സമ്മര്‍ദ്ദമില്ല; എന്റെ റോള്‍ ടീമിനു വേണ്ടി

സമ്മര്‍ദ്ദമില്ല; എന്റെ റോള്‍ ടീമിനു വേണ്ടി

ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര പരമ്പരയില്‍ മൂന്നിലും തിളങ്ങിയ മിന്നു മൂന്നു മത്സരങ്ങളിലായി എറിഞ്ഞ 11 ഓവറില്‍ 57 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റുകളാണ് നേടിയത്.

മാനന്തവാടി എടപ്പാടി ചോയിമൂല ഗ്രാമം ഇപ്പോൾ അഭിമാനത്തിന്റെ നെറുകയിലാണ്‌, മിന്നു മണിയെന്ന ഇരുപത്തിനാലുകാരിയെ ഓർത്ത്. ക്രിക്കറ്റിനോടുള്ള അടങ്ങാത്ത പ്രണയം ആറാം ക്ലാസ് മുതൽ നെഞ്ചേറ്റിയ മിന്നു ഇപ്പോൾ എത്തി നിൽക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഉന്നതിയിലാണ്. ബംഗ്ലാദേശിനെതിരായ ട്വന്റി 20 വനിതാ ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് കിരീട നേട്ടമുണ്ടാക്കാന്‍ സുപ്രധാന സാന്നിധ്യമായത് മിന്നു മണിയുടെ മിന്നും പ്രകടനമാണ്. ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര പരമ്പരയില്‍ മൂന്നിലും തിളങ്ങിയ മിന്നു മൂന്നു മത്സരങ്ങളിലായി എറിഞ്ഞ 11 ഓവറില്‍ 57 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റുകളാണ് നേടിയത്. രണ്ടാം മത്സരത്തില്‍ നാലോവറില്‍ ഒരു മെയ്ഡനടക്കം വെറും ഒമ്പതു റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഇന്ത്യന്‍ ടീം ഡ്രെസിങ് റൂമില്‍ നിന്ന് തന്റെ ആദ്യ രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റ് പരമ്പര വിശേഷങ്ങളുമായി മിന്നു മണി...

? ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂമിലേക്ക് ആദ്യമായി കയറി ചെന്നപ്പോഴുള്ള അനുഭവം

ജീവിതത്തിൽ ഒരുപാട് കാലമായി സ്വപ്നം കണ്ട് കാത്തിരുന്ന ഒരു നിമിഷമായിരുന്നു ഇത്. അതിനാൽ വളരെയധികം ആകാംഷയുണ്ടായിരുന്നു. ആ നിമിഷം വന്നെത്തിയപ്പോൾ പറഞ്ഞറിയിക്കാൻ സാധിക്കാത്ത സന്തോഷം. എന്റെ വലിയൊരു സ്വപ്നമാണ് പൂർത്തിയായത്.

? പ്ലേയിങ് ഇലവനിലുണ്ടെന്ന് അറിഞ്ഞത് എപ്പോൾ? ആരാണ് അറിയിച്ചത്

മാച്ച് നടക്കുന്ന ദിവസം കൃത്യമായി പറഞ്ഞാൽ ജൂലൈ 9 നു രാവിലെ 11 മണിക്ക് ടീം മീറ്റിങ്ങുണ്ടായിരുന്നു. മാച്ചിന് മുൻപായിട്ടുള്ള മീറ്റിങ്ങായിരുന്നു അത്. അന്നത്തെ ആ മീറ്റിങ്ങിൽ വച്ച് ഹെഡ് കോച്ച് നോഷിം മാമായിരുന്നു എന്നെ പ്ലേയിങ് ഇലവനിൽ തിരഞ്ഞെടുത്ത കാര്യം അറിയിച്ചത്.

? ക്യാപ് നൽകുമ്പോൾ സ്മൃതി മന്ദാന എന്താണ് പറഞ്ഞത്

ഏറ്റവും നല്ല ഒരു തുടക്കമായി ഇത് മാറട്ടെ എന്നായിരുന്നു ക്യാപ് തന്നപ്പോൾ സ്മൃതി പറഞ്ഞത്. നല്ല ഒരു ഭാവിയുടെ ആരംഭമായി ഇത് മാറട്ടെയെന്നും, മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കട്ടെ എന്നുമവർ ആശംസിച്ചു. ഇന്ത്യൻ ജേഴ്സി അണിഞ്ഞ് നിരവധി ഗ്രൗണ്ടിലിറങ്ങാൻ സാധിക്കട്ടെയെന്നും അവർ പറഞ്ഞു.

? ആദ്യ രണ്ടു മത്സരങ്ങളിലും ആദ്യ ഓവറിൽ തന്നെ വിക്കറ്റ്. എങ്ങനെ കാണുന്നു ആ നേട്ടം

ആദ്യ രണ്ടു മത്സരങ്ങളിലും ആദ്യത്തെ ഓവറിൽ തന്നെ വിക്കറ്റ് വീണു. അത്രയും പരിചയ സമ്പന്നരായ ബൗളർമാർ ടീമിലുണ്ടായിട്ടും ക്യാപ്റ്റന് നമ്മളിൽ ഒരു വിശ്വാസം ഉള്ളത് കൊണ്ടാണ് നമ്മളെ ബോളിങ് ഏൽപ്പിച്ചത്. പവർ പ്ലെയിൽ തന്നെ ബോൾ അറിയാനായി നമ്മളെ ഏൽപ്പിച്ചത് അവർക്ക് നമ്മളോടുള്ള വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്. ആ ഒരു വിശ്വാസം നമ്മൾ തിരിച്ച് ടീമിനോടും ക്യാപ്റ്റനോടും കത്ത് സൂക്ഷിക്കണം. ഏറ്റവും നല്ല സപ്പോർട്ടായിരുന്നു എനിക്ക് ടീമിൽ നിന്ന് ലഭിച്ചത്. അതുകൊണ്ട് നല്ല പ്രകടനം കാഴ്‌ച വയ്ക്കാൻ സാധിച്ചു എന്നാണ് കരുതുന്നത്.

