ഗില്‍, കോഹ്ലി, ശ്രേയസ്... 'ത്രീമെന്‍ ആര്‍മി' കരുത്തില്‍ ഇന്ത്യ; ലങ്കയ്ക്ക് ലക്ഷ്യം 358

ഗില്‍, കോഹ്ലി, ശ്രേയസ്... 'ത്രീമെന്‍ ആര്‍മി' കരുത്തില്‍ ഇന്ത്യ; ലങ്കയ്ക്ക് ലക്ഷ്യം 358

അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മുന്‍ നായകന്‍ വിരാട് കോഹ്ലി, മധ്യനിര താരം ശ്രേയസ് അയ്യര്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് തുണയായത്

ഏകദിന ക്രിക്കറ്റ് ക്രിക്കറ്റ് ലോകകപ്പില്‍ സെമിബെര്‍ത്ത് ഉറപ്പിക്കാന്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് ശ്രീലങ്കയ്‌ക്കെതിരേ കൂറ്റന്‍ സ്‌കോര്‍. മുംബൈ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സാണ് അടിച്ചുകൂട്ടിയത്. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മുന്‍ നായകന്‍ വിരാട് കോഹ്ലി, മധ്യനിര താരം ശ്രേയസ് അയ്യര്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് തുണയായത്.

92 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 92 റണ്‍സ് നേടിയ ഗില്ലാണ് ടോപ് സ്‌കോറര്‍. കോഹ്ലി 94 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളോടെ 88 റണ്‍സ് നേടിയപ്പോള്‍ 56 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ആറു സിക്‌സറുകളും സഹിതം 82 റണ്‍സായിരുന്നു ശ്രേയസിന്റെ സമ്പാദ്യം. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച രവീന്ദ്ര ജഡേജയും അവസരത്തിനൊത്തുയര്‍ന്നതോടെ ഇന്ത്യ അനായാസം 350 കടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ ലങ്കന്‍ നായകന്‍ കുശാല്‍ മെന്‍ഡിസ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ദില്‍ഷന്‍ മധുശങ്ക എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ ബൗണ്ടറി നേടിയാണ് നായകന്‍ രോഹിത് ശര്‍മ ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ രോഹിതിനെ ക്ലീന്‍ ബൗള്‍ഡാക്കി ദില്‍ഷന്‍ മധുശങ്ക ഗ്യാലറിയെ നിശബ്ദരാക്കി.

പിന്നീടാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിന്റെ പിറവി. 0.2 ഓവറില്‍ 4/1 എന്ന നിലയില്‍ ക്രീസില്‍ ഒന്നിച്ച കോഹ്ലിയും ഗില്ലും ചേര്‍ന്ന് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നു തകര്‍പ്പന്‍ സ്‌കോറിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 189 റണ്‍സാണ് അടിച്ചുകൂട്ടിയത്. സെഞ്ചുറിക്ക് എട്ട് റണ്‍സ് അകലെ ഗില്ലിനെ വീഴ്ത്തി മധുശങ്കയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അപ്പോഴേക്കും ഇന്ത്യ 30 ഓവറില്‍ 196 റണ്‍സില്‍ എത്തിയിരുന്നു.

തന്റെ തൊട്ടടുത്ത ഓവറില്‍ കോഹ്ലിയെയും മടക്കി മധുശങ്ക ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ റെക്കോഡിനൊപ്പം കോഹ്ലി എത്തുന്നത് കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശരാക്കി കോഹ്ലി ഷോര്‍ട്ട് കവറില്‍ പാത്തും നിസാങ്കയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു.

മൂന്നു റണ്‍സിന്റെ ഇടവേളയില്‍ രണ്ടു വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് പിന്നീട് ശ്രേയസിന്റെ കടന്നാക്രമണമാണ് തുണയായത്. കെ.എല്‍. രാഹുലി(21)നൊപ്പം 60 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി ശ്രേയസ് ടീമിനെ 250 കടത്തി. രാഹുല്‍ പുറത്തായ ശേഷമെത്തിയ സൂര്യകുമാര്‍ യാദവ്(12) ക്ഷണത്തില്‍ മടങ്ങിയെങ്കിലും ആറാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയെ കൂട്ടുനിര്‍ത്തി ശ്രേയസ് ടീമിനെ മികച്ച സ്‌കോറിലേക്ക് ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് 57 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ഒടുവില്‍ സെഞ്ചുറിക്ക് 12 റണ്‍സ് അകലെ ശ്രേയസിനെയും വീഴ്ത്തിയ മധുശങ്ക മത്സരത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്തു. ജഡേജ 24 പന്തില്‍ 35 റണ്‍സ് നേടി അവസാന പന്തില്‍ റണ്ണൗട്ടായി. ലങ്കയ്ക്കു വേണ്ടി മധുശങ്കയ്ക്കു പുറമേ ഒരു വിക്കറ്റ് വീഴ്ത്തിയ ദുഷ്മന്ത ചമീരയാണ് ബൗളിങ്ങില്‍ മികച്ചുനിന്നത്.

logo
The Fourth
www.thefourthnews.in