തീവ്രദേശീയവാദികളേയും ആത്മഹത്യയേയും അതിജീവിച്ച ഷമി; ലോകകപ്പിലെ ഇന്ത്യയുടെ പേസ് മാന്ത്രികന്‍

തീവ്രദേശീയവാദികളേയും ആത്മഹത്യയേയും അതിജീവിച്ച ഷമി; ലോകകപ്പിലെ ഇന്ത്യയുടെ പേസ് മാന്ത്രികന്‍

ലോകകപ്പില്‍ ഷമി ആരാധകർക്കായി കാത്തുവച്ചത് തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനമായിരുന്നു. എന്നാല്‍ ഒറ്റയ്ക്ക് താണ്ടിയ ഇരുണ്ട കാലത്തിന്റെ മനക്കരുത്തായിരിക്കണം ഷമിയുടെ അസാധ്യ സ്പെല്ലുകളുടെ ഊർജം

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ശ്രീലങ്കയ്ക്കെതിരായ മത്സരം. 18-ാം ഓവറിലെ അവസാന പന്തില്‍ ഡ്രൈവിന് ശ്രമിച്ച ലങ്കന്‍ താരം കസുന്‍ രജിതയ്ക്ക് പിഴച്ചു. പന്ത് ഭദ്രമായി സെക്കന്‍ഡ് സ്ലിപ്പിലുണ്ടായിരുന്ന ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലൊതുങ്ങി. വാങ്ക്ഡെയുടെ ഗ്യാലറികള്‍ ആർത്തിരമ്പി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാനാകാതെ ആ ബൗളർ ഒരു നിമിഷം മൈതാനത്തിരുന്നു. അഞ്ച് ഓവറില്‍ കേവലം 18 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത അസാധ്യ സ്പെല്ലിന്റെ ആശ്ചര്യം വിട്ടുമാറാതെ നിശബ്ദനായാത് ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് ടേക്കറായി മാറിയ മുഹമ്മദ് ഷമിയായിരുന്നു.

മൂന്ന് മത്സരങ്ങളിലായി ഷമി ഇതുവരെ ബൗള്‍ ചെയ്തത് 22 ഓവറാണ്, അതായത് 132 പന്തുകള്‍. 94 റണ്‍സ് വഴങ്ങി പിഴുതത് 14 വിക്കറ്റുകള്‍

Pace, Dominance, Swag, Scary ഇങ്ങനെ എത്ര വാക്കുകള്‍ വേണമെങ്കിലും നിരത്താം ഷമിയുടെ പ്രകടനത്തെ വർണിക്കാന്‍. ലോകകപ്പിലെ റെക്കോഡുകളുടെ കണക്കുപുസ്തകത്തില്‍ ഇടമുണ്ടായിട്ടും ടീം ബാലന്‍സിന്റെ പേരില്‍ കാഴ്ചക്കാരന്റെ റോളായിരുന്നു ആദ്യ നാല് മത്സരങ്ങളില്‍ ഷമിക്ക് മാനേജ്മെന്റ് നല്‍കിയത്. ഹാർദിക്ക് പാണ്ഡ്യയുടെ പരുക്ക് ഒരുക്കിയ വഴിയില്‍ ഷമിയെത്തിയത് ഇന്ത്യന്‍ പേസ് നിരയുടെ വീര്യം വർധിപ്പിക്കാനായിരുന്നു.

തീവ്രദേശീയവാദികളേയും ആത്മഹത്യയേയും അതിജീവിച്ച ഷമി; ലോകകപ്പിലെ ഇന്ത്യയുടെ പേസ് മാന്ത്രികന്‍
ഇനി സെമിയിലെ എതിരാളികളെ അറിയണം; ഇന്ത്യ-ന്യൂസിലന്‍ഡ് പോരിന് സാധ്യത

മൂന്ന് മത്സരങ്ങളിലായി ഷമി ഇതുവരെ ബൗള്‍ ചെയ്തത് 22 ഓവറാണ്, അതായത് 132 പന്തുകള്‍. 94 റണ്‍സ് വഴങ്ങി പിഴുതത് 14 വിക്കറ്റുകള്‍, ഇതില്‍ രണ്ട് അഞ്ച് വിക്കറ്റ് പ്രകടനങ്ങളും ഉള്‍പ്പെടുന്നുവെന്നത് ഷമിയുടെ ഇംപാക്ട്‌ എത്രത്തോളം ആഴത്തിലാണെന്ന് ഇതില്‍നിന്നു വ്യക്തം. 33-ാം വയസില്‍ സീം ബൗളിങ്ങിന്റെ ഏറ്റവും മികച്ച വേർഷനാണ് ഷമിയില്‍ നിന്ന് ഇന്നലെ പുറത്ത് വന്നത്. ഷമിയുടെ കൈകളില്‍ നിന്ന് വിക്കറ്റില്‍ പിച്ച് ചെയ്യുന്ന പന്തുകള്‍ ബാറ്റർമാർക്ക് ദുസ്വപ്നമായി മാറുമ്പോള്‍ അതിന് ഒറ്റപ്പെടലിന്റേയും പരുക്കിന്റേയും വ്യക്തിഹത്യയുടേയും നീറിയ നാളുകളുടെ തീയുണ്ടെന്ന് പറയാതെ വയ്യ.

