IPL 2024|തോല്‍വി തന്നെ! മുംബൈ ഇന്ത്യന്‍സ് ഏറെക്കുറേ പുറത്ത്

IPL 2024|തോല്‍വി തന്നെ! മുംബൈ ഇന്ത്യന്‍സ് ഏറെക്കുറേ പുറത്ത്

വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 169 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 18.5 ഓവറില്‍ 145 റണ്‍സിന് പുറത്തായി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അഞ്ച് തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിന്റെ ശനിദശ തുടരുന്നു. ഇന്നു നടന്ന മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 24 റണ്‍സിന് തോറ്റ അവര്‍ പ്ലേ ഓഫ് കാണാതെ പുറത്താകുമെന്ന് ഏറെക്കുറേ ഉറപ്പായി. മുംബൈ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 169 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 18.5 ഓവറില്‍ 145 റണ്‍സിന് പുറത്തായി.

മുംബൈ നിരയില്‍ 35 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 56 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിനു മാത്രമാണ് പൊരുതാനായത്. 20 പന്തില്‍ 24 റണ്‍സ് നേടിയ ടിം ഡേവിഡാണ് മറ്റൊരു പ്രധാന സ്‌കോറര്‍. ഓപ്പണര്‍ ഇഷാന്‍ കിഷന്‍(13), മുന്‍ നായകന്‍ രോഹിത് ശര്‍മ(11), മധ്യനിര താരങ്ങളായ നമന്‍ ധിര്‍(11), തിലക് വര്‍മ(4), നെഹാല്‍ വധേര(6), നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ(1) എന്നിവര്‍ നിരാശപ്പെടുത്തി.

3.5 ഓവറില്‍ 33 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് മുംബൈയെ തകര്‍ത്തത്. സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, ഓള്‍റൗണ്ടര്‍ ആന്ദ്രെ റസല്‍ എന്നിവര്‍ ഈരണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി സ്റ്റാര്‍ക്കിന് മികച്ച പിന്തുണ നല്‍കി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 19.5 ഓവറില്‍ 169 റണ്‍സിന് പുറത്താവുകയായിരുന്നു. അർധ സെഞ്ചുറി നേടിയ വെങ്കിടേഷ് അയ്യരാണ് (70) കൊല്‍ക്കത്തയുടെ ടോപ് സ്കോറർ. മുംബൈക്കായി നുവാന്‍ തുഷാരയും ജസ്പ്രിത് ബുംറയും മൂന്ന് വിക്കറ്റ് വീതം നേടി.

ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റില്‍ മുംബൈ ബൗളർമാരുടെ വേരിയേഷനുകള്‍ മനസിലാക്കുന്നതില്‍ പരാജയപ്പെട്ടതായിരുന്നു കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായത്. തന്റെ രണ്ട് ഓവറുകള്‍ക്കുള്ളില്‍ തന്നെ ഫില്‍ സാള്‍ട്ട് (5), അംഗ്ക്രിഷ് രഘുവംശി (13), ശ്രേയസ് അയ്യർ (6) എന്നിവരെ നുവാന്‍ തുഷാര മടക്കി. അപകടകാരിയായ സുനില്‍ നരെയ്‌നെ (8) ബൗള്‍ഡാക്കി ഹാർദിക്ക് പാണ്ഡ്യയാണ് നാലാം വിക്കറ്റ് മുംബൈക്ക് സമ്മാനിച്ചത്. പവർപ്ലെ അവസാനിക്കുമ്പോള്‍ കൊല്‍ക്കത്ത 57-4 എന്ന സ്കോറിലായിരുന്നു.

പവർപ്ലേയ്ക്ക് തൊട്ടുപിന്നാലെ റിങ്കു സിങ്ങിനെ സ്വന്തം ബൗളിങ്ങില്‍ കൈപ്പിടിയിലൊതുക്കി പിയൂഷ് ചൗള. ഇതോടെ ഏഴാം ഓവറില്‍ ഇംപാക്ട് പ്ലെയർ ആനുകൂല്യം കൊല്‍ക്കത്തയ്ക്ക് ഉപയോഗിക്കേണ്ടി വന്നു. പരിചയസമ്പന്നനായ മനീഷ് പാണ്ഡയ്ക്കായിരുന്നു ഇന്നിങ്സ് കരകയറ്റാനുള്ള ഉത്തരവാദിത്തം. പിന്നീട് വെങ്കിടേഷ് അയ്യരും മനീഷും ചേർന്ന് കൊല്‍ക്കത്തയുടെ സ്കോർബോർഡ് ചലിപ്പിക്കുകയായിരുന്നു. 12-ാം ഓവറില്‍ സ്കോർ 100 കടന്നു. ആറാം വിക്കറ്റില്‍ സഖ്യം 83 റണ്‍സ് ചേർത്തു. 42 റണ്‍സെടുത്ത മനീഷിനെ മടക്കി ഹാർദിക്കാണ് കൂട്ടുകെട്ട് പൊളിച്ചത്.

ആന്ദ്രെ റസലിന്റെ (7) റണ്ണൗട്ടും രമണ്‍ദീപിനേയും (2) മിച്ചല്‍ സ്റ്റാർക്കിനേയും ഒരോവറില്‍ ബുംറ മടക്കിയതും കൂറ്റന്‍ സ്കോറെന്ന കൊല്‍ക്കത്തയുടെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി. അവസാന ഓവറുകളില്‍ വെങ്കിടേഷ് നടത്തിയ ചെറുത്തു നില്‍പ്പാണ് കൊല്‍ക്കത്തയെ ഭേദപ്പെട്ട സ്കോറിലേക്ക എത്തിച്ചത്. 52 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 70 റണ്‍സെടുത്താണ് വെങ്കിടേഷ് അവസാന ഓവറില്‍ മടങ്ങിയത്.

logo
The Fourth
www.thefourthnews.in