ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം മൈക് പ്രോക്ടര്‍ അന്തരിച്ചു

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം മൈക് പ്രോക്ടര്‍ അന്തരിച്ചു

ഹൃദയസംബന്ധമായ രോഗങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹം ശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ ഇതിഹാസ ഓള്‍റൗണ്ടറും ഐസിസി മാച്ച് റഫറിയുമായിരുന്ന മൈക് പ്രോക്ടര്‍ അന്തരിച്ചു. 77 വയസായിരുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹം ശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ഇന്നലെ നെഞ്ചുവേദനയുണ്ടായതിനേത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ മരീന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വളരെക്കുറഞ്ഞ ടെസ്റ്റുകളില്‍ മാത്രമാണ് പ്രോക്ടര്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കളിച്ചിട്ടുള്ളതെങ്കിലും അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറായാണ് അറിയപ്പെടുന്നത്. ഏഴു ടെസ്റ്റുകളില്‍ മാത്രമാണ് അദ്ദേഹം ദേശീയ ടീമിനെ പ്രതിനിധീകരിച്ചത്. ഏഴും ഓസ്‌ട്രേലിയയ്‌ക്കെതിരായായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ 15.02 ശരാശരിയില്‍ 41 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. 73 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. 226 റണ്‍സും സ്വന്തം പേരിലുണ്ട്. 48 ആണ് ഉയര്‍ന്ന സ്‌കോര്‍.

കളിച്ച ഏഴു മത്സരങ്ങളില്‍ ആറിലും ടീമിനെ ജയത്തിലെത്തിക്കാനും കഴിഞ്ഞു. വര്‍ണവിവേചനത്തെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയെ ദീര്‍ഘകാലം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഐസിസി വിലക്കിയതോടെയാണ് പ്രോക്ടറുടെ കരിയര്‍ അകാലത്തില്‍ അവസാനിച്ചത്.

പിന്നീട് 1992-ല്‍ വിലക്ക് നീങ്ങി ദക്ഷിണാഫ്രിക്ക രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയപ്പോള്‍ ടീമിന്റെ മുഖ്യ പരിശീലകന്റെ വേഷത്തിലായിരുന്നു പ്രോക്ടര്‍. അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ് ദക്ഷിണാഫ്രിക്ക 1992 ക്രിക്കറ്റ് ലോകകപ്പ് കളിച്ചത്. അന്ന് ടീമിനെ സെമിഫൈനലില്‍ എത്തിക്കാന്‍ പ്രോക്ടറിന്റെ ശിക്ഷണത്തിന് കഴിഞ്ഞു. പിന്നീട് പരിശീലക കുപ്പായം അഴിച്ചുവച്ച പ്രോക്ടര്‍ 2002 മുതല്‍ 2008 വരെ ഐസിസി മാച്ച് റഫറിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in