രാഹുലും ജഡേജയും തിളങ്ങി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്
Saikat

രാഹുലും ജഡേജയും തിളങ്ങി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്

119-1 എന്ന നിലയില്‍ രണ്ടാം ദിനം കളിയാരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണർ യശസ്വി ജയ്സ്വാളിനെ നഷ്ടമായി

ഹൈദരാബാദ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ 421-7 എന്ന നിലയിലാണ് ഇന്ത്യ. ഇംഗ്ലണ്ട് ഉയർത്തിയ 246 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ പിന്തുടർന്ന ഇന്ത്യയ്ക്ക് 175 റണ്‍സിന്റെ ലീഡാണ് നിലവിലുള്ളത്. രവീന്ദ്ര ജഡേജ (81), അക്സർ പട്ടേല്‍ (35) എന്നിവരാണ് ക്രീസില്‍.

119-1 എന്ന നിലയില്‍ രണ്ടാം ദിനം കളിയാരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണർ യശസ്വി ജയ്സ്വാളിനെ നഷ്ടമായി. 74 പന്തില്‍ 80 റണ്‍സെടുത്ത താരം ജോ റൂട്ടിന്റെ പന്തിലാണ് മടങ്ങിയത്. 23 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ ഒരിക്കല്‍ക്കൂടി വെള്ളക്കുപ്പായത്തില്‍ നിരാശപ്പെടുത്തി. ടോം ഹാർട്ട്ലിയുടെ പന്തില്‍ ഡക്കറ്റിന് ക്യാച്ച് നല്‍കിയായിരുന്നു ഗില്‍ മടങ്ങിയത്. ഗില്ലിന്റെ പുറത്താകലിന് ശേഷം കെ എല്‍ രാഹുലും ശ്രേയസ് അയ്യരും കൈകോർത്തതോടെ ഇന്ത്യന്‍ ഇന്നിങ്സ് ട്രാക്കിലായി.

രാഹുലും ജഡേജയും തിളങ്ങി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്
പേസറായി തുടങ്ങി 'സ്പിന്‍ ചെയ്ത്' ബാറ്ററായി മാറിയ രജത് പാട്ടീദാര്‍; ടീം ഇന്ത്യയില്‍ കോഹ്ലിയുടെ പകരക്കാരന്‍

നാലാം വിക്കറ്റില്‍ 64 റണ്‍സാണ് സഖ്യം ചേർത്തത്. പിന്നീട് രവീന്ദ്ര ജഡേജയുമൊത്ത് 65 റണ്‍സും രാഹുല്‍ നേടി. സെഞ്ചുറിയിലേക്ക് കുതിക്കെയായിരുന്നു രാഹുല്‍ വീണത്. 123 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും ഉള്‍പ്പെട്ട ഇന്നിങ്സില്‍ 86 റണ്‍സാണ് രാഹുല്‍ നേടിയത്.

രാഹുലിന് ശേഷമെത്തിയ ശ്രീകർ ഭരതും ജഡേജയും ചേർന്ന് മറ്റൊരു അർധ സെഞ്ചുറി കൂട്ടുകെട്ടുകൂടി ഉയർത്തി. 41 റണ്‍സായിരുന്നു ഭരതിന്റെ സമ്പാദ്യം. റൂട്ട് താരത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ടെസ്റ്റ് കരിയറിലെ 20-ാം അർധ സെഞ്ചുറി കുറിച്ച ജഡേജയും അക്സർ പട്ടേലുമാണ് നിലവില്‍ ക്രീസില്‍.

ഇതിനോടകം തന്നെ 63 റണ്‍സ് ചേർക്കാന്‍ ഇരുവർക്കുമായിട്ടുണ്ട്. മൂന്നാം ദിനത്തിന്റെ ആദ്യ സെഷനില്‍ ലീഡ് 250ന് മുകളിലെത്തിക്കുക എന്ന ലക്ഷ്യമായിരിക്കും ഇരുവർക്കും മുന്നിലുള്ളത്. ഇംഗ്ലണ്ടിനായി ഹാർട്ട്ലിയും റൂട്ടും രണ്ട് വീതം വിക്കറ്റ് നേടിയിട്ടുണ്ട്. ജാക്ക് ലീച്ചും റെഹാന്‍ അഹമ്മദും ഓരോ വിക്കറ്റും സ്വന്തമാക്കി.

logo
The Fourth
www.thefourthnews.in