കേരളത്തിന്റെ സ്വന്തം 'കൊച്ചിന്‍' തെണ്ടുല്‍ക്കര്‍

കേരളത്തിന്റെ സ്വന്തം 'കൊച്ചിന്‍' തെണ്ടുല്‍ക്കര്‍

24 വര്‍ഷം നീണ്ട ആ കരിയറില്‍ രണ്ടേ രണ്ടു തവണ മാത്രമാണ് ഏകദിന ക്രിക്കറ്റില്‍ സച്ചിന്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. അതു രണ്ടും കൊച്ചിയിലെ മണ്ണിലാണ്

ദൈവത്തിന്റെ സ്വന്തം നാട് ക്രിക്കറ്റ് ദൈവത്തിന് എന്നും പ്രിയപ്പെട്ടതുതന്നെയാണ്. ഐതിഹാസികമായ ആ കരിയറിലെ ഒരപൂര്‍വ നേട്ടത്തിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അര്‍ഹനായത് കൊച്ചു കേരളത്തിലെ കൊച്ചിയില്‍ വച്ചാണ്. അതും ഒരിക്കലല്ല, രണ്ടു തവണ.

സെഞ്ചുറികള്‍ കൊണ്ടു സെഞ്ചുറി തീര്‍ത്ത് റണ്‍മല ചവിട്ടിക്കയറി റെക്കോഡുകള്‍ കീഴടക്കിയ സച്ചിന്‍ എന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ പന്തുകൊണ്ടും ടീം ഇന്ത്യയുടെ രക്ഷകനായിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ 30,000-ലേറെ റണ്‍സും 200 വിക്കറ്റുകളും നേടിയ ഏക താരവും സച്ചിനാണ്.

പക്ഷേ 24 വര്‍ഷം നീണ്ട ആ കരിയറില്‍ രണ്ടേ രണ്ടു തവണ മാത്രമാണ് ഏകദിന ക്രിക്കറ്റില്‍ സച്ചിന്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. അതു രണ്ടും കൊച്ചിയിലെ മണ്ണിലാണ്. മാത്രമല്ല സച്ചിന്റെ പേരില്‍ രാജ്യത്ത് ആദ്യമായി ഒരു പവലിയന്‍ സ്ഥാപിക്കപ്പെട്ടതും കൊച്ചിയിലാണ്. അത്രയ്ക്ക് പ്രിയപ്പെട്ടതാണ് സച്ചിന് കൊച്ചിയും കൊച്ചിക്ക് സച്ചിനും.

കേരളത്തിന്റെ മണ്ണില്‍ നടന്ന ആദ്യ 'ഔദ്യോഗിക' രാജ്യാജന്തര ഏകദിന ക്രിക്കറ്റില്‍ തന്നെയാണ് സച്ചിന്‍ തന്റെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കിയത്. 1998 ഏപ്രില്‍ ഒന്നിന് നടന്ന മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍.

മേല്‍ക്കൂരയില്‍ വരെ ആരാധകര്‍ കടന്നുകയറി തിങ്ങിനിറഞ്ഞ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ടോസ് നേടി ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസഹ്‌റുദ്ദീന്‍ ബാറ്റിങ് തെരഞ്ഞെടുക്കുമ്പോള്‍ കാതടപ്പിക്കുന്ന ആരവമാണ് ഉയര്‍ന്നത്. കാരണം മറ്റൊന്നുമല്ല, അതുവരെ ടെലിവിഷനില്‍ മാത്രം കണ്ടു പരിചയിച്ച സച്ചിന്റെ ബാറ്റിങ് കാണാന്‍ ഉച്ചവെയില്‍ മൂക്കും മുമ്പേ അവസരം ലഭിച്ചതിന്റെ ആഹ്‌ളാദമായിരുന്നു.

എന്നാല്‍ അത് അധികം നീണ്ടില്ല. മത്സരം ആരംഭിച്ച് നാലാം ഓവറില്‍ തന്നെ മൈക്കല്‍ കാസ്പറോവിച്ചിന്റെ പന്തില്‍ റിക്കി പോണ്ടിങ്ങിന് ക്യാച്ച് നല്‍കി സച്ചിന്‍ മടങ്ങുമ്പോള്‍ ഒരു നാണയത്തുട്ട് നിലത്തുവീണാല്‍ വീണാല്‍ സ്‌റ്റേഡിയം മുഴുവന്‍ കേള്‍ക്കാന്‍ കഴിയുന്നത്ര നിശബ്ദ്ധതയിലായി അവിടം.

പിന്നീട് ആരാധകര്‍ക്ക് ആശ്വാസമെന്നോണം അര്‍ധമലയാളി അജയ് ജഡേജയുടെ സെഞ്ചുറിയും അസ്ഹര്‍ നായകന്റെ ഇന്നിങ്‌സും ചേര്‍ന്ന് ഇന്ത്യയെ 50 ഓവറില്‍ അഞ്ചു വിക്കറ്റിന് 309-ല്‍ എത്തിച്ചു. ടീം മികച്ച സ്‌കോര്‍ നേടിയിട്ടും സച്ചിന്റെ ബാറ്റിങ് കാണാനാകാത്ത നിരാശയിലായിരുന്നു ഇടവേളയ്ക്കു പിരിയുമ്പോള്‍ കാണികള്‍.

