തിരിച്ചുവരവ് ഗംഭീരം; അര്‍ധസെഞ്ചുറിയും 5000 ക്ലബില്‍ അംഗത്വവും നേടി 'രക്ഷകന്‍' രഹാനെ

തിരിച്ചുവരവ് ഗംഭീരം; അര്‍ധസെഞ്ചുറിയും 5000 ക്ലബില്‍ അംഗത്വവും നേടി 'രക്ഷകന്‍' രഹാനെ

മൂന്നാം ദിനമായ ഇന്ന് ലഞ്ചിനു പിരിയുമ്പോള്‍ രഹാനെയുടെയും താക്കൂറിന്റെയും കൂട്ടുകെട്ടിന്റെ മികവില്‍ ആറിന് 260 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഫോളോഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്ക് ഇനിയും 10 റണ്‍സ് കൂടി വേണം.

ഒന്നര വര്‍ഷത്തിനു ശേഷം രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി ഇന്ത്യന്‍ മധ്യനിര താരം അജിന്‍ക്യ രഹാനെ. ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ പ്രതീക്ഷകളുടെ നങ്കൂരമായി ക്രീസില്‍ ഉറച്ചുനില്‍ക്കുകയാണ് താരം.

ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 469 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ മൂന്നിന് 50 എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുമ്പോള്‍ ക്രീസിലെത്തിയ രാഹാനെയാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്നു കരകയറ്റിയത്. ആദ്യം അഞ്ചാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം 71 റണ്‍സും പിന്നീട് പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഷാര്‍ദ്ദൂല്‍ താക്കൂറിനൊപ്പം ഇതുവരെ 100 റണ്‍സും കൂട്ടിച്ചേര്‍ക്കാന്‍ താരത്തിനായി.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 122 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 89 റണ്‍സുമായാണ് താരം പുറത്താകാതെ നില്‍ക്കുന്നത്. ഇതിനിടെ തന്റെ കരിയറില്‍ ഒരു നാഴികക്കല്ല് പിന്നിടാനും രഹാനെയ്ക്കായി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ മൂന്നാം ദിനമായ ഇന്നത്തെ ആദ്യ സെഷനില്‍ താരം ടെസ്റ്റ് ക്രിക്കറ്റില്‍ 5000 റണ്‍സ് തികയ്ക്കുന്ന താരങ്ങളുടെ ക്ലബില്‍ ഇടംനേടി.

തന്റെ 83-ാം ടെസ്റ്റ് മത്സരത്തില്‍ നിന്നാണ് താരം ഈ നേട്ടം കൊയ്തത്. 2013-ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച രഹാനെ ഇതുവരെ 141 ഇന്നിങ്‌സുകളില്‍ നിന്ന് 12 സെഞ്ചുറികളും 25 അര്‍ധസെഞ്ചുറികളും സഹിതം 5020 റണ്‍സാണ് ഇതുവരെ താരത്തിന്റെ പേരില്‍ ചേര്‍ക്കപ്പെട്ടിട്ടുള്ളത്. 39.14 ആണ് ശരാശരി.

നീണ്ട ഇടവേളയ്ക്കു ശേഷമാണ് രഹാനെ രാജ്യാന്തര ടെസ്റ്റ് വേദിയിലേക്ക് തിരിച്ചെത്തിയത്. ഇതിനു മുമ്പ് 2022 ജനുവരിയിലാണ് താരം ഒരു ടെസ്റ്റ് മത്സരം കളിച്ചത്. പിന്നീട് മോശം ഫോമിനെത്തുടര്‍ന്ന് ദേശീയ ടീമില്‍ നിന്നൃ പുറത്തായ താരം ഒന്നര വര്‍ഷത്തിനു ശേഷം ആഭ്യന്തര ക്രിക്കറ്റ്-ഐപിഎല്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് തിരികെ ഇടംനേടിയത്. ഐപിഎല്ലിലെ മികച്ച ഫോമിനെത്തുടര്‍ന്നാണ് സെലക്ടര്‍മാര്‍ രഹാനെയെ വീണ്ടും പരിഗണിച്ചത്. തന്നിലര്‍പ്പിച്ച വിശ്വാസം കാക്കാന്‍ രഹാനെയ്ക്കു കഴിയുകയും ചെയ്തു.

ഫൈനലിന്റെ മൂന്നാം ദിനമായ ഇന്ന് ലഞ്ചിനു പിരിയുമ്പോള്‍ രഹാനെയുടെയും താക്കൂറിന്റെയും കൂട്ടുകെട്ടിന്റെ മികവില്‍ ആറിന് 260 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഫോളോഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്ക് ഇനിയും 10 റണ്‍സ് കൂടി വേണം. നിലവില്‍ ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറിലേക്കെത്താന്‍ 209 റണ്‍സിന്റെ കുറവാണ് ഇന്ത്യക്കുള്ളത്.

logo
The Fourth
www.thefourthnews.in