? ടീം ഇന്ത്യക്കായി രണ്ടു മത്സരം കളിച്ചു കഴിഞ്ഞു. ഇന്ത്യൻ താരം മിന്നു മണിയെ എങ്ങനെ വിലയിരുത്തുന്നു

തുടക്കമെന്ന രീതിയിൽ ഞാൻ സംതൃപ്തയാണ്. നല്ല പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചു എന്നാണ് ഞാൻ വിചാരിക്കുന്നത്. ഇനിയും ഇന്ത്യൻ ജേഴ്സിയിൽ നിരവധി പരമ്പരകൾ ചെയ്യണമെന്നാണ് ആഗ്രഹം. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ ലോകോത്തര ടീമുകളുമായി കളിക്കാനുള്ള അവസരം കിട്ടണം, അപ്പോഴാണല്ലോ നമ്മുടെ ഏറ്റക്കുറച്ചിലുകൾ ഒന്നുകൂടി വിലയിരുത്താൻ സാധിക്കുക.

ranjith_peralamm

? ഇന്നലത്തെ മിന്നുന്ന ബൗളിങ്ങിനു ശേഷം ഡ്രെസിങ് റൂമിൽ എങ്ങനെ സ്വീകരിച്ചു

ഇന്നലത്തെ എന്റെ പ്രകടനത്തിന് ശേഷം പരിശീലകൻ ആണേലും മറ്റ് സഹതാരങ്ങൾ ആണേലും വളരെയധികം സന്തോഷത്തിലായിരുന്നു. എല്ലാവർക്കും നല്ല അഭിമാനമായിരുന്നു. തുടക്കകാരിയെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ച വച്ചതായി എല്ലാവരും പറഞ്ഞു. നിരവധി അഭിനനന്ദനങ്ങളാണ് അതിന് ശേഷം ലഭിച്ചത്.

? മലയാളികൾ മിന്നുവിൽ നിന്ന് ഏറെ പ്രതീക്ഷിക്കുന്നു. അത് സമ്മർദ്ദം ഉണ്ടാക്കുന്നുണ്ടോ

തത്ക്കാലം അങ്ങനെയൊരു സമ്മർദ്ദത്തെ ഞാൻ എന്നിലേയ്ക്ക് ഇപ്പോൾ എടുക്കുന്നില്ല. നിലവിൽ എന്താണോ ടീമിലെ എന്റെ വേഷം അതിൽ മാത്രമാണ് ഞാൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അല്ലാതെ നല്ല പ്രകടനം നടത്താൻ സാധിച്ചില്ലെങ്കിൽ മലയാളികൾ എന്ത് ചിന്തിക്കും, എന്ത് പറയും എന്നതിനെ കുറിച്ച് ഞാൻ ഇപ്പോൾ ആശങ്കപ്പെടുന്നില്ല. നല്ല പ്രകടനം കാഴ്ച വച്ചാൽ എല്ലാവരും പിന്തുണയ്ക്കും. അതുകൊണ്ട് നിലവിൽ എന്താണന്നോ ചെയ്യുന്നത് അതിൽ മാത്രമാണ് എന്റെ പരിപൂർണ ശ്രദ്ധ.

ranjith_peralamm

? സീനിയർ താരങ്ങളുടെ പിന്തുണ എങ്ങനെ

മികച്ച ഒരു പിന്തുണ തന്നെ അവർ എനിക്കായി നൽകുന്നുണ്ട്. ഓരോ ബോൾ എറിയുമ്പോഴും നാലാൾ രീതിയിലുള്ള പ്രശംസയാണ് അവർ എനിക്ക് തന്നത്. സൗഹാർദ്ദപരമായ ഒരു അന്തരീക്ഷമാണ് എനിക്ക് ലഭിച്ചത്. അല്ലാതെ തുടക്കകാരി എന്ന നിലയിലുള്ള ഒരു സമീപനത്തോടെ ആരും എന്നോട് പെരുമാറിയിട്ടില്ല.

? ടീമിൽ ആരാണ് ഉറ്റ സുഹൃത്ത്? കാരണം

നിലവിൽ ഏറ്റവും അടുത്ത സുഹൃത്തെന്ന് പറഞ്ഞ് ചൂണ്ടിക്കാണിക്കാൻ ആരുമായിട്ടില്ല. ജമീമയായിട്ടാണ് ഇപ്പോൾ ഏറ്റവും കൂടുതൽ സംസാരിക്കുന്നത്. ജമി എന്നോട് ഒരുപാട് സംസാരിക്കും, ഞാനും ഒരുപാട് അവളോട് സംസാരിക്കാറുണ്ട്. എല്ലാ കാര്യത്തിലും ജമി നല്ല പിന്തുണയാണ്.

logo
The Fourth
www.thefourthnews.in