എന്നാല്‍ കൊച്ചിയിലെ കാണികള്‍ക്കായി സച്ചിന്‍ മാജിക് അണിയറയില്‍ ഒരുങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ടീം ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിലേക്ക് സധൈര്യം ബാറ്റ് വീശിയ കംഗാരുക്കള്‍ കൊച്ചിയില്‍നിന്നു വിജയം സഞ്ചിയിലാക്കി പോകുമെന്ന നിലയില്‍ അസ്ഹര്‍ പന്ത് സച്ചിനെ ഏല്‍പ്പിക്കുന്നു.

അപ്പോള്‍ 31 ഓവറില്‍ മൂന്നിന് 200 എന്ന ശക്തമായ നിലയിലായിരുന്നു ഓസ്‌ട്രേലിയ. ക്രീസില്‍ നില്‍ക്കുന്നത് മൈക്കല്‍ ബെവനും നായകന്‍ സ്റ്റീവ് വോയും. എറിഞ്ഞ മൂന്നാം പന്തില്‍ വോയെ സ്വന്തം ബൗളിങ്ങില്‍ പിടികൂടി സച്ചിന്‍ കളി തിരിച്ചു. പിന്നീട് ഒന്നിനു പിറകെ ഒന്നായി ബെവന്‍, ഡാരന്‍ ലേമാന്‍, ടോം മൂഡി, ഡാമിയന്‍ മാര്‍ട്ടിന്‍ എന്നിവരും സച്ചിന് ഇരയായി.

10 ഓവറില്‍ 32 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ്, എന്ന കരിയറിലെ തന്റെ ഏറ്റവും മികച്ച ബൗളിങ് ഫിഗറുമായി സച്ചിന്‍ കളത്തില്‍നിന്നു കയറുമ്പോള്‍ കൊച്ചിയില്‍ ഇന്ത്യക്ക് ജയം 41 റണ്‍സിന്റേത്. പിന്നീട് ഒരിക്കല്‍ക്കൂടി സച്ചിൻ തന്റെ മാസ്മരിക ബൗളിങ് കൊച്ചിക്കാര്‍ക്ക് മുന്നില്‍ പുറത്തെടുത്തിരുന്നു.

2005-ല്‍ ചിരവൈരികളായ പാകിസ്താനെതിരേയായിരുന്നത്. അന്നും ബാറ്റിങ്ങില്‍ കാര്യമായി തിളങ്ങാനാകാതെ സച്ചിന്‍ പുറത്തായപ്പോള്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും സെഞ്ചുറികളുടെ മികവില്‍ ഇന്ത്യ എട്ടിന് 281 റണ്‍സാണ് നേടിയത്. ഇതു പിന്തുടര്‍ന്ന പാകിസ്താന്‍ നായന്‍ ഇന്‍സമാം ഉള്‍ ഹഖിന്റെയും മുഹമ്മദ് ഹഫീസിന്റെയും മികവില്‍ തിരിച്ചടി നടത്തിയപ്പോള്‍ അന്നത്തെ നായകന്‍ സൗരവ് ഗാംഗുലിയും രക്ഷയ്ക്കായി സച്ചിനെ പന്തേല്‍പ്പിച്ചു.

ആദ്യം ഇന്‍സിയെയും പിന്നീട് അപകടകാരികളായ അബ്ദുള്‍ റസാഖ്, ഹഫീസ്, ഷാഹീദ് അഫ്രീദി എന്നിവരെയും വീഴ്ത്തിയ സച്ചിന്‍ മത്സരം ഇന്ത്യക്ക് അനുകൂലമാക്കി. 10 ഓവറില്‍ 50 റണ്‍സ് വഴങ്ങിയായിരുന്നു സച്ചിന്റെ അന്നത്തെ അഞ്ചു വിക്കറ്റ് നേട്ടം. കരിയറില്‍ ഈ രണ്ടു തവണമാത്രമാണ് സച്ചിന് അഞ്ചു വിക്കറ്റ് നേട്ടം ആഘോഷിക്കാനായത് എന്നത് ഓര്‍ക്കുമ്പോള്‍ കൊച്ചി എന്നും സച്ചിന്റെ മനസിലുണ്ടാകുമെന്നു തീര്‍ച്ചയാണ്.

നാലു തവണയാണ് സച്ചിന്‍ കൊച്ചിയില്‍ കളിക്കാനിറങ്ങിയത്. നാലു തവണയും ഇതിഹാസതാരത്തിന്റെ ബാറ്റിങ് ആസ്വദിക്കാന്‍ പക്ഷേ കൊച്ചിക്കാര്‍ക്കായില്ല. നാലു മത്സരങ്ങളില്‍ നിന്ന് 54 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. പക്ഷേ വെറും രണ്ടു മത്സരങ്ങള്‍ കൊണ്ടു തന്നെ ആ കരിയറിലെ മികച്ചൊരു നേട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ കൊച്ചിക്കായി. അതിന്റെ സ്മരണയെന്നോണം കൊച്ചിയില്‍ സച്ചിന്റെ പേരില്‍ ഒരു പവലിയനും കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥാപിച്ചു. അതും കൊച്ചിക്കൊരു നേട്ടമാണ്, കാരണം സ്വന്തം ജന്മനാടായ മുംബൈയിലെ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ സച്ചിന്റെ പേരില്‍ ഒരു പവലിയന്‍ വരുന്നതിനു മുമ്പേ ഇതിഹാസത്തെ ആദരിച്ചത് കൊച്ചിയാണ്. ആ പവലിയന്‍ ഉദ്ഘാടനം ചെയ്തതും സച്ചിനായിരുന്നു.

logo
The Fourth
www.thefourthnews.in