ഓവലില്‍ ആവേശപ്പോരാട്ടം; ഇന്ത്യക്ക് വേണ്ടത് 280 റണ്‍സ്, ഓസീസിന് ഏഴു വിക്കറ്റ്

ഓവലില്‍ ആവേശപ്പോരാട്ടം; ഇന്ത്യക്ക് വേണ്ടത് 280 റണ്‍സ്, ഓസീസിന് ഏഴു വിക്കറ്റ്

60 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 44 റണ്‍സുമായി വിരാട് കോഹ്ലിയും 59 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 20 റണ്‍സുമായി അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. ഇംഗ്ലണ്ടിലെ കെന്നിങ്ടണ്‍ ഓവലില്‍ നടക്കുന്ന ഫൈനല്‍ നാലു ദിനം പൂര്‍ത്തിയാകുമ്പോള്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 444 റണ്‍സ് എന്ന പടുകൂറ്റന്‍ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യ മൂന്നിന് 164 എന്ന നിലയിലണ്.

അവസാന ദിനമായ നാളെ കിരീടത്തിലേക്ക് ഇന്ത്യയുടെ ദൂരം 280 റണ്‍സാണ്. ഓസ്‌ട്രേലിയയ്ക്കു വേണ്ടത് ശേഷിക്കുന്ന ഏഴ് ഇന്ത്യന്‍ വിക്കറ്റുകളും. 60 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 44 റണ്‍സുമായി വിരാട് കോഹ്ലിയും 59 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 20 റണ്‍സുമായി അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍.

60 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 43 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മ, 19 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറികളോടെ 18 റണ്‍സ് നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, 47 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 27 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാര എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് രോഹിതും ഗില്ലും ചേര്‍ന്ന് സമ്മാനിച്ചത്. എന്നാല്‍ ടീം സ്‌കോര്‍ 41-ല്‍ നില്‍ക്കെ വിവാദ ക്യാച്ചില്‍ ഗില്‍ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ ഗില്ലിനെ മൂന്നാം സ്ലിപ്പില്‍ കാമറൂണ്‍ ഗ്രീന്‍ പിടികൂടുകയായിരുന്നു. എന്നാല്‍ ക്യാച്ച് പൂര്‍ത്തിയാക്കുന്നതിനിടെ പന്ത് ഗ്രൗണ്ടില്‍ കുത്തിയിരുന്നു എന്ന സംശയത്തില്‍ അമ്പയര്‍ തീരുമാനം മൂന്നാം അമ്പയര്‍ക്കു വിട്ടു.

റീപ്ലേകള്‍ പരിശോധിച്ച മൂന്നാം അമ്പയര്‍ പക്ഷേ അത് ഔട്ട് എന്നു തന്നെ വിധിക്കുകയായിരുന്നു. അവിശ്വസനീയതയോടെയാണ് ഗില്‍ ക്രീസ് വിട്ടത്. പിന്നീട് ടെലിവിഷന്‍ റീപ്ലേകളില്‍ ഈ ദൃശ്യം സൂം ചെയ്ത കാട്ടിയപ്പോള്‍ പന്ത് നിലത്ത് തട്ടിയിരുന്നതായി വെളിപ്പെടുകയും ചെയ്തു.

ഗില്‍ പുറത്തായ ശേഷമെത്തില പൂജാരയുമായി ചേര്‍ന്ന് രോഹിത് മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയതാണ്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ വര്‍ധിച്ചു. എന്നാല്‍ ഒരോവറിന്റെ ഇടവേളയില്‍ രണ്ടുപേരെയും നഷ്ടമായത് ഇന്ത്യക്ക് കനത്ത പ്രഹരമായി. രോഹിതിനെ സ്പിന്നര്‍ നഥാന്‍ ലിയോണ്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയപ്പോള്‍ പൂജാര പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റിനു പിന്നില്‍ ക്യാച്ച് നല്‍കുകയായിരുന്നു.

തുടര്‍ന്നാണ് കോഹ്ലി-രഹാനെ സഖ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ഇതുവരെ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നാളെ ആദ്യ സെഷന്‍ ഈ സഖ്യത്തിന് അതിജീവിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യക്ക് കിരീടപ്രതീക്ഷയുണ്ട്.

നേരത്തെ നാലിന് 123 എന്ന നിലയില്‍ രാവിലെ തങ്ങളുടെ രണ്ടാമിന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ഓസീസ് നാലാം ദിനമായ ഇന്ന് ലഞ്ചിനു പിന്നാലെ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ന് കളി പുനരാരംഭിച്ച് സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഓസീസ് മധ്യനിര താരം മാര്‍നസ് ലബുഷെയ്‌നെ പുറത്താക്കി ഇന്ത്യ പ്രതീക്ഷ നല്‍കിയെങ്കിലും അത് നിലനിര്‍ത്താനായില്ല. ഉമേഷ് യാദവാണ് വിക്കറ്റ് സ്വന്തമാക്കിയത്.

എന്നാല്‍ പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന കാമറൂണ്‍ ഗ്രീനും അലക്‌സ് ക്യാരിയും ചേര്‍ന്ന് ഇന്ത്യക്ക് വീണ്ടും തലവേദന നല്‍കി. ഇരുവരു ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 43 റണ്‍സ് ടീം സ്‌കോര്‍ 167-ല്‍ എത്തിച്ചു. ഇതിനിടെ ഗ്രീനിനെ വീഴ്ത്തി ജഡേജ ഇന്ത്യയെ തിരിച്ചെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കിനെ കൂട്ടുപിടിച്ച് ക്യാരി നടത്തിയ കടന്നാക്രമണം സകല പ്രതീക്ഷകളും തെറ്റിച്ചു.

ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇവര്‍ ക്ഷണവേഗത്തില്‍ 93 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഏകദിന ശൈലിയിലായിരുന്നു ഇരുവരുടെയും ബാറ്റിങ്. ക്യാരി 105 പന്തുകള്‍ നേരിട്ട് എട്ടു ബൗണ്ടറികളോടെ 66 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സ്റ്റാര്‍ക്ക് 57 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും സഹിതം 41 റണ്‍സ് നേടി. ഇന്ത്യക്കു വേണ്ടി സ്പിന്നര്‍ രവീന്ദ്ര ജഡേജയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. 23 ഓവറുകള്‍ എറിഞ്ഞ ജഡേജ മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടു വിക്കറ്റുകളുമായി മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ മികച്ച പിന്തുണ നല്‍കി. മുഹമ്മദ് സിറാജിനാണ് ശേഷിച്ച ഒരു വിക്കറ്റ്.

logo
The Fourth
www.thefourthnews.in