ത്രില്ലറിനൊടുവില്‍ നൈറ്റ്‌റൈഡേഴ്‌സ്; ഒരു റണ്ണിന് കീഴടങ്ങി റോയല്‍ ചലഞ്ചേഴ്‌സ്

ത്രില്ലറിനൊടുവില്‍ നൈറ്റ്‌റൈഡേഴ്‌സ്; ഒരു റണ്ണിന് കീഴടങ്ങി റോയല്‍ ചലഞ്ചേഴ്‌സ്

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 223 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സിന്റെ പോരാട്ടം 221-ല്‍ ഒതുങ്ങി.

അവസാന പന്ത് വരെ വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെ ഒരു റണ്ണിന് കീഴടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാം സ്ഥാനത്ത് തിരികെയെത്തി. ഇന്ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 223 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സിന്റെ പോരാട്ടം 221-ല്‍ ഒതുങ്ങി.

അവസാന ഓവറില്‍ ജയിക്കാന്‍ 21 റണ്‍സായിരുന്നു ആര്‍സിബിക്ക് വേണ്ടിയിരുന്നത്. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ഓവറില്‍ മൂന്നു സിക്‌സറുകള്‍ പറത്തി കരണ്‍ ശര്‍മ ടീമിനെ ജയത്തിന് അരികെ എത്തിച്ചെങ്കിലും ലക്ഷ്യം സാധിക്കാനായില്ല. അഞ്ചാം പന്തില്‍ ശര്‍മയെ വീഴ്ത്തിയ സ്റ്റാര്‍ക്ക് അവസാന പന്തില്‍ ഒരു റണ്‍ മാത്രം വിട്ടുനല്‍കി ജയം പിടിച്ചെടുക്കുകയായിരുന്നു.

തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം ബെംഗളുരുവിനെ കരകയറ്റിയത് തകര്‍പ്പന്‍ അര്‍ധസഞ്ചുറികളുമായി തിളങ്ങിയ വില്‍ ജാക്‌സും രജത് പാട്ടീദാറും ചേര്‍ന്നായിരുന്നു. ജാക്‌സ് 32 പന്തില്‍ നിന്ന് നാലു ബൗണ്ടറികളും അഞ്ച് സിക്‌സറുകളും സഹിതം 55 റണ്‍സ് നേടി ടോപ് സ്‌കോററായപ്പോള്‍ 23 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും അഞ്ച് സിക്‌സറുകളും സഹിതം 52 റണ്‍സായിരുന്നു പാട്ടീദാറിന്റെ സംഭാവന.

ഇവര്‍ക്കു പറുമേ 18 പന്തുകളില്‍ നിന്ന് 24 റണ്‍സ് നേടിയ സുയാഷ് പ്രഭുദേശായി, 18 പന്തുകളി നിന്ന് 25 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തിക്, ഏഴു പന്തുകളില്‍ നിന്ന് 20 റണ്‍സ് നേടിയ കരണ്‍ ശര്‍മ എന്നിവരാണ് റോയല്‍ ചലഞ്ചേഴ്‌സിനായി പൊരുതിയത്. മുന്‍ നായകന്‍ വിരാട് കോഹ്ലി 18 റണ്‍സും നായകന്‍ ഫാഫ് ഡുപ്ലീസിസ് ഏഴു റണ്‍സും നേടി പുറത്തായി. തോല്‍വിയോടെ ബെംഗളുരുവിന്റെ പ്ലേ ഓഫ് സാധ്യത ഏറെക്കുറേ അവസാനിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് അടിച്ചുകൂട്ടിയത്. സ്വന്തം തട്ടകത്തില്‍ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ അവര്‍ക്ക് നായകന്‍ ശ്രേയസ് അയ്യര്‍, ഓപ്പണര്‍ ഫില്‍ സോള്‍ട്ട്, മധ്യനിര താരങ്ങളായ റിങ്കു സിങ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിങ് എന്നിവരുടെ പ്രകടനങ്ങളാണ് തുണയായത്.

36 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 50 റണ്‍സ് നേടിയ നായകന്‍ ശ്രേയസാണ് അവരുടെ ടോപ് സ്‌കോറര്‍. 14 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 48 റണ്‍സാണ് സോള്‍ട്ട് നേടിയത്. റിങ്കു 16 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 24 റണ്‍സ് നേടി പുറത്തായപ്പോള്‍ റസല്‍ 20 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 27 റണ്‍സുമായും രമണ്‍ദീപ് ഒമ്പത് പന്തുകളില്‍ നിന്ന് രണ്ടു വീതം ഫോറും സിക്‌സും സഹിതം 24 റണ്‍സുമായും പുറത്താകാതെ നിന്നു.

ബെംഗളുരുവിനു വേണ്ടി രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ യഷ് ദയാലും കാമറൂണ്‍ ഗ്രീനുമാണ് ബൗളിങ്ങില്‍ മികച്ചുനിന്നത്. മുഹമ്മദ് സിറാജും ലോക്കീ ഫെര്‍ഗൂസനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in