സുനില്‍ നരെയ്‌ന് സെഞ്ചുറി; നൈറ്റ് റൈഡേഴ്‌സിനെതിരേ റോയല്‍സിന് 224 റണ്‍സ് ലക്ഷ്യം

സുനില്‍ നരെയ്‌ന് സെഞ്ചുറി; നൈറ്റ് റൈഡേഴ്‌സിനെതിരേ റോയല്‍സിന് 224 റണ്‍സ് ലക്ഷ്യം

നരെയ്ന്‍ 56 പന്തുകളില്‍ നിന്ന് 13 ബൗണ്ടറികളും ആറ് സിക്‌സറുകളും സഹിതം 109 റണ്‍സാണ് അടിച്ചെടുത്തത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് പടുകൂറ്റന്‍ വിജയലക്ഷ്യം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സാണ് നേടിയത്. സെഞ്ചുറി നേടിയ ഓപ്പണര്‍ സുനില്‍ നരെയ്‌ന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് അവരെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

നരെയ്ന്‍ 56 പന്തുകളില്‍ നിന്ന് 13 ബൗണ്ടറികളും ആറ് സിക്‌സറുകളും സഹിതം 109 റണ്‍സാണ് അടിച്ചെടുത്തത്. വിന്‍ഡീസ് താരത്തിനു പുറമേ 18 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 30 റണ്‍സ് നേടിയ യുവതാരം അംഗ്രിഷ് രഘുവംശിയാണ് കൊല്‍ക്കത്ത നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. ഒമ്പതു പന്തുകളില്‍ നിന്ന് ഒരു ഫോറും രണ്ടു സിക്‌സറുകളും സഹിതം 20 റണ്‍സ് നേടി പുറത്താകാതെ നിന്ന റിങ്കു സിങ്ങാണ് അവസാന ഓവറുകളില്‍ ടീമിനെ 220 കടത്തിയത്.

കൊല്‍ക്കത്ത നിരയില്‍ മറ്റാര്‍ക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ഓപ്പണര്‍ ഫില്‍ സോള്‍ട്ട്(10), നായകന്‍ ശ്രേയസ് അയ്യര്‍(11), ഓള്‍റൗണ്ടര്‍മാരായ ആന്ദ്രെ റസല്‍(13), വെങ്കിടേഷ് അയ്യര്‍(8) എന്നിവര്‍ നിരാശപ്പെടുത്തി. ഇന്നിങ്‌സ് അസവാനിക്കുമ്പോള്‍ ഒരു റണ്ണുമായി രമണ്‍ദീപ് സിങ് ആയിരുന്നു റിങ്കുവിനൊപ്പം ക്രീസില്‍.

നേരത്തെ ടോസ് നേടിയ റോയല്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പതിഞ്ഞ തുടക്കമായിരുന്നു കൊല്‍ക്കത്തയുടേത്. എന്നാല്‍ പിന്നീട് നരെയ്ന്‍ മികച്ച ഫോമിലേക്ക് ഉയര്‍ന്നതോടെ റോയല്‍സ് ബൗളര്‍മാരുടെ പിടി അയഞ്ഞു. രാജസ്ഥാനു വേണ്ടി രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ആവേശ് ഖാന്‍, കുല്‍ദീപ് സിങ് എന്നിവരാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ട്രെന്റ് ബോള്‍ട്ട്, യൂസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

logo
The Fourth
www.thefourthnews.in