IPL Auction 2024 | കമ്മിന്‍സിന്റെ റെക്കോഡ് തകര്‍ത്ത് സ്റ്റാര്‍ക്; താരലേലത്തില്‍ കോടികള്‍ കൊയ്ത്‌ ഓസീസ് താരങ്ങള്‍

IPL Auction 2024 | കമ്മിന്‍സിന്റെ റെക്കോഡ് തകര്‍ത്ത് സ്റ്റാര്‍ക്; താരലേലത്തില്‍ കോടികള്‍ കൊയ്ത്‌ ഓസീസ് താരങ്ങള്‍

ലേലത്തില്‍ വാശിയേറിയ മത്സരത്തിനൊടുവില്‍ 24.75 കോടിക്ക് സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് സ്വന്തമാക്കിയത്

ദുബായിയില്‍ നടക്കഒന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് താരലേലത്തില്‍ കോടികള്‍ കൊയ്ത് ഓസ്‌ട്രേലിയന്‍ പേസര്‍മാര്‍. ഓസീസ് നായകനും പേസറുമായ പാറ്റ് കമ്മിന്‍സ് ഇന്ന് കുറിച്ച് റെക്കോഡ് തകര്‍ത്ത് ഓസീസിന്റെ തന്നെ മിച്ചല്‍ സ്റ്റാര്‍ക് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി.

ലേലത്തില്‍ വാശിയേറിയ മത്സരത്തിനൊടുവില്‍ 24.75 കോടിക്ക് സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് സ്വന്തമാക്കിയത്. ഓസീസ് താരത്തിനു വേണ്ടി അവസാന നിമിഷം വരെ മത്സരിച്ച മുന്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ പിന്തള്ളിയാണ് നൈറ്റ്‌റൈഡേഴ്‌സ് താരത്തെ സ്വന്തമാക്കിയത്. 24.50 കോടി വരെ സ്റ്റാര്‍ക്കിനു വേണ്ടി ചിലവഴിക്കാന്‍ ടൈറ്റന്‍സ് തയാറായിരുന്നു.

ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വലിയ തുകനേടുന്ന താരങ്ങളുടെ പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളും ഓസ്‌ട്രേലിയക്കാര്‍ സ്വന്തമാക്കി. ഇന്ന് നേരത്തെ 20.50 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്ക് പോയ പാറ്റ് കമ്മിന്‍സിനാണ് രണ്ടാം സ്ഥാനം. കമ്മിന്‍സ് ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി റെക്കോഡിട്ട് ഒരു മണിക്കൂറിനകം സ്റ്റാര്‍ക് ആ റെക്കോഡ് തകര്‍ക്കുകയായിരുന്നു. രണ്ടു കോടി രൂപയായിരുന്നു ഇരുതാരങ്ങളുടെയും അടിസ്ഥാന വില.

ഇവര്‍ക്കു പുറമേ 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെത്തിച്ച ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ ഡാരില്‍ മിച്ചലാണ് ഇന്ന് നേട്ടം കൊയ്ത മറ്റൊരു താരം. 11.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയ ഇന്ത്യന്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലാണ് ഇന്ന് പത്തുകോടി കടന്ന നാലാമത്തെ താരം.

ഓസ്‌ട്രേലിയയുടെ ലോകകപ്പ് ഹീറൊ ട്രാവിസ് ഹെഡിനേയും ഹൈദരാബാദാണ് നേടിയത്. 6.8 കോടി രൂപയ്ക്കാണ് ഹെഡിനെ ഹൈദരാബാദ് ടീമിലെത്തിച്ചത്. ലേലത്തില്‍ ആദ്യ താരം വെസ്റ്റ് ഇന്‍ഡീസിന്റെ റോവ്മാന്‍ പവലായിരുന്നു. താരത്തെ 7.4 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സാണ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ താരം റൈലി റൂസൊയെ ആദ്യ ഘട്ടത്തില്‍ സ്വന്തമാക്കാന്‍ ഒരു ടീമും തയാറായില്ല. ഇംഗ്ലണ്ടിന്റെ യുവതാരം ഹാരി ബ്രൂക്കിനെ നാല് കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് കൂടാരത്തിലെത്തിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മെഗാതാരലേലത്തില്‍ 13.25 കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരമായിരുന്നു ഹാരി ബ്രൂക്ക്.

ജെറാള്‍ഡ് കോറ്റ്‌സി (അഞ്ച് കോടി, മുംബൈ ഇന്ത്യന്‍സ്), അസ്മത്തുള്ള ഒമര്‍സായി (50 ലക്ഷം, ഗുജറാത്ത് ടൈറ്റന്‍സ്), ശാര്‍ദൂല്‍ താക്കൂര്‍ (നാല് കോടി, ചെന്നൈ സൂപ്പര്‍ കിങ്‌സ്), രച്ചിന്‍ രവീന്ദ്ര (1.8 കോടി, ചെന്നൈ സൂപ്പര്‍ കിങ്‌സ്), വനിന്ദു ഹസരങ്ക (1.5 കോടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) എന്നിവരാണ് ലേലത്തില്‍ വിറ്റുപോയ മറ്റ് താരങ്ങള്‍.

logo
The Fourth
www.thefourthnews.in