വാങ്ക്‌ഡെയില്‍ അടിച്ചുതകര്‍ത്ത് സൂപ്പര്‍ ജയന്റ്‌സ്; മുംബൈ ഇന്ത്യന്‍സിന് പടുകൂറ്റന്‍ ലക്ഷ്യം

വാങ്ക്‌ഡെയില്‍ അടിച്ചുതകര്‍ത്ത് സൂപ്പര്‍ ജയന്റ്‌സ്; മുംബൈ ഇന്ത്യന്‍സിന് പടുകൂറ്റന്‍ ലക്ഷ്യം

നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് അടിച്ചുകൂട്ടിയത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിന്215 റണ്‍സ് വിജയലക്ഷ്യം. സ്വന്തം തട്ടകമായ വാങ്ക്‌ഡെയില്‍ ടോസ് നേടിയ മുംബൈ ലഖ്‌നൗവിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് സന്ദര്‍ശകര്‍ അടിച്ചുകൂട്ടിയത്.

തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ മധ്യനിര താരം നിക്കോളാസ് പൂരന്റെയും നായകന്‍ കെഎല്‍ രാഹുലിന്റെയും മിന്നും പ്രകടനങ്ങളാണ് ലഖ്‌നൗവിന് തുണയായത്. പൂരന്‍ ആയിരുന്നു കൂടുതല്‍ ആക്രമണകാരി. 29 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും എട്ട് സിക്‌സറുകളുമാണ് വിന്‍ഡീസ് താരം അടിച്ചുകൂട്ടിയത്. ലഖ്‌നൗവിന്റെ ടോപ്‌സ്‌കോററും പൂരനാണ്.

41 പന്തുകളില്‍ നിന്ന് മൂന്നു വീതം ഫോറും സിക്‌സും സഹിതം 55 റണ്‍സാണ് രാഹുല്‍ നേടിയത്. നാലാം വിക്കറ്റില്‍ പൂരന്‍-രാഹുല്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 109 റണ്‍സാണ് ലഖ്‌നൗ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. ഇരുവര്‍ക്കും പുറേേ 22 പന്തുകളില്‍ നിന്ന് 28 റണ്‍സ് നേടിയ മാര്‍ക്കസ് സ്‌റ്റോയ്‌നിസിനു മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. 10 പന്തില്‍ 22 റണ്‍സുമായി ആയുഷ് ബദോനിയും ഏഴു പന്തില്‍ 12 റണ്‍സുമായി ക്രുണാല്‍ പാണ്ഡ്യയും പുറത്താകാതെ നിന്നു.

ദേവ്ദത്ത് പടിക്കല്‍(0), ദീപക് ഹൂഡ(11), അര്‍ഷദ് ഖാന്‍(0) എന്നിവര്‍ നിരാശപ്പെടുത്തി. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇല്ലാതെ ഇറങ്ങിയ മുംബൈയ്ക്കു വേണ്ടി നാലോവറില്‍ 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ പേസര്‍ നുവാന്‍ തുഷാരയും നാലോവറില്‍ 29 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ പീയുഷ് ചൗളയുമാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ഇരുടീമുകളും പ്ലേ ഓഫ് കാണാതെ പുറത്തായിക്കഴിഞ്ഞതിനാല്‍ ഇന്നത്തെ മത്സരഫലത്തിന് പ്രസക്തിയില്ല. എങ്കിലും ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനാണ് ഇരുകൂട്ടരുടെയും ശ്രമം.

logo
The Fourth
www.thefourthnews.in