രാഹുല്‍ ഇനി ഗ്ലൗസ് അണിയില്ല; ആരാകും വിക്കറ്റിനു പിന്നില്‍?

രാഹുല്‍ ഇനി ഗ്ലൗസ് അണിയില്ല; ആരാകും വിക്കറ്റിനു പിന്നില്‍?

സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യന്‍ വിക്കറ്റുകളില്‍ പന്തിന് മികച്ച ടേണ്‍ ലഭിക്കുമെന്നതിനാല്‍ സ്‌പെഷലിസ്റ്റ് കീപ്പര്‍ വേണമെന്നാണ് ദ്രാവിഡ് പറയുന്നത്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് 25-ന് ഹൈദരാബാദില്‍ തുടക്കമാകുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള അവസരമായാണ് ടീം ഇന്ത്യ ഈ പരമ്പരയെ കാണുന്നത്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ നിന്ന് മുന്‍ നായകന്‍ വിരാട് കോഹ്ലി പിന്മാറിയത് തിരിച്ചടിയാണ്. കോഹ്ലിയുടെ അഭാവത്തില്‍ നായകന്‍ രോഹിത് ശര്‍മ, മുന്‍ ഉപനായകന്‍ കെഎല്‍ രാഹുല്‍ യുവതാരം ശുഭ്മാന്‍ ഗില്‍ മധ്യനിര താരം ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് ഉത്തരവാദിത്തം ഏറും.

ഈ പശ്ചാത്തലത്തില്‍ രാഹുലിന്റെ അമിതഭാരം കുറയ്ക്കാനുള്ള നീക്കമാണ് ബിസിസിഐ നടത്തുന്നത്. സമീപകാലത്ത് നടന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ ടീമിന്റെ വിക്കറ്റ്കീപ്പര്‍ റോള്‍ കൂടി കൈകാര്യം ചെയ്തത് രാഹുലായിരുന്നു. എന്നാല്‍ ഇനി മുതല്‍ രാഹുലിനെ വിക്കറ്റിനു പിന്നില്‍ ഉപയോഗിക്കില്ലെന്നാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കുന്നത്. സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യന്‍ വിക്കറ്റുകളില്‍ പന്തിന് മികച്ച ടേണ്‍ ലഭിക്കുമെന്നതിനാല്‍ സ്‌പെഷലിസ്റ്റ് കീപ്പര്‍ വേണമെന്നാണ് ദ്രാവിഡ് പറയുന്നത്.

കാരണമായി പിച്ചിനെ ഉയര്‍ത്തിക്കാട്ടുമ്പോഴും രാഹുലിന്റെ അമിതഭാരം ഒഴിവാക്കുകയെന്നത് തന്നെയാണ് ലക്ഷ്യമെന്ന് വ്യക്തമാണ്. കാറപകടത്തില്‍ പരുക്കേറ്റ് ഋഷഭ് പന്ത് ടീമിനു പുറത്തായതോടെയാണ് കീപ്പര്‍ റോള്‍ രാഹുലിന്റെ ചുമലിലായത്. ടെസ്റ്റ് ക്രിക്കറ്റില്‍ രാഹുലിനെ കീപ്പര്‍ ആക്കേണ്ടതില്ലെന്ന് ബിസിസിഐ നേരത്തെ തന്നെ തീരുമാനിച്ചിട്ടുള്ളതാണ്. പന്തിന്റെ അഭാവത്തില്‍ ചുമതല പക്ഷേ രാഹുലില്‍ വന്നുചേരുകയായിരുന്നു.

ഇനി രാഹുലിനെ അധികചുമതല ഏല്‍പിക്കേണ്ടെന്ന തീരുമാനം മുന്‍നിര്‍ത്തിയാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായ കെഎസ് ഭരത്, ധ്രൂവ് ജൂറല്‍ എന്നിവരെ ഉള്‍പ്പെടുത്തിയത്. അഞ്ച് ടെസ്റ്റുകളില്‍ ഇന്ത്യക്കായി ഗ്ലൗസണിഞ്ഞ താരമാണ് ഭരത്. അതേസമയം ജൂറല്‍ നടാടെയാണ് ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുന്നത്. ഇവരില്‍ ആരാകും ഇംഗ്ലണ്ടിനെതിരേ ആദ്യ ഇലവനില്‍ ഉണ്ടാകുക?

ഋഷഭ് പന്തിന്റെ ബായ്ക്ക്അപ്പായി ടീമിലെത്തിയ താരമാണ് ഭരത്. ഇന്ത്യന്‍ മണ്ണില്‍ വിക്കറ്റ് കീപ്പറായി മികച്ച പരിചയസമ്പത്തുള്ള താരമാണ് ഭരത്. കരിയറില്‍ ഇതുവരെ കളിച്ച 91 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 82 ഉം ഇന്ത്യയിലാണ്. ഇതില്‍ നിന്ന് 287 ക്യാച്ചുകളും 33 സ്റ്റംപിങ്ങും സ്വന്തം പേരിലാക്കിയിട്ടുണ്ട്. ആദ്യ ഇലവന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഈ കണക്കുകള്‍ തീര്‍ച്ചയായും ഭരതിനെ സഹായിക്കുമെന്നു തീര്‍ച്ചയാണ്.

ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യന്‍ മണ്ണില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഭരതായിരുന്നു ഇന്ത്യക്കു വേണ്ടി വിക്കറ്റിനു പിന്നില്‍ നിന്നത്. ഇതിനു പുറമേ ഇംഗ്ലണ്ടില്‍ നടന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനിലിലും ഇന്ത്യ ഭരതിലായിരുന്നു വിശ്വാസം അര്‍പ്പിച്ചത്.

മറുവശത്ത് പരിചയസമ്പത്ത് ജൂറലിന് തിരിച്ചടിയാകുമ്പോള്‍ ബാറ്റിങ് മികവ് തുണയാകും. ഇരുപത്തിരണ്ടുകാരനായ ജൂറല്‍ ഇതുവരെ 15 ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. എന്നാല്‍ ഭരതിനെ അപേക്ഷിച്ച് മികച്ച ബാറ്റിങ് ടെക്‌നിക്കുകള്‍ ഉ്ള്ളത് ജൂറലിന് പ്ലസ് പോയിന്റാണ്. കോഹ്ലിയുടെ അഭാവത്തില്‍ ആഴത്തിലുള്ള ബാറ്റിങ് നിരയുമായി ഇറങ്ങാന്‍ ടീം ഇന്ത്യല്‍ തീരുമാനിച്ചാല്‍ തീര്‍ച്ചയായും ഭരതിനു പകരം ജൂറല്‍ ഇടംപിടിക്കും. അന്തിമ തീരുമാനം എന്തുവന്നാലും നാളെ വൈകിട്ടേ കൈക്കൊള്ളൂ.

logo
The Fourth
www.thefourthnews.in