അമ്മമാരുടെ സ്വന്തം സച്ചിൻ

അമ്മമാരുടെ സ്വന്തം സച്ചിൻ

സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിച്ചതുകൊണ്ടു മാത്രമല്ല സച്ചിൻ എല്ലാ അമ്മമാർക്കും 'സ്വന്തം സച്ചിൻ' ആയത്. മക്കളുടെ മുന്നിൽ അമ്മമാർക്കു ചൂണ്ടിക്കാട്ടാവുന്ന മാതൃകാ പുത്രനായതുകൊണ്ടാണ്

" ഈ രാജ്യത്തെ സർവ അമ്മമാർക്കുമായി ഞാൻ ഈ പുരസ്കാരം സമ്മാനിക്കുന്നു". ഭാരതരത്ന പുരസ്കാരം  സച്ചിൻ തെണ്ടുൽക്കർക്കു നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച വിവരമറിഞ്ഞപ്പോൾ അദ്ദേഹം പ്രതികരിച്ചു. ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന് ഭാരതരത്ന സമ്മാനിക്കണമെന്നായിരുന്നു കേന്ദ്ര കായിക മന്ത്രാലയത്തിൻ്റെ ശുപാർശ. ഇതു തള്ളിയാണ് പ്രധാനമന്ത്രിയുടെ ഓഫിസ് സച്ചിനെ തിരഞ്ഞെടുന്നത്. ഈ തീരുമാനത്തിൽ ഒട്ടേറെ ഒളിംപ്യൻമാരും ഇതിഹാസ താരങ്ങളും നിരാശ പ്രകടിപ്പിച്ചെങ്കിലും ഇന്ത്യയിലെ അമ്മമാർ സന്തോഷിച്ചിരിക്കും.

ക്രിക്കറ്റ് പ്രേമികൾക്ക് ബാറ്റിങ്ങ് മികവിൻ്റെ വസന്തമൊരുക്കി, സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിച്ചതുകൊണ്ടു മാത്രമല്ല സച്ചിൻ എല്ലാ അമ്മമാർക്കും 'സ്വന്തം സച്ചിൻ' ആയത്. മക്കളുടെ മുന്നിൽ അമ്മമാർക്കു ചൂണ്ടിക്കാട്ടാവുന്ന മാതൃകാ പുത്രനായതുകൊണ്ടാണ് . എൽ.ഐ.സി. ഉദ്യോഗസ്ഥയായ അമ്മ രജനിയുടെ സ്വാധീനം സച്ചിൻ്റെ ജീവിതത്തിൽ കാര്യമായി പ്രകടമായിട്ടില്ല.

മൂന്നു വയസ്സുള്ളപ്പോൾ, ക്രിക്കറ്റ് കളി എവിടെയോ കണ്ട് ,ഒരു പ്ളാസ്റ്റിക് പന്ത് എറിഞ്ഞു കൊടുക്കുവാൻ മുത്തശ്ശി ലക്ഷ്മിബായ് ഘിജോയോട് സച്ചിൻ പറയുമായിരുന്നു. വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ച്‌, മുത്തശ്ശി എറിയുന്ന പന്ത് സച്ചിൻ അടിച്ചകറ്റി. മുത്തശ്ശിയായിരിക്കണം സച്ചിനെ ഏറെ സ്വാധീനിച്ചത്. പെട്ടിയിൽ വടികൊണ്ട് അടിച്ചു ശബ്ദ മുണ്ടാക്കുകയായിരുന്നു സച്ചിൻ്റെ ബാല്യകാല വിനോദം. അച്ഛനും അമ്മയും ജോലിക്കു പോകുമ്പോൾ മുത്തശ്ശിയായിരുന്നു കൂട്ട് .എപ്പോഴും ഉച്ചത്തിൽ സംസാരിച്ചതും മുത്തശ്ശിക്കു കേൾക്കാൻ വേണ്ടിയായിരിക്കണം.

