കലാശക്കൊട്ടിനൊരുങ്ങി ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്‌റ്റേഡിയം; അവസാന ചിരി ഡല്‍ഹിക്കോ ബാംഗ്ലൂരിനോ?

കലാശക്കൊട്ടിനൊരുങ്ങി ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്‌റ്റേഡിയം; അവസാന ചിരി ഡല്‍ഹിക്കോ ബാംഗ്ലൂരിനോ?

ഡല്‍ഹിക്ക് ഇതുതുടര്‍ച്ചയായ രണ്ടാം ഫൈനലാണ്. ഇക്കുറി കിരീടം സ്വന്തമാക്കാനുറച്ചാണ് അവര്‍ ഇറങ്ങുന്നത്. മറുവശത്ത് സ്വന്തം കാണികളുടെ മുന്നില്‍ കിരീടത്തില്‍ കുറഞ്ഞൊന്നും ബാംഗ്ലൂരും പ്രതീക്ഷിക്കുന്നില്ല.

വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ കൊട്ടിക്കലാശത്തിനൊരുങ്ങി ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്‌റ്റേഡിയം. ഇന്നു വൈകിട്ട് 7:30ന് ആരംഭിക്കുന്ന ഫൈനലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും നിലവിലെ റണ്ണേഴ്‌സ് അപ്പായ ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. ഡല്‍ഹിക്ക് ഇതുതുടര്‍ച്ചയായ രണ്ടാം ഫൈനലാണ്. കഴിഞ്ഞ തവണ കൈയെത്തും ദൂരത്ത് മുംബൈ ഇന്ത്യന്‍സിനോട് തോല്‍വി വഴങ്ങേണ്ടി വന്ന അവര്‍ ഇക്കുറി കിരീടം സ്വന്തമാക്കാനുറച്ചാണ് ഇറങ്ങുന്നത്. മറുവശത്ത് കിരീടത്തില്‍ കുറഞ്ഞൊന്നും ബാംഗ്ലൂരും പ്രതീക്ഷിക്കുന്നില്ല.

ബാറ്റിങ് നിരയാണ് ഡല്‍ഹിയുടെ കരുത്ത്. നായിക മെഗ് ലാന്നിങ്, ഷെഫാലി വര്‍മ, ടാനിയ ഭാട്യ, ജെമീമ റോഡ്രിഗസ് എന്നിവരടങ്ങിയ മുന്‍നിരയാണ് ഡല്‍ഹിയെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. രാധാ യാദവ്, മരിസെയ്ന്‍ കാപ്, മലയാളി താരം മിന്നു മണി എന്നിവര്‍ അണിനിരക്കുന്ന ബൗളിങ് നിരയും മികച്ച ഫോമിലാണ്.

മറുവശത്ത് ബാംഗ്ലൂരും ബാറ്റിങ് നിരയില്‍ വിശ്വാസമര്‍പ്പിച്ചാണ് ഇറങ്ങുന്നത്. നായിക സ്മൃതി മന്ദാന, ഓള്‍റൗണ്ടര്‍മാരായ എലിസ് പെറി, സോഫി ഡിവൈന്‍ എന്നിവര്‍ ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. എന്നാല്‍ സ്ഥിരത പുലര്‍ത്താന്‍ കഴിയാത്തത് ബാംഗ്ലൂരിന് വെല്ലുവിളിയാകുന്നു. ഓരോ മത്സരത്തിലും ഓരോ താരങ്ങള്‍ നിര്‍ണായക നിമിഷത്തില്‍ മാച്ച് വിന്നര്‍ ആകുകയായിരുന്നു ഇതുവരെ.

മലയാളികളുടെ പോരാട്ടം

രണ്ടു മലയാളി താരങ്ങളുടെ പോരാട്ടം കൂടിയാണ് ഇന്നത്തെ കലാശക്കളി. ഡല്‍ഹി നിരയില്‍ മിന്നു മണിയും ബാംഗ്ലൂര്‍ നിരയില്‍ ആശ ശോഭനയും കേരളത്തിന്റെ പെരുമയാകും. ബാംഗ്ലൂരിന് വേണ്ടി സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഒരു അഞ്ചു വിക്കറ്റ് നേട്ടമടക്കം 10 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. അതേസമയം മിന്നുവിന് സീസണില്‍ അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ആദ്യ മത്സരങ്ങളില്‍ വിക്കറ്റൊന്നും ലഭിക്കാതിരുന്ന മിന്നു അവസാന ലീഗ് മത്സരത്തില്‍ വെറും ഒമ്പത് റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി ഫോമിലേക്ക് എത്തിയിരുന്നു.

logo
The Fourth
www.thefourthnews.in