബെന്‍സേമയ്ക്ക് തന്റെ കരുത്ത് തെളിയിക്കാന്‍. പിന്നീടുള്ള ഒരു സീസണിലും അയാള്‍ക്ക് തലകുനിച്ച് നില്‍ക്കേണ്ടി വന്നിട്ടില്ല. കളിയുടെ അവസാന സെക്കന്റിലും എതിരാളികളുടെ വലയിലേക്ക് നിറയൊഴിക്കാന്‍ കുതിക്കുന്ന അയാള്‍ക്കു മുന്നില്‍ ഗോള്‍ കീപ്പര്‍മാര്‍ പലപ്പോഴും നിസ്സഹായരായിട്ടുണ്ട്.

മെസിയും റൊണാള്‍ഡോയുമൊക്കെ ബാലണ്‍ ഡി ഓറിലേക്ക് ബെന്‍സേമയുടെ പേര് മുന്നേ തന്നെ അടയാളപ്പെടുത്തിക്കഴിഞ്ഞതാണ്. കാരണം അദ്ദേഹത്തിന് അത് അര്‍ഹതപ്പെട്ടതാണ്. കാലാകാലങ്ങളായി മൈതാനങ്ങളില്‍ മായാജാലം തീര്‍ക്കുന്നവന്റെ കഠിനപ്രയത്‌നത്തിന് ലഭിച്ച അംഗീകാരം. ഇത് ചരിത്രമാണ്, ബെന്‍സേമ തിരുത്തിയെഴുതിയ ചരിത്രം.

logo
The Fourth
www.thefourthnews.in