വിമർശനത്തിനും പ്രശംസയ്ക്കും നടുവിലെ രാഹുല്‍

വിമർശനത്തിനും പ്രശംസയ്ക്കും നടുവിലെ രാഹുല്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ നേടിയ സെഞ്ചുറിക്ക് പിന്നാലെ സമൂഹ മാധ്യമങ്ങള്‍ വഴിയുണ്ടാകുന്ന അധിക്ഷേപങ്ങളെക്കുറിച്ച് രാഹുല്‍ സംസാരിച്ചിരുന്നു

കെ എല്‍ രാഹുല്‍, കഴിഞ്ഞ ഒരു വർഷക്കാലം വാഴ്ത്തുപാട്ടുകളും വിമർശനങ്ങളും ഒരേ രീതിയില്‍ തേടിയെത്തിയ മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരമുണ്ടാകില്ല. 2022 ട്വന്റി20 ലോകകപ്പിന് പിന്നാലെയായിരുന്നു എല്ലാത്തിന്റേയും തുടക്കം. ടൂർണമെന്റിലെ സ്ഥിരതയില്ലായ്മയും ബാറ്റിങ്ങിലെ മെല്ലെപ്പോക്കുമായിരുന്നു കാരണങ്ങള്‍. പിന്നാലെ ബോർഡർ-ഗവാസ്കർ ട്രോഫിയില്‍ നിന്നും തഴയപ്പെട്ടു. 2023 ലോകകപ്പിലേക്കുള്ള വാതില്‍ തുറക്കപ്പെടുമെന്ന് കരുതിയപ്പോഴാണ് പരുക്കിന്റെ പിടിയിലേക്ക് രാഹുല്‍ വീഴുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ രാഹുലിന് നഷ്ടമായപ്പോള്‍ ഇന്ത്യ അന്ന് ഓസ്ട്രേലിയയോട് പരാജയപ്പെട്ടത് 209 റണ്‍സിനായിരുന്നു.

എന്നാല്‍, 2023 ഏഷ്യ കപ്പില്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തി. ആറ് മാസത്തിലധികം കളത്തിന് പുറത്തിരുന്ന രാഹുലിനെ ടീമിലെടുത്തതില്‍ ബിസിസിഐ ചോദ്യം ചെയ്യപ്പെട്ടു. പക്ഷേ, ബാറ്റുകൊണ്ടും വിക്കറ്റ് കീപ്പിങ് മികവുകൊണ്ടും രാഹുല്‍ തിളങ്ങി, വിമർശകരെ നിശബ്ദരാക്കി. ഏഷ്യ കപ്പില്‍ ഇഷാന്‍ കിഷനായിരുന്നു ടീമിലെ ഒന്നാം വിക്കറ്റ് കീപ്പർ, എന്നാല്‍ പാകിസ്താനെതിരായ സൂപ്പർ ഫോറില്‍ ടീമിലെത്തിയ രാഹുല്‍ സെഞ്ചുറി നേട്ടത്തോടെയായിരുന്നു ടീമിലെ തന്റെ സ്ഥാനം ഉറപ്പിച്ചത്. പിന്നീട് ഏകദിന ലോകകപ്പില്‍ ഒന്നാം വിക്കറ്റ് കീപ്പറായാണ് രാഹുല്‍ എത്തിയത്.

വിമർശനത്തിനും പ്രശംസയ്ക്കും നടുവിലെ രാഹുല്‍
തേര്‍ഡ് അമ്പയര്‍ ലിഫ്റ്റില്‍ കുടുങ്ങി; ഓസീസ്-പാക് ടെസ്റ്റ് മത്സരത്തിനിടെ നാടകീയ രംഗങ്ങള്‍

ലോകകപ്പില്‍ 10 ഇന്നിങ്സുകളില്‍ നിന്ന് രണ്ട് അർധ സെഞ്ചുറിയും ഒരു ശതകവും ഉള്‍പ്പെടെ 452 റണ്‍സാണ് രാഹുല്‍ നേടിയത്. റണ്‍വേട്ടക്കാരില്‍ എട്ടാമത്. 11 കളികളില്‍ നിന്ന് രാഹുലിന്റെ വിക്കറ്റ് കീപ്പിങ് മികവില്‍ ബാറ്റർമാർ പുറത്തായത് 17 തവണ.

