രഞ്ജി ട്രോഫി ക്രിക്കറ്റ്; കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

രഞ്ജി ട്രോഫി ക്രിക്കറ്റ്; കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

ഗ്രൂപ്പിലെ ഏഴു മത്സരങ്ങളും പൂര്‍ത്തിയാക്കിയപ്പോള്‍ കേരളത്തിന് മൂന്നു ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമടക്കം 21 പോയിന്റാണുള്ളത്.

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ കേരളത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. എലൈറ്റ് ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ പുതുച്ചേരിയോട് ഒന്നാമിന്നിങ്‌സ് ലീഡും സമനിലയും വഴങ്ങിയ കേരളം ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

85 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ പുതുച്ചേരി നാലാം ദിനമായ ഇന്ന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സ് നേടി നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ ഇരു നായകന്മാരും തീരുമാനിക്കുകയായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം 371 റണ്‍സാണ് പുതിച്ചേരി അടിച്ചെടുത്തത്. തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച കേരളത്തിന് ഒന്നാമിന്നിങ്‌സില്‍ 286 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. 164 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 70 റണ്‍സ് നേടിയ അക്ഷയ് ചന്ദ്രനായിരുന്നു ടോപ് സ്‌കോറര്‍.

തുടര്‍ന്ന് രണ്ടാമിന്നിങ്‌സിനിറങ്ങിയ പുതുച്ചേരിക്ക് ഓപ്പണര്‍ ജെ.എസ്. പാണ്ഡെയുടെ സെഞ്ചുറിയും മധ്യനിര താരങ്ങളായ കൃഷ്ണ, പി.കെ. ഡോഗ്ര എന്നിവരുടെ അര്‍ധസെഞ്ചുറികളുമാണ് തുണയായത്. പാണ്ഡെ 212 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളുമായി 102 റണ്‍സോടെ പുറത്താകാതെ നിന്നു. കൃഷ്ണ 83 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഏഴു സിക്‌സറുകളും സഹിതം 94 റണ്‍സ് നേടിയപ്പോള്‍ ഡോഗ്ര 55 റണ്‍സ് നേടി.

സമനിലയോടെ പുതുച്ചേരിക്കു മൂന്നു പോയിന്റും കേരളത്തിന് ഒരു പോയിന്റും ലഭിച്ചു. ഗ്രൂപ്പിലെ ഏഴു മത്സരങ്ങളും പൂര്‍ത്തിയാക്കിയപ്പോള്‍ കേരളത്തിന് മൂന്നു ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമടക്കം 21 പോയിന്റാണുള്ളത്. 35 പോയിന്റുമായി കര്‍ണാടകയും 23 പോയിന്റുമായി ജാര്‍ഖണ്ഡും ആദ്യ രണ്ടു സ്ഥാനം നേടി ക്വാര്‍ട്ടറില്‍ കടന്നു.

logo
The Fourth
www.thefourthnews.in