ഇന്ത്യ ശത്രു രാജ്യമെന്ന് പിസിബി ചെയർമാൻ;  സ്നേഹമുള്ളവരെന്ന് മുഹമ്മദ് റിസ്‌വാൻ

ഇന്ത്യ ശത്രു രാജ്യമെന്ന് പിസിബി ചെയർമാൻ; സ്നേഹമുള്ളവരെന്ന് മുഹമ്മദ് റിസ്‌വാൻ

സ്വന്തം രാജ്യത്തെ ആരാധകരെ പോലെയാണ് ഇന്ത്യൻ ജനതയുടെ സ്വീകരണമെന്നായിരുന്നു വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാന്റെ പരാമർശം

ഇന്ത്യയെ 'ശത്രു രാജ്യ'മെന്ന് വിളിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സാക്കാ അഷ്‌റഫ്. അതേസമയം ഇന്ത്യന്‍ ജനത നല്‍കിയ ഉഷ്മള സ്വീകരണത്തെ പ്രകീര്‍ത്തിച്ച് പാക് താരം മുഹമ്മദ് റിസ്വാനും സഹതാരങ്ങളും. സ്വന്തം രാജ്യത്തെ ആരാധകരെ പോലെയാണ് ഇന്ത്യൻ ജനതയുടെ സ്വീകരണമെന്നായിരുന്നു വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാന്റെ പരാമർശം. സാമൂഹിക മാധ്യമത്തിലൂടെയാണ് താരം സന്തോഷം പങ്കിട്ടിരിക്കുന്നത്. അത്ഭുതകരമായ സ്വീകരണമാണ് ഇന്ത്യക്കാർ ഹൈദരാബാദ് വിമാനത്താവളത്തിൽ നൽകിയതെന്ന് പറഞ്ഞ താരം എല്ലാം നന്നായി നടന്നെന്നും അടുത്ത ഒന്നര മാസത്തിനായി കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി.

അതേസമയം ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിനായി പാകിസ്താൻ ടീം ഇന്ത്യയിലെത്തിയതിന് പിന്നാലെയായിരുന്നു പിസിബി ചെയര്‍മാന്റെ വിവാദ പരാമര്‍ശം. പാക് താരങ്ങൾ ശത്രുരാജ്യത്തേയ്ക്ക് (ദുഷ്‌മാൻ മുൾക്) പോകുന്നു എന്നായിരുന്നു സാക്ക അഷ്‌റഫിന്റെ പ്രസ്താവന.

പ്രസ്താവന വിവാദമായതോടെ പരാമർശം തിരുത്തി ചെയർമാൻ രംഗത്തെത്തി. ഇന്ത്യയും പാകിസ്താനും കളിക്കളത്തിൽ ബദ്ധവൈരികളാണെന്നാണ് ഉദ്ദേശിച്ചതെന്നും അല്ലാതെ 'ശത്രു രാജ്യം' എന്നല്ലെന്നും സാക്ക അഷ്‌റഫ് വ്യകത്മാക്കി. ലാഹോറിൽ നിന്ന് ദുബായി വഴിയാണ് പാക് ടീം ഹൈദരാബാദിൽ എത്തിച്ചേർന്നത്. എന്നാൽ അർദ്ധ രാത്രിയിൽ വിമാനത്താവളത്തിൽ എത്തിയ പാകിസ്താൻ ടീമംഗങ്ങളെ വരവേൽക്കാൻ നിരവധി ആരാധകരായിരുന്നു ഹൈദരാബാദിൽ തിങ്ങിനിറഞ്ഞിരുന്നത്.

logo
The Fourth
www.thefourthnews.in