ക്രിക്കറ്റ് പരീശീലനവേളയിൽ  ഉച്ചത്തിലുള്ള സംസാരം നിയന്ത്രിക്കാൻ കോച്ച് സച്ചിനെ തേർഡ്മാനിൽ ഫീൽഡറാക്കി. ടെന്നിസിലെ വികൃതി പയ്യൻ ജോൺ മക്കെൻറോയായിരുന്നു ബാല്യത്തിൽ ആരാധനാമൂർത്തി. രാമകാന്ത് അച് രേക്കറുടെ ശിക്ഷണമാണ് സച്ചിനെ മാറ്റിയത്. ആ മാറ്റത്തിൽ പക്ഷേ, അമ്മയുടെ സ്വാധീനം കാണണം. മഹാവികൃതിയായിരുന്ന  ബ്യോൺ ബോർഗിനെ ടെന്നിസിലെ ശീതമനുഷ്യനാക്കിയത് അമ്മയാണല്ലോ. അതുപോലൊരു മാറ്റം.

നന്നേ ചെറുപ്പത്തിൽ ലോകം കീഴടക്കിയിട്ടും ആരാധക ലക്ഷങ്ങൾ പിന്തുടർന്നിട്ടും കോടീശ്വരനായിട്ടും സച്ചിൻ ഒരിക്കലും വഴി തെറ്റിയില്ല. വിരൽത്തുമ്പുവരെ വിനയം പ്രതിഫലിച്ചു. തീർത്തും ചെറുപ്പത്തിൽ വിവാഹിതനാകാനും തന്നെക്കാൾ നാലു വയസ് കൂടുതലുള്ള അഞ്ജലിയെ ഭാര്യ യാക്കാനും സുനിൽ ഗാവസ്ക്കർ പ്രേരിപ്പിച്ചപ്പോൾ സച്ചിൻ അനുസരിച്ചു. ആ അനുസരണ സച്ചിൻ ജീവിതത്തിൽ ഉടനീളം പ്രകടിപ്പിച്ചു. അതുകൊണ്ടാണ് " ഈ രാജ്യത്തെ സാധാരണ മനുഷ്യരുടെ മുഖത്ത് പുഞ്ചിരി വിരിയാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്യും" എന്ന് ഭാരതരത്ന സ്വീകരിച്ചവേളയിൽ സച്ചിൻ പറഞ്ഞത്.

സാധാരണ മനുഷ്യരെ ഭാരതത്തിൻ്റെ പ്രതിരൂപമായി സച്ചിൻ കണ്ടു. അവരിൽ ഒരാളാണു താനെന്ന് ഉറച്ചു വിശ്വസിച്ചു.ആ വിശ്വാസത്തിൻ്റെ പ്രതിഫലനമായി സച്ചിൻ എന്നും വിനയാന്വിതനായപ്പോൾ ഭാരതത്തിലെ ഓരോ അമ്മയും തങ്ങളുടെ മക്കൾ സച്ചിനെ കണ്ടുപഠിക്കണമെന്ന് ആഗ്രഹിച്ചു. ക്രിക്കറ്റ് കളി അറിയാത്ത അമ്മമാരും സച്ചിനെ അറിഞ്ഞു. സച്ചിൻ ഭാരതത്തിലെ എല്ലാ അമ്മമാരെയും സ്വന്തം അമ്മയായി കണ്ടു. ഒരു പക്ഷേ, നൂറ്റാണ്ടിൽ ഒരിക്കലാകാം ഒരു സച്ചിൻ ജനിക്കുക. ആ സച്ചിന് ഇന്ന് 50 തികയുമ്പോൾ എല്ലാ അമ്മമാർക്കും അതു തങ്ങൾക്കു പ്രിയപ്പെട്ടവൻ്റെ പിറന്നാൾ ആകുന്നു. ഇന്ത്യയിലെ എല്ലാ അമ്മമാരും സച്ചിൻ്റെ പിറന്നാൾ ആഘോഷിക്കട്ടെ.

logo
The Fourth
www.thefourthnews.in