മൊയീൻ അലി ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നു; ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍

മൊയീൻ അലി ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നു; ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍

2021 ലാണ് മൊയീന്‍ അലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സ്പിന്നര്‍ മൊയീന്‍ അലിയെ ആഷസ് പരമ്പരയിലേക്ക് തിരിച്ച് വിളിച്ച് ഇംഗ്ലണ്ട്. ജൂണ്‍ 16 മുതല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന ആദ്യ രണ്ട് ആഷസ് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ താരത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2021 ലാണ് മൊയീന്‍ അലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

''2023 ജൂണ്‍ 16 വെള്ളിയാഴ്ച എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ രണ്ട് ആഷസ് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമിലേക്ക് സ്പിന്‍ ബൗളിങ് ഓള്‍ റൗണ്ടര്‍ മൊയീന്‍ അലിയെയും ഉള്‍പ്പെടുത്തി.'' ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പരുക്കുമൂലം അഞ്ച് മത്സര ആഷസ് പരമ്പരയില്‍ നിന്ന് പുറത്തായ ജാക്ക് ലീച്ചിന് പകരക്കാരനായാണ് മൊയീന്‍ അലിക്ക് വീണ്ടും അവസരം ലഭിച്ചത്. ശനിയാഴ്ച അയര്‍ലന്‍ഡിനെതിരായ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് മത്സരത്തിനിടയ്ക്കാണ് ജാക്ക് ലീച്ചിന് പരുക്കേറ്റത്.

ആഷസ് പരമ്പരയില്‍ തന്റെ 64ാം ടെസ്റ്റ് മത്സരത്തിനാണ് മൊയീന്‍ അലി ഇറങ്ങുക

2021 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 35കാരനായ മൊയീന്‍ അലി, ബെന്‍ സ്റ്റോക്‌സ്, ടെസ്റ്റ് ഹെഡ് കോച്ച് ബ്രാണ്ടന്‍ മക്കല്ലം, ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് മാനേജിങ് ഡയറക്ടര്‍ റോബ് കീ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. ആഷസ് പരമ്പരയില്‍ തന്റെ 64ാം ടെസ്റ്റ് മത്സരത്തിനാണ് മൊയീന്‍ അലി ഇറങ്ങുക. ടെസ്റ്റില്‍ 2,914 റണ്‍സും 195 വിക്കറ്റുമാണ് അലിയുടെ സമ്പാദ്യം. അഞ്ച് സെഞ്ചുറികളും 14 അര്‍ധ സെഞ്ചുറികളുമുള്ള അലിയുടെ സാന്നിധ്യം ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ ആഴം കൂട്ടും.

'' ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആവശ്യപ്പെട്ട് ഞാങ്ങള്‍ ആ ആഴ്ച്ച ആദ്യമാണ് മോയെ (മൊയീന്‍ അലി) സമീപിച്ചത്. കുറച്ച് ദിവസങ്ങള്‍ ആലോചിച്ചതിന് ശേഷം അദ്ദേഹം സമ്മതിച്ചു. ടീമില്‍ ചേരാനും ടെസ്റ്റ് കളിക്കുന്നതിനുമുളള ആവേശത്തിലാണ് ഇപ്പോള് മോ'' റോബ് കീ പറഞ്ഞു. അലിയുടെ അനുഭവ സമ്പത്തും, ഓള്‍ റൗണ്ടര്‍ മികവും തങ്ങളുടെ ആഷസ് മത്സരങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 12 നാണ് ഇംഗ്ലണ്ട് ബര്‍മിങ്ഹാമില്‍ എത്തുക. ജൂണ്‍ 13 മുതല്‍ എഡ്ജ്ബാസ്റ്റണില്‍ പ്രാക്ടീസ് ആരംഭിക്കും.

logo
The Fourth
www.thefourthnews.in