കിങ്‌സ് കിതച്ചുവീണു; സൂപ്പര്‍ ജയന്റ്‌സിന് ആദ്യ ജയം

കിങ്‌സ് കിതച്ചുവീണു; സൂപ്പര്‍ ജയന്റ്‌സിന് ആദ്യ ജയം

ലഖ്‌നൗ ഉയര്‍ത്തിയ 200 റണ്‍സ് എന്ന ലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിന്റെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178-ല്‍ അവസാനിക്കുകയായിരുന്നു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 17-ല്‍ ആദ്യ ജയം കുറിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഇന്ന് സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ 21 റണ്‍സിന്റെ ജയമാണ് അവര്‍ സ്വന്തമാക്കിയത്. ലഖ്‌നൗ ഉയര്‍ത്തിയ 200 റണ്‍സ് എന്ന ലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിന്റെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178-ല്‍ അവസാനിക്കുകയായിരുന്നു.

കിങ്‌സ് കിതച്ചുവീണു; സൂപ്പര്‍ ജയന്റ്‌സിന് ആദ്യ ജയം
ക്രുണാലും പൂരനും രക്ഷകരായി; പഞ്ചാബിനെതിരേ ലഖ്‌നൗ മികച്ച സ്‌കോറില്‍

ഒന്നാം വിക്കറ്റില്‍ 11.4 ഓവറില്‍ 102 റണ്‍സ് സ്‌കോര്‍ ചെയ്തു മികച്ച തുടക്കം നേടിയ പഞ്ചാബ് അവസാന ഓവറുകളില്‍ മത്സരം കൈവിടുകയായിരുന്നു. 50 പന്തില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറും സഹിതം 70 റണ്‍സ് നേടിയ നായകനും ഓപ്പണറുമായ ശിഖര്‍ ധവാനാണ് അവരുടെ ടോപ്‌സ്‌കോര്‍.

ധവാനു പുറമേ 29 പന്തില്‍ നിന്ന് മൂന്നു വീതം സിക്‌സും ഫോറും സഹിതം 42 റണ്‍സ് നേടിയ മറ്റൊരു ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ, 17 പന്തില്‍ രണ്ടുവീതം സിക്‌സറും ഫോറും സഹിതം 28 റണ്‍സ് നേടിയ ലിയാം ലിവിങ്‌സ്റ്റണ്‍, ഏഴു പന്തില്‍ 19 റണ്‍സ് നേടിയ മധ്യനിര താരം പ്രഭ്‌സിമ്രാന്‍ സിങ് എന്നിവര്‍ക്കു മാത്രമാണ് പഞ്ചാബ് നിരയില്‍ രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്.

ലഖ്‌നൗവിന് വേണ്ടി നാലോവറില്‍ വെറും 27 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ മായങ്ക് യാദവാണ് മത്സരം തിരിച്ചുപിടിച്ചത്. രണ്ടു വിക്കറ്റുകളുമായി മൊഹ്‌സിന്‍ ഖാന്‍ മികച്ച പിന്തുണ നല്‍കി.

നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ അവര്‍ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെയും മികച്ച ബാറ്റിങ് കാഴ്ചവച്ച ക്രുണാല്‍ പാണ്ഡ്യ, താല്‍ക്കാലിക നായകന്‍ നിക്കോളാസ് പൂരന്‍ എന്നിവരുടെ പ്രകടനങ്ങളുമാണ് അവര്‍ക്ക് തുണയായത്.

ഡി കോക്ക് 38 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 54 റണ്‍സ് നേടിയപ്പോള്‍ പൂരന്‍ 21 പന്തുകളില്‍ നിന്ന് മൂന്നു വീതം സിക്‌സറുകളും ബൗണ്ടറികളും സഹിതം 42 റണ്‍സ് നേടി. ക്രുണാല്‍ 22 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 43 റണ്‍സുമായി പുറത്താകാതെ നിന്നു.

നായകന്‍ കെഎല്‍ രാഹുലിനെ ഇംപാക്ട് പ്ലെയറാക്കിയാണ് ലഖ്‌നൗ ഇറങ്ങിയത്. പരുക്ക് കാരണം ബാറ്റിങ്ങിനു മാത്രം ഇറങ്ങിയ രാഹുലിന് പക്ഷേ തിളങ്ങാനായില്ല. ഒമ്പത് പന്തില്‍ 15 റണ്‍സ് നേടി താരം പുറത്തായി. പഞ്ചാബിനു വേണ്ടി നാലോവറില്‍ 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സാം കറനാണ് ബൗളിങ്ങില്‍ തിളങ്ങിയത്. രണ്ടു വിക്കറ്റുകളുമായി അര്‍ഷ്ദീപ് സിങ്ങും ഓരോ വിക്കറ്റുകളുമായി കാഗിസോ റബാഡ, രാഹുല്‍ ചഹാര്‍ എന്നിവരും മികച്ച പിന്തുണ നല്‍കി.

logo
The Fourth
www.thefourthnews.in