ഒരു മത്സരം കളിക്കുന്നതിനായി എനിക്ക് 18 മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വേദനയേറിയ ദിവസങ്ങള്‍ അതായിരുന്നു

ഉത്ത‍ര്‍പ്രദേശിലെ അതി‍ര്‍ത്തി ഗ്രാമങ്ങളിലൊന്നായ സഹാസ്പൂരില്‍ വച്ച് പന്ത് കൈതൊട്ട നാള്‍ മുതല്‍ ഷമിയെ തേടിയെത്തിയത് പ്രതിസന്ധികളുടെ വിക്കറ്റുകളായിരുന്നു. ആര്‍ പി സിങ്, പ്രവീണ് കുമാ‍ര്‍, ഭുവനേശ്വര്‍ കുമാ‍ര്‍ തുടങ്ങിയവരെ പോലെ ചുരുക്കം പേസ‍ര്‍മാര്‍ മാത്രമാണ് യുപിയില്‍ നിന്നെത്തി നീലക്കുപ്പായമണിഞ്ഞിട്ടുള്ളത്. കാരണം ഇല്ലായ്മകളെ പോരാടി സഞ്ചരിച്ചെത്താനുള്ള ദൂരം പല‍ര്‍ക്കും എത്തിപ്പിടിക്കാവുന്നതിലും അപ്പുറമായതുകൊണ്ട് തന്നെ.

ഒരു പേസ‍് ബൗള‍ര്‍ക്ക് ആനൂകുല്യം നല്‍കുന്ന തരത്തിലുള്ള പൊക്കമൊ ശാരീരികക്ഷമതയോ ഉള്ള ശരീരഭാഷയായിരുന്നില്ല ഷമിയുടേത്. അതിനാല്‍ തന്നെ സാങ്കേതിക മികവ് മെച്ചപ്പെടുത്തി മാത്രമായിരുന്നു ഷമിക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള വഴിവെട്ടാനാകുമായിരുന്നുള്ളു. ഉപയോഗിച്ച് പഴക്കം വന്ന പന്തുകളായിരുന്നു റിവേഴ്സ് സ്വിങ് പരിശീലിക്കുന്നതിനായി ഷമി ഉപയോഗിച്ചിരുന്നത്. പക്ഷെ ഉത്ത‍ര്‍ പ്രദേശ് അണ്ടര്‍ 19 ടീമിലേക്കുള്ള പ്രവശനം എന്തുകൊണ്ടോ ഷമിക്ക് നിഷേധിക്കപ്പെട്ടു. മികവ് വെളിച്ചത്തേക്ക് എത്തിക്കാന്‍ യുപി വിട്ട് കൊല്‍ക്കത്തയിലേക്ക് ചേക്കേറേണ്ടി വന്നു.

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയായ ദേബബ്രെത ദാസിന്റെ കണ്ണിലേക്ക് ഷമിയുടെ പന്തുകള്‍ തിരിഞ്ഞതോടെയാണ് ഷമിയുടെ കരിയറിന് അടുത്ത തലത്തിലേക്കുള്ള പ്രവേശനം. വൈകാതെ തന്നെ മോഹന്‍ ബഗാന്‍ ക്രിക്കറ്റ് ക്ലബ്ബിലേക്ക് എത്തിയ ഷമിക്ക്‌ ഈഡന്‍ ഗാർഡന്‍സിലെ മൈതാനത്ത് സാക്ഷാല്‍ സൗരവ് ഗാംഗലിക്കെതിരെ നെറ്റ്സില്‍ പന്തെറിയാന്‍ അവസരമൊരുങ്ങി. ഗാംഗുലിയുടെ ശുപാർശയിലാണ് 2010-11 സീസണിനുള്ള ബംഗാള്‍ രഞ്ജി ടീമിലേക്ക് ഷമി എത്തുന്നത്.

