മാക്‌വെല്ലും മാര്‍ഷും കരുത്തായി; അഫ്ഗാനെതിരേ ഓസീസ് എട്ടിന് 168

മാക്‌വെല്ലും മാര്‍ഷും കരുത്തായി; അഫ്ഗാനെതിരേ ഓസീസ് എട്ടിന് 168

ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും മിച്ചല്‍ മാര്‍ഷിന്റെയും മികച്ച ബാറ്റിങ് പ്രകടനമാണ് അവര്‍ക്കു തുണയായത്.

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ സെമി സാധ്യത നിലനിര്‍ത്താന്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാന് 169 റണ്‍സിന്റെ വിജയലക്ഷ്യം വച്ചുനീട്ടി. അഡ്‌ലെയ്ഡില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അവര്‍ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്.

തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും മികച്ച ബാറ്റിങ് കാഴ്ചവച്ച മിച്ചല്‍ മാര്‍ഷിന്റെയും പ്രകടനമാണ് അവര്‍ക്കു തുണയായത്. മാക്‌സ്‌വെല്‍ 32 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 54 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 30 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 45 റണ്‍സായിരുന്നു മാര്‍ഷിന്റെ സംഭാവന.

ഇവര്‍ക്കൃ പുറമേ 18 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 25 റണ്‍സ് നേടിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, 21 പന്തുകളില്‍ നിന്ന് രണ്ടു സിക്‌സറുകളോടെ 25 റണ്‍സ് നേടിയ മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി. അതേസമയം ഓപ്പണര്‍ കാമറൂണ്‍ ഗ്രീന്‍(3), മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത്(4), താല്‍ക്കാലിക നായകന്‍ മാത്യു വേഡ്(6), പാറ്റ് കമ്മിന്‍സ്(0), കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍(1) എന്നിവര്‍ നിരാശപ്പെടുത്തി.

അഫ്ഗാനിസ്ഥാനു വേണ്ടി നാലോവറില്‍ വെറും 21 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ നവീന്‍ ഉള്‍ ഹഖാണ് ബൗളിങ്ങില്‍ തിളങ്ങിയത്. രണ്ടു വിക്കറ്റുകളുമായി ഫസല്‍ഹഖ് ഫറൂഖിയും ഓരോ വിക്കറ്റുകളുമായി മുജീബ് ഉര്‍ റഹ്‌മാനും റാഷിദ് ഖാനും മികച്ച പിന്തുണ നല്‍കി.

സെമിഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയയ്ക്ക് ഇന്നു മികച്ച വിജയം നേടിയേ തീരൂ. സൂപ്പര്‍ 12-ലെ ഗ്രൂപ്പ് ഒന്നില്‍ നിലവില്‍ നാലു മത്സരങ്ങളില്‍ നിന്ന് അഞ്ചു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് അവര്‍. അഞ്ചു മത്സരങ്ങളില്‍ നിന്ന് ഏഴു പോയിന്റുള്ള ന്യൂസിലന്‍ഡ് ഒന്നാമതുള്ളപ്പോള്‍ നാലു മത്സരങ്ങളില്‍ നിന്ന് അഞ്ചു പോയിന്റുള്ള ഇംഗ്ലണ്ട് റണ്‍റേറ്റിന്റെ മികവില്‍ രണ്ടാം സ്ഥാനത്താണ്.

logo
The Fourth
www.thefourthnews.in