മികച്ച തുടക്കത്തിനു ശേഷം പതറി കംഗാരുക്കള്‍; രണ്ടിന് 96

മികച്ച തുടക്കത്തിനു ശേഷം പതറി കംഗാരുക്കള്‍; രണ്ടിന് 96

ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഓസീസിനോടു ദയനീയ പരാജയം ഏറ്റുവാങ്ങിയ ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങിയിരിക്കുന്നത്.

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ ആവേശകരമായ തുടക്കം. ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരെ സാക്ഷിനിര്‍ത്തി ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ മികച്ച തുടക്കത്തിനു ശേഷം അല്‍പം പരുങ്ങലിലേക്ക് വീണിരിക്കുകയാണ്.

ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ലഞ്ചിനു പിന്നാലെ രണ്ടിന് 96 എന്ന നനിലയിലാണ് അവര്‍. 127 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 42 റണ്‍സുമായി ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജയും എട്ടു റണ്‍സുമായി താല്‍ക്കാലിക നായകന്‍ സ്റ്റീവന്‍ സ്മിത്തുമാണ് ക്രീസില്‍.

44 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 32 റണ്‍സ് നേടിയ ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെയും മൂന്നു റണ്‍സ് നേടിയ മധ്യനിര താരം മാര്‍നസ് ലബുഷെയ്‌ന്റെയും വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. ഹെഡിനെ രവിചന്ദ്രന്‍ അശ്വിനും ലബുഷെയ്‌നെ മുഹമ്മദ് ഷമിയുമാണ് വീഴ്ത്തിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും മത്സരം വീക്ഷിക്കാന്‍ എത്തിയിരുന്നു. അതത് പ്രധാനമന്ത്രിമാരാണ് ഇരുക്യാപ്റ്റന്മാര്‍ക്കും ഇന്നു ടെസ്റ്റ് ക്യാപ് സമ്മാനിച്ചത്.

തുടര്‍ന്ന് ടോസ് നേടിയ ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഓസീസ് ഓപ്പണര്‍മാരുടെ തുടക്കം. ഒന്നാം വിക്കറ്റില്‍ തന്നെ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്താന്‍ അവര്‍ക്കായി.

ഹെഡും ഖ്വാജയും ചേര്‍ന്ന് 15.3 ഓവറില്‍ 61 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അപകടകരമായി വളര്‍ന്ന ഈ കൂട്ടുകെട്ട് പൊളിച്ച് ഒടുവില്‍ ഇന്ത്യയുടെ വിശ്വസ്ത താരം അശ്വിനാണ് ബ്രേക്ക്ത്രൂ കണ്ടെത്തിയത്. ഏകദിന െൈലിയില്‍ ബാറ്റ് ചെയ്ത് ഇന്ത്യക്ക് തലവേദനയുണ്ടാക്കിയ ഹെഡിനെ അശ്വിന്റെ പന്തില്‍ രവീന്ദ്ര ജഡേജ പിടികൂടുകയായിരുന്നു.

തൊട്ടുപിന്നാലെ ലബ്‌ഷെയ്‌നെ ക്ലീന്‍ പേസര്‍ മുഹമ്മദ് ഷമി ബൗള്‍ഡാക്കിയതോടെ ഓസീസിന് ഇരട്ടപ്രഹരമേറ്റു. പിന്നീടാണ് ഖ്വാജയ്ക്കു കൂട്ടായി നായകന്‍ സ്മിത്ത് ക്രീസില്‍ എത്തിയത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 24 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കാന്‍ ഇന്ത്യക്ക് ഈ മത്സരം ജയിച്ചേ തീരൂ. അതേസമയം നിലവില്‍ പരമ്പരയില്‍ 1-2 എന്ന നിലയില്‍ പിന്നില്‍ നില്‍ക്കുന്ന ഓസ്‌ട്രേലിയ പരമ്പരയില്‍ ഒപ്പമെത്താന്‍ ലക്ഷ്യമിടുന്നത്. ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഓസീസിനോടു ദയനീയ പരാജയം ഏറ്റുവാങ്ങിയ ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങിയിരിക്കുന്നത്.

പേസര്‍ മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചപ്പോള്‍ മൂന്നാം ടെസ്റ്റില്‍ പുറത്തിരുന്ന മുഹമ്മദ് ഷമി തിരിച്ചെത്തി. അതേസമയം ഇന്‍ഡോറില്‍ ജയം കുറിച്ച അതേ ഇലവനെ നിലനിര്‍ത്തിയാണ് ഓസീസ് പടയ്ക്കിറങ്ങിയത്.

logo
The Fourth
www.thefourthnews.in