പലതാരങ്ങള്‍ക്കും ദേശീയ ടീമിലേക്ക് അതിവേഗം വാതില്‍ തുറന്ന് നല്‍കിയ ഐപിഎല്ലിലും ഷമിയ്ക്ക് കാത്തിരിപ്പിന്റെ നാളുകളായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കുപ്പായത്തില്‍ 2011ലാണ് ഷമിയുടെ തുടക്കം. നാളെയുടെ വാഗ്ദാനമെന്ന തലക്കെട്ടോടുകൂടിയാണ് ഷമിയെ ഐപിഎല്‍ വരവേറ്റത്. പക്ഷെ 2013 വരെ ഐപിഎല്ലില്‍ പന്തെറിയാന്‍ ഷമിക്ക് കഴിഞ്ഞില്ല, കൊല്‍ക്കത്തയ്ക്കായി ആകെ കളിച്ചത് മൂന്ന് മത്സരങ്ങള്‍ മാത്രമായിരുന്നു. പിന്നീട് ഡല്‍ഹി ഡെയർഡെവിള്‍സിലെത്തിയതോടെയാണ് ഷമിക്ക് ഐപിഎല്ലില്‍ തുടർച്ചയായി മത്സരങ്ങള്‍ കളിക്കാനായത്. ദേശീയ ടീമിലെത്തിയിട്ടും ഷമിയെ വിട്ടുപോയില്ല പ്രതിസന്ധികളുടെ പട്ടിക.

തീവ്രദേശീയവാദികളേയും ആത്മഹത്യയേയും അതിജീവിച്ച ഷമി; ലോകകപ്പിലെ ഇന്ത്യയുടെ പേസ് മാന്ത്രികന്‍
ഡിആർഎസില്‍ 'തലയൂരി' രോഹിത്; ഉത്തരവാദിത്തം കൈമാറി, ഇനി ആക്ഷന്‍ മാത്രം

വർഷം 2015, ഓസ്ട്രേലിയ ആതിഥേയത്വം വഹിച്ച ഏകദിന ലോകകപ്പ്. ടൂർണമെന്റിനിടെയായിരുന്നു ഷമിക്ക് പരുക്കേറ്റത്. ശാരീരിക ക്ഷമത പൂർണമായി വീണ്ടെടുക്കാതെയായിരുന്നു ഷമി സെമി ഫൈനല്‍ വരെ പന്തെറിഞ്ഞത്, ഏഴ് കളികളില്‍ നിന്ന് 17 വിക്കറ്റുമായി തിളങ്ങിയ ഷമിക്ക് അന്ന് ആരാധകർ കയ്യടിച്ചു. താരം കടന്നുപോയ ഇരുണ്ടകാലത്തെക്കുറിച്ച് ലോകം അറിഞ്ഞത് 2020 ലോക്ക്ഡൗണിനിടെ രോഹിത് ശർമയുമായി നടത്തിയ ഒരു സംഭാഷണത്തിലൂടെയായിരുന്നു.

''ഒരു മത്സരം കളിക്കുന്നതിനായി എനിക്ക് 18 മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വേദനയേറിയ ദിവസങ്ങള്‍ അതായിരുന്നു. വളരെയധികം സമ്മർദത്തിലൂടെയാണ് കടന്നുപോയത്. റീഹാബ് എന്നത് എത്രത്തോളം കഠിനമായ പ്രക്രിയയാണ്, എന്നും ഒരേ വ്യായാമം ചെയ്യേണ്ടതായി വരുന്നു. കളിക്കാനായി ആരംഭിച്ച സമയത്തായിരുന്നു വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉയർന്നുവന്നത്. പിന്നാലെ അപകടവുമുണ്ടായി, ഐപിഎല്ലിന് കുറച്ച് ദിവസങ്ങള്‍ മുന്‍പായിരുന്നു അപകടം,'' ഷമി വെളിപ്പെടുത്തി.

പരുക്കിന്റെ പിടിയില്‍ നിന്ന് മുക്തനായ ഷമി പിന്നീട് ചെന്ന് വീണത് ഇന്ത്യയിലെ തീവ്രദേശീയവാദികളുടെ കൈകളിലേക്കായിരുന്നു

പിന്നീട് മാധ്യമങ്ങളുടെ ശ്രദ്ധ ഷമിയുടെ വ്യക്തിജീവിതത്തിലേക്ക് കേന്ദ്രീകൃതമായി. പങ്കാളിയായ ഹസിന്‍ ജഹാന്റെ ഗാർഹിക പീഡനാരോപണങ്ങളായിരുന്നു താരത്തെ മാനസികമായി വരിഞ്ഞുമുറുകിയത്.

