സച്ചിനെ മറികടന്ന് കോഹ്ലി; തകര്‍ത്തത് രണ്ട് പതിറ്റാണ്ട് നിലനിന്ന റെക്കോഡ്

സച്ചിനെ മറികടന്ന് കോഹ്ലി; തകര്‍ത്തത് രണ്ട് പതിറ്റാണ്ട് നിലനിന്ന റെക്കോഡ്

മുംബൈ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ സെമിഫൈനല്‍ മത്സരത്തിന്റെ 34-ാം ഓവറിലായിരുന്നു കോഹ്ലി ഈ നേട്ടം കുറിച്ചത്

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അപൂര്‍വ റെക്കോഡ് സ്വന്തമാക്കി വിരാട് കോഹ്ലി. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് ഇന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ സ്വന്തം പേരിലാക്കിയത്. 2003-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ കുറിച്ച 673 റണ്‍സ് എന്ന റെക്കോഡാണ് കോഹ്ലി മറികടന്നത്.

മുംബൈ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ സെമിഫൈനല്‍ മത്സരത്തിന്റെ 34-ാം ഓവറിലായിരുന്നു കോഹ്ലി ഈ നേട്ടം കുറിച്ചത്. ഗ്ലെന്‍ ഫിലിപ്‌സ് എറിഞ്ഞ മൂന്നാം പന്തില്‍ ബാക്ക്‌വേഡ് സ്‌ക്വയര്‍ ലെഗ്ഗിലേക്ക് തട്ടിയിട്ട് സിംഗിള്‍ നേടിയാണ് കോഹ്ലി അപൂര്‍വ നേട്ടത്തിലെത്തിയത്. 2003-ല്‍ സച്ചിന്‍ 11 മത്സരങ്ങളില്‍ നിന്നാണ് 673 റണ്‍സ് കുറിച്ചതെങ്കില്‍ കോഹ്ലി ഇക്കുറി 10 മത്സരങ്ങളില്‍ നിന്നാണ് അത് മറികടന്നത്.

ഈ ലോകകപ്പില്‍ കോഹ്ലി തകര്‍പ്പന്‍ ഫോമിലാണ്. ഇതുവരെ കളിച്ച 10 മത്സരങ്ങളില്‍ നിന്ന് ആറ് അര്‍ധസെഞ്ചുറികളും രണ്ടു സെഞ്ചുറികളും നേടിയ കോഹ്ലിയാണ് ലോകകപ്പിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനും. കോഹ്ലിയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ പിന്‍ബലത്തില്‍ ന്യൂസിലന്‍ഡിനെതിരേ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 35 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് എന്ന നിലയിലാണ്.

85 പന്തുകളില്‍ നിന്ന് 80 റണ്‍സുമായി കോഹ്ലിയും 31 പന്തുകളില്‍ നിന്ന് 38 റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍. 29 പന്തുകളില്‍ നിന്ന് നാലു വീതം സിക്‌സറും ഫോറും സഹിതം 47 റണ്‍സ് നേടി ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം സമ്മാനിച്ച നായകന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 65 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 79 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ പേശിവലിവിനെത്തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായത് തിരിച്ചടിയായെങ്കിലും കോഹ്ലിയും ശ്രേയസും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയാണ്.

logo
The Fourth
www.thefourthnews.in