'ആദ്യം ആശങ്ക, സ്വീകാര്യത ലഭിച്ചപ്പോള്‍ ട്രാക്കിലായി'; പിഎസ്എല്ലിലെ ആദ്യ വനിത പരിശീലക അലക്സ് ഹാർട്ട്ലി സംസാരിക്കുന്നു

'ആദ്യം ആശങ്ക, സ്വീകാര്യത ലഭിച്ചപ്പോള്‍ ട്രാക്കിലായി'; പിഎസ്എല്ലിലെ ആദ്യ വനിത പരിശീലക അലക്സ് ഹാർട്ട്ലി സംസാരിക്കുന്നു

ലെഗ് സ്പിന്നറായ ഉസാമ മിറിനെ സഹായിക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും മികച്ച നേട്ടമായി കരുതുന്നതെന്നും ഹാർട്ട്ലി പറഞ്ഞു

ടീമിന് എന്നെ ആവശ്യമുണ്ടെന്ന് "മുള്‍ട്ടാന്‍ സുല്‍ത്താന്റെ ഉടമയായ അലി അറിയിച്ചപ്പോള്‍ എനിക്ക് നിരസിക്കാനായില്ല. എല്ലാവരും സ്വാഗതം ചെയ്യുന്നു, മനസിലാക്കുന്നു. അലി അതിർവരുമ്പുകള്‍ ഭേദിച്ചിരിക്കുന്നു," പാകിസ്താന്‍ സൂപ്പർ ലീഗിലെ ആദ്യ വനിത പരിശീലകയും ഇംഗ്ലണ്ടിന്റെ മുന്‍ താരവുമായ അലക്സ് ഹാർട്ട്ലിയുടെ വാക്കുകളാണിത്. ഹാർട്ട്ലിയോടൊപ്പം ചരിത്രത്തിന്റെ ഭാഗമായ മറ്റൊരാളുകൂടിയുണ്ട്, ഫാസ്റ്റ് ബൗളിങ് പരിശീലകയായ കാതറിന്‍ ഡാള്‍ട്ടണ്‍. മുള്‍ട്ടാന്‍ സുല്‍ത്താന്റെ അസിസ്റ്റന്റ് സ്പിന്‍ ബൗളിങ് പരിശീലകയാണ് ഹാർട്ട്ലി.

"എല്ലാവരും എന്നെ ബഹുമാനിക്കുമോയെന്ന സംശയമുണ്ടായിരുന്നു. പ്രത്യേകിച്ചും ഞാന്‍ വ്യത്യസ്തമായ ഒരു പശ്ചാത്തലത്തില്‍ നിന്ന് വരുന്നതുകൊണ്ട്. എന്റെ വരവിന് പിന്നാലെ തന്നെ അലി ഒരു ടീം മീറ്റിങ് വിളിച്ചു, എല്ലാവരേയും പരിചയപ്പെടുത്തി, അപ്പോള്‍ തന്നെ സ്വന്തം ഇടമെന്നൊരു തോന്നലുണ്ടായി," ദേശീയ മാധ്യമമായ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് ഹാർട്ട്ലി പറഞ്ഞു.

"താരങ്ങളുടെ ഭാഗത്തുനിന്നും അനുകൂലമായ സമീപനമാണ്. എന്റെ നിർദേശങ്ങള്‍ അംഗീകരിക്കുന്നുണ്ട്. എന്നോട് എന്താണ് പദ്ധതികളെന്ന് ഇങ്ങോട്ട് ചോദിക്കും, നല്ല പിന്തുണയാണ് ലഭിക്കുന്നത്. ആശയവിനിമയത്തിന് പ്രശ്നങ്ങളൊന്നും നേരിടുന്നില്ല, പക്ഷേ, കുറച്ച് ഹിന്ദിയും ഉറുദുവും അറിയാമെങ്കില്‍ കൊള്ളാമായിരുന്നെന്ന് തോന്നിയിട്ടുണ്ട്," ഹാർട്ട്ലി കൂട്ടിച്ചേർത്തു.

'ആദ്യം ആശങ്ക, സ്വീകാര്യത ലഭിച്ചപ്പോള്‍ ട്രാക്കിലായി'; പിഎസ്എല്ലിലെ ആദ്യ വനിത പരിശീലക അലക്സ് ഹാർട്ട്ലി സംസാരിക്കുന്നു
വനിതകളുടെ ആഭ്യന്തര ക്രിക്കറ്റില്‍ ടെസ്റ്റ് ഫോർമാറ്റ് തിരിച്ചെത്തുന്നു; ടൂർണമെന്റ് ഡബ്ല്യുപിഎല്ലിന് ശേഷം

ലെഗ് സ്പിന്നറായ ഉസാമ മിറിനെ സഹായിക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും മികച്ച നേട്ടമായി കരുതുന്നതെന്നും ഹാർട്ട്ലി വ്യക്തമാക്കി. പിഎസ്എല്ലില്‍ ആറ് വിക്കറ്റ് നേടുന്ന ആദ്യ സ്പിന്നറാണ് മിർ. പിഎസ്എല്ലില്‍ ഇതുവരെ ആറ് കളികളില്‍ നിന്ന് 13 വിക്കറ്റുകളാണ് മിർ നേടിയിട്ടുള്ളത്.

"ടൂർണമെന്റ് ആരംഭിക്കുന്നതിന് മുന്‍പ് ഒരുപാട് തയാറെടുപ്പുകള്‍ മിർ നടത്തിയിട്ടുണ്ട്. ലോകകപ്പിലെ തിരിച്ചടികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടിട്ടാകണം. റണ്‍സ് ചോരുന്നത് എവിടെയാണെന്ന് കണ്ടെത്താന്‍ സഹായിക്കണമെന്നായിരുന്നു മിർ ആദ്യം ആവശ്യപ്പെട്ടത്. മിറിന് അവിടെയാണ് മെച്ചപ്പെടേണ്ടിയിരുന്നത്," ഹാർട്ട്ലി വ്യക്തമാക്കി.

വനിത പ്രീമിയർ ലീഗിന്റെ പ്രാധാന്യത്തെക്കുറിച്ചും ഹാർട്ട്ലി സംസാരിച്ചു. ഹണ്ട്രഡിന് സമാനമായി ലോകത്തിലെ മികച്ച ലീഗുകളിലൊന്നാണ് ഡബ്ല്യുപിഎല്‍. നിലവില്‍ ഡബ്ല്യുപിഎല്‍ രണ്ട് വേദികളില്‍ മാത്രമാണ് നടക്കുന്നത്, കൂടുതല്‍ വേദികളിലേക്ക് വ്യാപിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഹാർട്ട്ലി പറഞ്ഞു.

logo
The Fourth
www.thefourthnews.in