മനം കവര്‍ന്ന് അഫ്ഗാന്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും മികച്ച സ്‌കോര്‍

മനം കവര്‍ന്ന് അഫ്ഗാന്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും മികച്ച സ്‌കോര്‍

സെഞ്ചുറിക്ക് മൂന്ന് റണ്‍സ് അകലെ പുറത്താകാതെ നിന്ന് മധ്യനിര താരം അസ്മത്തുള്ള ഒമര്‍സായിയുടെ മികച്ച ബാറ്റിങ്ങാണ് അവരെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ അസ്തമിച്ചിട്ടും മികച്ച പോരാട്ടം കാഴ്ചവച്ച് ആരാധകരുടെ മനംകവര്‍ന്ന് അഫ്ഗാനിസ്താന്‍. ഇന്ന് തങ്ങളുടെ അവസാന മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 244 റണ്‍സാണ് നേടിയത്. സെഞ്ചുറിക്ക് മൂന്ന് റണ്‍സ് അകലെ പുറത്താകാതെ നിന്ന് മധ്യനിര താരം അസ്മത്തുള്ള ഒമര്‍സായിയുടെ മികച്ച ബാറ്റിങ്ങാണ് അവരെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്.

107 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതമാണ് അസ്മത്തുള്ള 97 റണ്‍സുമായി പുറത്താകാതെ നിന്നത്. മധ്യനിരതാരം റഹ്മത്ത് ഷാ(26), വാലറ്റതാരം നൂര്‍ അഹമ്മദ്(26), ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ്(25) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. കഴിഞ്ഞ മത്സരത്തിലെ ഹീറോ ഇബ്രാഹിം സദ്രാന്‍ 15 റണ്‍സ് നേടി പുറത്തായി.

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി പത്തോവറില്‍ 44 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ പേസര്‍ ജെറാള്‍ഡ് കോട്‌സെയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. രണ്ടു വിക്കറ്റുകളുമായി ലുങ്കി എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവരും ഒരു വിക്കറ്റുമായി ആന്‍ഡിലെ ഫെഹ്ലുക്വായോയും മികച്ച പിന്തുണ നല്‍കി.

logo
The Fourth
www.thefourthnews.in