''കുടുംബത്തിന്റെ പിന്തുണയില്ലായിരുന്നെങ്കില്‍ ക്രിക്കറ്റ് പോലും എനിക്ക് നഷ്ടമായേനെ. ഈ കാലഘട്ടത്തില്‍ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് മൂന്ന് തവണയെങ്കിലും ചിന്തിച്ചിട്ടുണ്ട് ഞാന്‍. എന്റെ കുടുംബാംഗങ്ങള്‍ എനിക്ക് കാവല്‍ നില്‍ക്കുകയായിരുന്നു. ഞാന്‍ ഉറങ്ങിയത് എപ്പോഴാണ് എണീറ്റത് എപ്പോഴാണ് എന്നൊന്നും എനിക്കറിയില്ല, പക്ഷെ എപ്പോഴും എന്റെ കൂടെ ഒരാളുണ്ടായിരുന്നു,'' ഷമി കൂട്ടിച്ചേർത്തു.

പരുക്കിന്റെ പിടിയില്‍ നിന്ന് മുക്തനായ ഷമി പിന്നീട് ചെന്ന് വീണത് ഇന്ത്യയിലെ തീവ്രദേശീയവാദികളുടെ കൈകളിലേക്കായിരുന്നു. 2021 ട്വന്റി 20 ലോകകപ്പാണ് വേദി, പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന്റെ പരാജയം രുചിച്ചപ്പോള്‍ ഷമിയായിരുന്നു കൂടുതല്‍ റണ്‍സ് വിട്ടുനല്‍കിയത്. 3.5 ഓവറില്‍ 43 റണ്‍സായിരുന്നു ഷമി അന്ന് വഴങ്ങിയത്.

തീവ്രദേശീയവാദികളേയും ആത്മഹത്യയേയും അതിജീവിച്ച ഷമി; ലോകകപ്പിലെ ഇന്ത്യയുടെ പേസ് മാന്ത്രികന്‍
ഫിഫ ലോകകപ്പും മണലാരണ്യത്തിലെത്തിച്ചു; സൗദിയുടെ പുതിയ 'എണ്ണ'യായി സ്പോർട്‌സ്

ലോകകപ്പില്‍ ചരിത്രത്തില്‍ പാകിസ്താനോടേല്‍ക്കുന്ന ആദ്യ തോല്‍വിയുടെ രോഷത്തിന് മുന്നില്‍ ഷമിയുടെ മുന്‍ലോകകപ്പുകളിലെ പ്രകടനവും റെക്കോഡുകളും ഒന്നുമല്ലാതായി മാറി. 'മുഹമ്മദ്‌ ഷമി' എന്ന പേരിന് മാത്രമായിരുന്നു ഇക്കൂട്ടർ പ്രധാന്യം നല്‍കിയത്. പാകിസ്താനെതിരെ ഷമി ഒത്തുകളിച്ചെന്ന ആരോപണം പങ്കാളിയായ ഹസിന്‍ ജഹാന്‍ തന്നെ ഉന്നയിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ താരത്തിനെതിരായ ആക്രമണം വർധിക്കുകയും ചെയ്തു. വിരാട് കോഹ്ലി ഉള്‍പ്പടെയുള്ള താരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചിട്ടും സൈബറിടങ്ങള്‍ ഷമിയെ വിട്ടില്ല. രാജ്യദ്രോഹി എന്ന അർത്ഥത്തില്‍ ഗദ്ദാർ വിളികളുമായാണ് അവർ താരത്തിന് നേരെ വിദ്വേഷം ചൊരിഞ്ഞത്.

ഒത്തുകളി ആരോപണം ഷമിയുടെ കരിയറിനെ തന്നെ ബാധിക്കുമെന്ന് കരുതിയിരുന്നു. ബിസിസിഐ താരവുമായുള്ള പ്രധാന കരാർ റദ്ദാക്കി. പിന്നീട് അന്വേഷണത്തില്‍ നിരപരാധിയാണെന്ന് തെളിഞ്ഞ ശേഷമായിരുന്നു കരാർ പുഃനസ്ഥാപിച്ചത്. ഹസിന്‍ ജഹാന്‍ 2018ല്‍ നല്‍കിയ ഗാർഹിക പീഡന കേസിലും കഴിഞ്ഞ മാസം ജാമ്യം നേടിയാണ് ഷമി ലോകകപ്പിനിറങ്ങിയത്. വ്യക്തിജീവിതത്തിലെ തിരിച്ചിടികളും ആത്മഹത്യ മുനമ്പും തരണം ചെയ്താണ് ഷമിയുടെ പന്തുകള്‍ ലോകകപ്പില്‍ ഇന്ത്യയ്ക്കായി വിക്കറ്റുകള്‍ പിഴുതെടുക്കുന്നത്.

logo
The Fourth
www.thefourthnews.in