പക്ഷേ, ഫൈനലില്‍ ഓസ്ട്രേലിയയോട് ഇന്ത്യ തോല്‍വി വഴങ്ങിയപ്പോള്‍ വിമർശനങ്ങളുടെ പ്രളയം തന്നെ രാഹുലിലേക്ക് എത്തി. ഇത്തവണയും കാരണം രാഹുലിന്റെ മെല്ലപ്പോക്ക് തന്നെ. കലാശപ്പോരില്‍ 107 പന്തില്‍ നിന്ന് വലം കയ്യന്‍ ബാറ്റർ നേടിയത് 66 റണ്‍സ് മാത്രമായിരുന്നു. ഇന്നിങ്സില്‍ ഉള്‍പ്പെട്ടത് ഒരു ബൗണ്ടറിയും. രാഹുലിന്റെ ബാറ്റിങ് മറുവശത്തുണ്ടായിരുന്ന താരങ്ങളിലേക്ക് സമ്മർദം എത്തിച്ചെന്നും അവസാന ഓവറുകളിലേക്ക് കളിയെത്തിയപ്പോഴും രാഹുല്‍ സ്കോറിങ്ങിന് വേഗം കൂട്ടിയില്ലെന്നുമൊക്കെയായിരുന്നു വിശകലനങ്ങള്‍.

രാഹുലിനെ തേടി വീണ്ടും പ്രശംസക്കാലം എത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പര ഇന്ത്യ (2-1) സ്വന്തമാക്കിയപ്പോള്‍ ടീമിനെ നയിച്ചത് രാഹുലായിരുന്നു. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ബാറ്റർമാരെല്ലാം പരാജയപ്പെട്ടപ്പോള്‍ സെഞ്ചുറിയുമായി രാഹുല്‍ തിളങ്ങി. കരിയറിലെ രാഹുലിന്റെ എട്ടാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു പ്രോട്ടിയാസിനെതിരെ സെഞ്ചൂറിയനില്‍ പിറന്നത്. ശതകനേട്ടത്തിന് പിന്നാലെ പോയവർഷം താന്‍ കടന്നുപോയ സംഘർഷങ്ങളെക്കുറിച്ച് രാഹുല്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

വിമർശനത്തിനും പ്രശംസയ്ക്കും നടുവിലെ രാഹുല്‍
നജീമുദ്ദീൻ്റെ 'മാരക' ഗോളുകൾ

"നിങ്ങള്‍ക്ക് വ്യക്തിപരമായി സവിശേഷതകളുണ്ടാകും, അന്താരാഷ്ട്ര ക്രിക്കറ്റില്‍ അത്തരം കാര്യങ്ങളെല്ലാം വെല്ലുവിളിക്കപ്പെടും. ഒരു വ്യക്തിയെന്ന നിലയിലും ക്രിക്കറ്ററെന്ന നിലയിലുമായിരിക്കും ആ വെല്ലുവിളികള്‍. സമൂഹ മാധ്യമങ്ങള്‍ സമ്മർദ്ദം തന്നെയാണ്. ഇന്ന് ഞാന്‍ സെഞ്ചുറി നേടിയതുകൊണ്ട് എല്ലാവരും കയ്യടിക്കുന്നു പ്രശംസിക്കുന്നു. മൂന്ന്, നാല് മാസങ്ങള്‍ക്ക് മുന്‍പ് ഇതായിരുന്നില്ല സ്ഥിതി. അക്ഷേപവാക്കുകളായിരുന്നു എന്നെ തേടിയെത്തിയത്. ഇതെല്ലാം കളിയുടെ ഭാഗമായിട്ടാണ് കാണുന്നത്. സമൂഹ മാധ്യമങ്ങളില്‍ നിന്ന് മാറി നില്‍ക്കുക എന്ന തീരുമാനം എത്ര നേരത്തെ എടുക്കുന്നുവോ അത്രയും നല്ലത്. വ്യക്തിപരമായി ബാധിക്കുന്ന കാര്യങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുക," രാഹുല്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in