ഒടുവില്‍ കോഹ്ലിക്ക് സെഞ്ചുറി; പക്ഷേ...

ഒടുവില്‍ കോഹ്ലിക്ക് സെഞ്ചുറി; പക്ഷേ...

61 പന്തിൽ ആറ് സിക്സും 12 ഫോറും അടക്കമാണ് കോഹ്ലി 122 നേടിയത്

രണ്ടര വര്‍ഷമായി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ആ മുഹൂര്‍ത്തം ഒടുവില്‍ സമാഗതമായി. നൂറക്കം മറന്നുപോയ മുന്‍ നായകന്‍ വിരാട് കോഹ്ലി ഇന്ന് അത് തികച്ചപ്പോള്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫലം അപ്രസ്‌കതമായ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യക്ക് മികച്ച സ്‌കോര്‍. കോഹ്ലിയുടെ സെഞ്ചുറി മികവില്‍ അഫ്ഗാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് നേടിയത്.

കോഹ്‌ലിക്ക് പുറമെ ഇന്നത്തെ കളിയിലെ നായകൻ കെഎൽ രാഹുൽ അർദ്ധ സെഞ്ചുറി നേടി. 2019 നവംബർ 23 ശേഷം കോഹ്ലി നേടുന്ന ആദ്യ അന്താരഷ്ട്ര സെഞ്ചുറിയാണിത്. ടി20 അന്താരഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ചുറിയാണ് വിരാട് കോഹ്ലി അഫ്‌ഗാനിസ്ഥാനെതിരെ നേടിയത്. ഇതോടെ അന്താരാഷ്ട്ര സെഞ്ചുറികളുടെ എണ്ണത്തിൽ റിക്കി പോണ്ടിങ്ങിന് ഒപ്പമെത്തി വിരാട് കോഹ്ലി. ഇരുവർക്കും 71 വീതം സെഞ്ചുറികളാണ് ഉള്ളത്.

കെ എൽ രാഹുലും വിരാട് കോഹ്‌ലിയും ചേർന്നാണ് ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. തുടക്കത്തിൽ മെല്ലെ കളിച്ച ഇരുവരും കാളി പുരോഗമിക്കുന്തോറും ഗിയർ മാറ്റി. കെ എൽ രാഹുൽ 41 പന്തിൽ നാല് ഫോറും രണ്ട് സിക്സും അടക്കം 62 റൺസെടുത്ത് ആദ്യം പുറത്തായി. പിന്നീട് വന്ന താരങ്ങൾക്ക് കാര്യമായി സ്കോർ ചെയ്യാൻ അനുവദിക്കാതെ കോഹ്ലി തന്നെ ടീമിനെ ചുമലിലേൽക്കുകയായിരുന്നു. പുറത്താകാതെ 61പന്തിൽ ആറ് സിക്സും 12 ഫോറും അടക്കമാണ് കോഹ്ലി 122 റൺസ് നേടിയത്. ഋഷഭ് പന്ത് 16 പന്തിൽ 20, സൂര്യകുമാർ യാദവ് രണ്ട് പന്തിൽ ആറ് എന്നിവരാണ് മറ്റ് സ്കോറർമാർ.

കഴിഞ്ഞ രണ്ട് തോൽവികളോടെ ഫൈനൽ യോഗ്യത നേടാനാവാത്ത ഇന്ത്യ മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. നായകന്‍ രോഹിത് ശര്‍മ, ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹാല്‍ എന്നിവർക്ക് പകരം ദിനേഷ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ദീപക് ചഹാര്‍ എന്നിവർ ടീമിൽ ഇടംപിടിച്ചു. അതേസമയം ഇന്നലെ പാകിസ്താനെതിരേ ഇറങ്ങിയ ടീമില്‍ നിന്നു മാറ്റമില്ലാതെയാണ് അഫ്ഗാന്‍ ഇന്നും മത്സരത്തിന് കച്ചമുറുക്കുന്നത്.

logo
The Fourth
www.thefourthnews.in