പാകിസ്താന്‍-ന്യൂസിലന്‍ഡ് സന്നാഹ മത്സരം അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടക്കും

പാകിസ്താന്‍-ന്യൂസിലന്‍ഡ് സന്നാഹ മത്സരം അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടക്കും

ടിക്കറ്റ് വാങ്ങിയ ആരാധകര്‍ക്ക് പണം റീഫണ്ട് ചെയ്തുനല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ അരംഭിച്ചുവെന്നും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങള്‍ പറഞ്ഞു

ഏകദിന ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായി ഹൈദരാബാദില്‍ നടത്താന്‍ നിശ്ചയിച്ച പാകിസ്താന്‍-ന്യൂസിലന്‍ഡ് സന്നാഹ മത്സരം അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടക്കും. മത്സരത്തിന് കാണികളെ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. മത്സരദിനമായ സെപ്റ്റംബര്‍ 29-ന് മതിയായ സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്ന് ഹൈദരാബാദ് സിറ്റി പോലീസ് അറിയിച്ചതോടെയാണ് തീരുമാനം.

സെപ്റ്റംബര്‍ 29-ന് ഗണേശ ചതുര്‍ഥിയും നബിദിനവും ഒന്നിച്ചു വരുന്നതിനാലാണ് സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്നു പോലീസ് അറിയിച്ചത്. വിവിധ പ്രദേശങ്ങളില്‍ നിന്ന് നബിദിന റാലികളും ഗണേശ വിഗ്രഹവുമായുള്ള ഷോഷയാത്രകളും നഗരത്തിലേക്കു കടന്നുവരുന്നതിനാല്‍ അതിന് സുരക്ഷയൊരുക്കേണ്ടതിനാല്‍ മത്സരത്തിനായി സ്‌റ്റേഡിയത്തിനു ചുറ്റും വിന്യസിക്കാന്‍ മതിയായ സന്നാഹം തികയില്ലെന്നു പോലീസ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിരുന്നു.

എന്നാല്‍ ഇരുടീമുകള്‍ക്കും അവരുടെ താമസസ്ഥലങ്ങളിലും സ്‌റ്റേഡിയത്തിലേക്കുള്ള യാത്രയ്ക്കുമെല്ലാം സുരക്ഷ നല്‍കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ടെന്ന് എച്ച്.സി.എ വ്യക്തമാക്കി. സന്നാഹ മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന നേരത്തെ ആരംഭിച്ചിരുന്നു. ടിക്കറ്റ് വാങ്ങിയ ആരാധകര്‍ക്ക് പണം റീഫണ്ട് ചെയ്തുനല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ അരംഭിച്ചുവെന്നും എച്ച്.സി.എ. വൃത്തങ്ങള്‍ പറഞ്ഞു.

രണ്ട് സന്നാഹ മത്സരങ്ങളാണ് ഹൈദരാബാദില്‍ നടക്കുന്നത്. 29-ന് പാകിസ്താന്‍-ന്യൂസിലന്‍ഡ് മത്സരവും പിന്നീട് ഒക്‌ടോബര്‍ മൂന്നിന് പാകിസ്താന്‍-ഓസ്‌ട്രേലിയ മത്സരവും ഹൈദരാബാദില്‍ അരങ്ങേറും. ഇതിനു പുറമേ ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിലെ മൂന്നു മത്സരങ്ങള്‍ക്കും ഹൈദരാബാദ് ഉപ്പാല്‍ സ്‌റ്റേഡിയം വേദിയാകുന്നുണ്ട്. ഒക്‌ടോബര്‍ ആറിന് പാകിസ്താനും നെതര്‍ലന്‍ഡ്‌സും തമ്മിലും ഒമ്പതിന് നെതര്‍ലന്‍ഡ്‌സും ന്യൂസിലന്‍ഡും തമ്മിലും 10-ന് പാകിസ്താനും ശ്രീലങ്കയും തമ്മിലുമാണ് ഗ്രൂപ്പ് മത്സരങ്ങള്‍.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in