തകര്‍ത്തടിച്ച് ജാക്‌സും കോഹ്ലിയും; തകര്‍പ്പന്‍ ജയവുമായി 'ജീവന്‍ കാത്ത്' ആര്‍സിബി

തകര്‍ത്തടിച്ച് ജാക്‌സും കോഹ്ലിയും; തകര്‍പ്പന്‍ ജയവുമായി 'ജീവന്‍ കാത്ത്' ആര്‍സിബി

സെഞ്ചുറി നേടിയ ഇംഗ്ലീഷ് യുവതാരം വില്‍ ജാക്‌സിന്റെയും അര്‍ധസെഞ്ചുറി നേടിയ മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെയും തകര്‍പ്പന്‍ പ്രകടനമാണ് ആര്‍സിബിക്ക് തുണയായത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിര്‍ണായക മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമെന്ന നിലയില്‍ ഇന്ന് എവേ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിട്ട അവര്‍ ഒമ്പത് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് സ്വന്തമാക്കിയത്. ടൈറ്റന്‍സ് ഉയര്‍ത്തിയ 201 റണ്‍സ് എന്ന വിജയലക്ഷ്യം നാലോവര്‍ ബാക്കിനില്‍ക്കെ അവര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

സെഞ്ചുറി നേടിയ ഇംഗ്ലീഷ് യുവതാരം വില്‍ ജാക്‌സിന്റെയും അര്‍ധസെഞ്ചുറി നേടിയ മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെയും തകര്‍പ്പന്‍ പ്രകടനമാണ് ആര്‍സിബിക്ക് തുണയായത്. ജാക്‌സ് 41 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും 10 സിക്‌സറുകളും സഹിതം 100 റണ്‍സുമായും കോഹ്ലി 44 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 70 റണ്‍സുമായും പുറത്താകാതെ നിന്നു. പിരിയാത്ത രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 166 റണ്‍സാണ് അടിച്ചെടുത്തത്.

12 പന്തുകളില്‍ നിന്ന് ഒരു ഫോറും മൂന്നു സിക്‌സറുകളും സഹിതം 24 റണ്‍സ് നേടിയ നായകന്‍ ഫാഫ് ഡുപ്ലീസിസിന്റെ വിക്കറ്റാണ് അവര്‍ക്ക് നഷ്ടമായത്. യുവ സ്പിന്നര്‍ സായ് കിഷോറാണ് ഫാഫിനെ മടക്കിയത്. ഇന്നത്തെ ജയത്തോടെ പ്ലേ ഓഫ് സാധ്യത സജീവമാക്കാനും ആര്‍സിബിക്കായി. എന്നാല്‍ 10 മത്സരങ്ങളില്‍ നിന്ന് മൂന്നു ജയം മാത്രമുള്ള അവര്‍ ഇപ്പോഴും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ശേഷിക്കുന്ന നാലു മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ അവര്‍ക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനാകൂ.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് നേടിയത്. തകര്‍പ്പന്‍ അര്‍ധസെഞ്ചുറികള്‍ നേടിയ മധ്യനിര താരങ്ങളായ സായ് സുദര്‍ശന്റെയും ഷാരൂഖ് ഖാന്റെയും മികച്ച ബാറ്റിങ്ങാണ് ടൈറ്റന്‍സിന് തുണയായത്. ഷാരൂഖ് 30 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും അഞ്ച് സിക്‌സറുകളും സഹിതം 58 റണ്‍സ് നേടി പുറത്തായപ്പോള്‍ 49 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും നാല് സിക്‌സറുകളും സഹിതം 84 റണ്‍സ് നേടി സായ് പുറത്താകാതെ നിന്നു.

19 പന്തുകളില്‍ നിന്ന് രണ്ട് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 26 റണ്‍സ് നേടിയ ഡേവിഡ് മില്ലറും 16 റണ്‍സ് നേടിയ നായകന്‍ ശുഭ്മാന്‍ ഗില്ലുമാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ ഇന്നും നിരാശപ്പെടുത്തി. റോയല്‍ ചലഞ്ചേഴ്‌സിനു വേണ്ടി സ്വപ്നില്‍ സിങ്, മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

logo
The Fourth
www.thefourthnews.in