ശ്രീലങ്കയെ ന്യുസീലൻഡ് തോല്‍പ്പിച്ചു; ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍

ശ്രീലങ്കയെ ന്യുസീലൻഡ് തോല്‍പ്പിച്ചു; ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍

രണ്ട് വിക്കറ്റുകള്‍ക്കായിരുന്നു ന്യൂസിലന്റ് വിജയം. ഇതോടെ ഓസ്‌ട്രേലിയയോടുള്ള അവസാന മത്സരത്തിലെ ഫലം ഇന്ത്യയ്ക്ക് ആശ്രയിക്കേണ്ടതില്ല.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സ്ഥാനം ഉറപ്പിച്ച് ഇന്ത്യ. ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന മത്സരം പുരോഗമിക്കെ ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തില്‍ ന്യുസീലൻഡ് മികച്ച വിജയം നേടിയതോടെയാണ് സാഹചര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായത്. നായകന്‍ കെയിന്‍ വില്യംസിന്റെയും ഡാരില്‍ മിച്ചലിന്റെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് ശ്രീലങ്കയ്ക്ക് എതിരായ മിന്നും വിജയത്തിന് ന്യുസീലൻഡിനെ സഹായിച്ചത്. രണ്ട് വിക്കറ്റുകള്‍ക്കായിരുന്നു ന്യുസീലൻഡ് വിജയം. ഇതോടെ ഓസ്‌ട്രേലിയയോടുള്ള അവസാന മത്സരത്തിലെ ഫലം ഇന്ത്യയ്ക്ക് ആശ്രയിക്കേണ്ടതില്ല.

അവസാന ബോള്‍ വരെ ആവേശം നിലനിര്‍ത്തിയ ശേഷമായിരുന്നു ന്യുസീലൻഡിന്റെ ജയം. മത്സരത്തിന്റെ അഞ്ചാം ദിനത്തില്‍ മഴ കൂടി വില്ലനായതോടെ 53 ഓവറുകള്‍ മാത്രമായിരുന്നു കളിയുണ്ടായത്. ഏകദിന മത്സരത്തിന്റെ പ്രതീതി നിലനിര്‍ത്തിയായിരുന്നു അവസാന ദിനം നായകന്‍ വില്യംസനും(121*) ഡാരില്‍ മിച്ചലും (81) ശ്രീലങ്കയെ പ്രതിരോധിച്ചത്. വിക്കറ്റുകള്‍ വീഴ്ത്തി കളിപിടിക്കാന്‍ ശ്രീലങ്കയും കിണഞ്ഞു പരിശ്രമിച്ചു.

മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ 355 റണ്‍സാണ് ശ്രീലങ്ക നേടിയത്. തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ന്യുസീലൻഡ് ഡാരില്‍ മിച്ച (102)ലിന്റെ മികവില്‍ ഒന്നാം ഇന്നിങ്ങ്‌സില്‍ 18 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. കരുതലോടെ രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ശ്രീലങ്ക എഞ്ചലോ മാത്യൂസിന്റെ സെഞ്ചുറിയുള്‍പ്പെടെ 302 റണ്‍സ് സ്വന്തമാക്കി. ഇതോടെ ന്യുസീലൻഡിന്റെ വിജയലക്ഷ്യം 285 റണ്‍സായി മാറുകയായിരുന്നു.

അതേസമയം, ഇന്ത്യ ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ അഹമ്മദാബാദ് ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുകയാണ്. അഞ്ചാം ദിനം ഇന്ത്യയ്ക്ക് എതിരെ ഓസ്‌ട്രേലിയ 14 ഏഴ് റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. നിലവില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. ഒന്നാം ഇന്നിങ്‌സില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 480 റണ്‍സ് എന്ന വലിയ കടമ്പ ഇന്ത്യ അനായാസം മറികടന്നിരുന്നു.179.5 ഓവറില്‍ 571 റണ്‍സാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ നേടിയത്.

കോഹ്ലിയുടെയും അക്സര്‍ പട്ടേലിന്റെയും കൂട്ടുകെട്ടാണ് ഇന്ത്യയെ ഓസ്ട്രേലിയ ഉയര്‍ത്തിയ 480 എന്ന സ്‌കോറിനെ മറികടക്കാന്‍ സഹായിച്ചത്. 241-ാം പന്തില്‍ തന്റെ 28ാമത്തെ ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയ കോഹ്ലി മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് കൂടിയാണ് വിരാമമിട്ടത്.

logo
The Fourth
www.thefourthnews.in