സഞ്ജുവിന് ഇടമില്ല; ഇഷാനെ ഉള്‍പ്പെടുത്തി ഇന്ത്യ, ബൗളിങ് തെരഞ്ഞെടുത്തു

സഞ്ജുവിന് ഇടമില്ല; ഇഷാനെ ഉള്‍പ്പെടുത്തി ഇന്ത്യ, ബൗളിങ് തെരഞ്ഞെടുത്തു

ബാര്‍ബഡോസിലെ ക്വീന്‍സ്പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വെസ്റ്റിന്‍ഡീസിനെ ബാറ്റിങ്ങിന് അയച്ചു

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞ് ടീം ഇന്ത്യ. സഞ്ജുവിനെ ഒഴിവാക്കി വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെയാണ് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുവ പേസര്‍ മുകേഷ് കുമാറിന് അരങ്ങേറ്റത്തിനും അവസരം നല്‍കി.

ബാര്‍ബഡോസിലെ ക്വീന്‍സ്പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വെസ്റ്റിന്‍ഡീസിനെ ബാറ്റിങ്ങിന് അയയ്ക്കുകയും ചെയ്തു. രാത്രി ഏഴു മുതലാണ് മത്സരം. പരമ്പരയില്‍ സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. ലോകകപ്പിനു മുമ്പായി മധ്യനിരയില്‍ മികച്ച കോമ്പിനേഷന്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി സഞ്ജുവിനെയും ഇഷാനെയും മാറിമാറി മധ്യനിരയില്‍ പരീക്ഷിക്കാനാണ് നീക്കം.

എന്നാല്‍ മധ്യനിരയില്‍ കൂടുതല്‍ കളിച്ചു പരിചയമുള്ള സഞ്ജുവിനാണ് ഏവരും കൂടുതല്‍ സാധ്യത കല്‍പിച്ചിരുന്നത്. എന്നാല്‍ ബാറ്റിങ് നിരയില്‍ ആദ്യ നാലുപേരില്‍ ഒരു ഇടങ്കയ്യന്‍ ബാറ്റര്‍ ഇല്ലാത്ത സാഹചര്യത്തില്‍ സഞ്ജുവിനും പകരം ഇഷാനായിരിക്കും ടീമിന് കൂടുതല്‍ മുതല്‍ക്കൂട്ടാകുകയെന്ന നിഗമനത്തില്‍ ജാര്‍ഖണ്ഡ് താരത്തിന് കൂടുതല്‍ അവസരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

പരമ്പരയിലെ ശേഷിക്കുന്ന രണ്ടു മത്സരങ്ങളില്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കുമെന്നും പ്രതീക്ഷയുണ്ട്. ആറു ബാറ്റര്‍മാരും രണ്ട് ഓള്‍റൗണ്ടര്‍മാരും മൂന്ന് ബൗളര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. മറുവശത്ത് നാല് ഓള്‍റൗണ്ടര്‍മാരുടെ കരുത്തിലാണ് വിന്‍ഡീസ് ഇറങ്ങുന്നത്.

ടീം:-

ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ഇഷാന്‍ കിഷന്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷാര്‍ദ്ദൂല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.

വെസ്റ്റിന്‍ഡീസ്: ഷായ് ഹോപ്, കൈല്‍ മേയേഴ്‌സ്, ബ്രാന്‍ഡന്‍ കിങ്, അലിക് അഥാന്‍സെ, ഷിംറോണ്‍ ഹെറ്റ്മയര്‍, റൊമാരിയോ ഷെപ്പേര്‍ഡ്, യാന്നിക് കരിയ, റോവ്മാന്‍ പവല്‍, ഡൊമിനിക് ഡ്രേക്‌സ്, ജെയ്ഡന്‍ സീല്‍സ്, ഗുഡാകേഷ് മോട്ടി.

logo
The Fourth
www.thefourthnews.in