രക്ഷകനായി മില്ലര്‍; തകര്‍ച്ചയില്‍ നിന്ന് കരകയറി ദക്ഷിണാഫ്രിക്ക, ഓസീസിന് ലക്ഷ്യം 213

രക്ഷകനായി മില്ലര്‍; തകര്‍ച്ചയില്‍ നിന്ന് കരകയറി ദക്ഷിണാഫ്രിക്ക, ഓസീസിന് ലക്ഷ്യം 213

ഒരു ഘട്ടത്തില്‍ നാലിന്‌ 24 എന്ന നിലയില്‍ വന്‍ തകര്‍ച്ചയെ അഭിമുഖീകരിച്ച അവരെ മില്ലറുടെ ഒറ്റയാന്‍ പോരാട്ടമാണ് കരകയറ്റിയത്

ആപത്ബാന്ധവനാണ് താനെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച് കില്ലര്‍ മില്ലര്‍. 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സെമിഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ നിര്‍ണായക സമയത്ത് രക്ഷകനായി ഡേവിഡ് മില്ലര്‍ അവതരിച്ചതോടെ കരകയറി ദക്ഷിണാഫ്രിക്ക. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മില്ലറുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ തകര്‍ച്ചയില്‍ നിന്നു കരകയറി 212 മാന്യമായ സ്‌കോറിലെത്തി.

ഒരു ഘട്ടത്തില്‍ നാലിന്‌ 24 എന്ന നിലയില്‍ വന്‍ തകര്‍ച്ചയെ അഭിമുഖീകരിച്ച അവരെ മില്ലറുടെ ഒറ്റയാന്‍ പോരാട്ടമാണ് കരകയറ്റിയത്. 116 പന്തില്‍ നിന്ന് എട്ട് ബൗണ്ടറികളും അഞ്ച് സിക്‌സറുകളും സഹിതം 101 റണ്‍സ് നേടിയ മില്ലറായിരുന്നു ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ നെടുന്തൂണ്‍. അഞ്ചാം വിക്കറ്റില്‍ ഹെന്റ്‌റിച്ച് ക്ലാസനൊപ്പം മില്ലര്‍ കൂട്ടിച്ചേര്‍ത്ത 95 റണ്‍സാണ് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്.

48 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 47 റണ്‍സ് നേടിയ ക്ലാസന്‍ പുറത്തായ ശേഷം വാലറ്റത്തെ കൂട്ടുപിടിച്ചാണ് മില്ലര്‍ ടീമിനെ 200 കടത്തിയത്. ഇവര്‍ക്കൊഴികെ മറ്റാര്‍ക്കും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായില്ല. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക്(3) നായകന്‍ തെംബ ബാവ്മ(0) മധ്യനിര താരങ്ങളായ റാസി വാന്‍ ഡര്‍ ഡസന്‍(6), ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സെന്‍(0) എന്നിവര്‍ നിരാശപ്പെടുത്തിയത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി.

മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. രണ്ട് വീതം വിക്കറ്റുകളുമായി ജോഷ് ഹാസില്‍വുഡും, ട്രാവിസ് ഹെഡും മികച്ച പിന്തുണ നല്‍കി. ഇതു രണ്ടാം തവണയാണ് ഇരുടീമുകളും ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇതിനു മുമ്പ് 1999-ലായിരുന്നു ഇരുവരും സെമിയില്‍ നേര്‍ക്കുനേര്‍ വന്നത്. അന്ന മത്സരം ടൈ ആയതോടെ സൂപ്പര്‍ സിക്‌സ് വിജയത്തിന്റെ പിന്‍ബലത്തില്‍ ഓസ്‌ട്രേലിയ ഫൈനലില്‍ കടക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in