129 പന്തില്‍ 200; റെക്കോഡ് പ്രകടനവുമായി പൃഥ്വി ഷാ

129 പന്തില്‍ 200; റെക്കോഡ് പ്രകടനവുമായി പൃഥ്വി ഷാ

81 പന്തുകളില്‍ നിന്ന് 14 ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതമാണ് 100 തികച്ചത്. പിന്നീട് ഇരട്ട സെഞ്ചുറിയിലേക്ക് എത്താന്‍ കേവലം 48 പന്തുകളേ വേണ്ടി വന്നുള്ളു.

ഇംഗ്ലീഷ് കൗണ്ടില്‍ അവിസ്മരണീയ പ്രകടനവുമായി ഇന്ത്യന്‍ യുവതാരം പൃഥ്വി ഷാ. ഇംഗ്ലണ്ട് വണ്‍ ഡേ കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ നോര്‍താംപ്ടണ്‍ഷയര്‍ താരമായ പൃഥ്വി ഇന്നു നടന്ന മത്സരത്തില്‍ സോമര്‍സെറ്റിനെതിരേ തകര്‍പ്പന്‍ ഇരട്ട സെഞ്ചുറി നേടിയാണ് താരമായത്. മത്സരത്തില്‍ വെറും 129 പന്തില്‍ നിന്ന് 200 തികച്ച താരം ചാമ്പ്യന്‍ഷിപ്പിലെ വേഗമേറിയ ഇരട്ടസെഞ്ചുറിയെന്ന റെക്കോഡും, ഇരട്ടസെഞ്ചുറി തികയ്ക്കുന്ന മൂന്നാമത്തെ താരമെന്ന ബഹുമതിയും സ്വന്തമാക്കി.

മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ പൃഥ്വി 153 പന്തുകളില്‍ നിന്ന് 28 ബൗണ്ടറികളും 11 സിക്‌സറുകളും സഹിതം 244 റണ്‍സ് നേടിയാണ് പുറത്തായത്. ഇതോടെ ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന താരമെന്ന റെക്കോഡും ഷാ സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം കെന്റ് താരം ഒലി റോബിന്‍സണും സസക്‌സ് താരം അലി ഓറും കുറിച്ച 206 റണ്‍സ് എന്ന റെക്കോഡാണ് പഴങ്കഥയായത്.

ഇന്നു മത്സരത്തിന്റെ ആദ്യ പന്ത് മുതല്‍ ആക്രമിച്ചു കളിച്ച പൃഥ്വി 81 പന്തുകളില്‍ നിന്ന് 14 ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതമാണ് 100 തികച്ചത്. പിന്നീട് 1ഇരട്ട സെഞ്ചുറിയിലേക്ക് എത്താന്‍ കേവലം 48 പന്തുകളേ വേണ്ടി വന്നുള്ളു. ഒടുവില്‍ 153 പന്തില്‍ 244 റണ്‍സുമായി പൃഥി പുറത്താകുമ്പോള്‍ ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ആറാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ പിറന്നിരുന്നു.

നോര്‍താംപ്ടണിനു വേണ്ടി പൃഥ്വിയുടെ രണ്ടാം മത്സരമാണിത്. കഴിഞ്ഞ ദിവസം നടന്ന അരങ്ങേറ്റ മത്സരത്തില്‍ ഗ്ലസസ്റ്റര്‍ഷയറിനെതിരേ പൃഥ്വിയെ നിര്‍ഭാഗ്യം പിടികൂടിയിരുന്നു. 34 പന്തില്‍ 34 റണ്‍സ് നേടി മികച്ച രീതിയില്‍ തുടങ്ങിയ താരം ഒരു ബൗണ്‍സര്‍ കളിക്കാനുള്ള ശ്രമത്തിനിടെ ഹിറ്റ് വിക്കറ്റായി പുറത്താകുകയായിരുന്നു. ആ നിരാശ മായ്ക്കുന്ന പ്രകടനമായിരുന്നു ഇന്ന് പുറത്തെടുത്തത്.

logo
The Fourth
www.thefourthnews.in