വിരാട് കോഹ്‌ലി
വിരാട് കോഹ്‌ലിGoogle

ടി 20 റാങ്കിങ് ആദ്യ പത്തിൽ തിരിച്ചെത്തി കോഹ്‌ലി

ബാറ്റിങ്ങിൽ മുഹമ്മദ് റിസ്‌വാൻ 849 റേറ്റിങ് പോയിന്റോടെ ഒന്നാം സ്ഥാനം നിലനിർത്തി

ടി-20 ലോകകപ്പിലെ ആദ്യമത്സരത്തിൽ പാകിസ്താനെതിരായ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ബാറ്റ്സ്മാൻമാാരുടെ റാങ്കിങ്ങിൽ നിലമെച്ചപ്പെടുത്തി വിരാട് കോഹ്ലി. ഇടവേളയ്ക്ക് ശേഷം കോഹ്ലി ആദ്യ പത്തിൽ തിരിച്ചെത്തി. ബുധനാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ ഐസിസി ടി20 റാങ്കിങിൽ കോഹ്ലിക്ക് പുറമെ ഭവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ എന്നിവരും നിലമെച്ചപ്പെടുത്തി.

ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ അഞ്ച് സ്ഥാനങ്ങൾ ഉയർന്ന് ഒമ്പതാം സ്ഥാനത്താണ് കോഹ്‌ലിയിപ്പോൾ. അതേസമയം ബൗളർമാരുടെ റാങ്കിങിൽ ഭുവനേശ്വർ കുമാർ രണ്ട് സ്ഥാനങ്ങൾ ഉയർന്ന് പത്താം സ്ഥാനത്തും ഹാർദിക് പാണ്ഡ്യ ഓൾറൗണ്ടർമാരുടെ പട്ടികയിൽ മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് മൂന്നാം സ്ഥാനത്തും എത്തി.

ഞായറാഴ്ച മെൽബണിൽ ഇന്ത്യയുടെ T20 ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ പാകിസ്താനെതിരായ മിന്നുന്ന പ്രകടനമാണ് കോഹ്ലിക്ക് തുണയായത്. ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച കോഹ്‌ലി പുറത്താകാതെ 53 പന്തിൽ 82 റൺസ് നേടിയിരുന്നു. 2021ലാണ് ട്വന്റി 20 റാങ്കിങ്ങിൽ ആദ്യ പത്തിൽ നിന്ന് കോഹ്‌ലി പുറത്തായത്. ഈ വർഷം ഫെബ്രുവരിയിൽ ആദ്യ പത്തിലേക്ക് തിരിച്ചെത്തിയെങ്കിലും ആഗസ്റ്റ് 2022ൽ കോഹ്‌ലി യുടെ റാങ്കിങ് 35ലേക്ക് വീണിരുന്നു. ഏഷ്യാകപ്പിന് മുമ്പ് നാല് മത്സരങ്ങളിൽ നിന്നായി 82 റൺസാണ് കോഹ്‌ലി നേടിയിരുന്നത്. ഏഷ്യാക്കപ്പിലെ പ്രകടനത്തോടെ 20 സ്ഥാനം മുന്നോട്ട് പോയി.

ബൗളർമാരിൽ അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ ഓസ്‌ട്രേലിയൻ സീമർ ജോഷ് ഹേസിൽവുഡിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ ഓൾറൗണ്ടർ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അഫ്ഗാൻ ടീം നായകൻ മുഹമ്മദ് നബിയാണ് രണ്ടാമത്. പാക്കിസ്താനെതിരെ മൂന്ന് വിക്കറ്റ് നേടിയത് റാങ്കിങ് മെച്ചപ്പെടുത്താൻ ഹർദിക് പാണ്ഡ്യയെ സഹായിച്ചു

logo
The Fourth
www.thefourthnews.in