ഇനി പാചകത്തിന്റെ 'ക്രീസില്‍'; ആംസ്റ്റർഡാമില്‍ പുതിയ റെസ്റ്റോറൻ്റ് തുറന്ന് റെയ്ന

ഇനി പാചകത്തിന്റെ 'ക്രീസില്‍'; ആംസ്റ്റർഡാമില്‍ പുതിയ റെസ്റ്റോറൻ്റ് തുറന്ന് റെയ്ന

ക്രിക്കറ്റ് ജീവിതത്തിന് വിരാമമിട്ടതിനാല്‍ ഇനി പാചകത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ ഭക്ഷണപ്രിയം ആരാധകര്‍ക്ക് പുതുമയുള്ള കാര്യമൊന്നുമല്ല, ക്രിക്കറ്റിലെ തന്റെ അഭിരുചികളെ ലോകത്തിന് മുന്നില്‍ തുറന്ന് കാട്ടിയ റെയ്‌നയുടെ കളി ഇനി പുതിയ രുചിക്കൂട്ടുകള്‍ക്കൊപ്പമാണ്. ക്രിക്കറ്റ് ജീവിതത്തിന് വിരാമമിട്ടതിനാല്‍ ഇനി പാചകത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം. ഇന്ത്യയുടെ തനത് രുചികള്‍ യൂറോപ്യന്‍ ജനതയിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ആംസ്റ്റര്‍ ഡാമില്‍ താരം പുതിയ റെസ്റ്റോറന്റ് തുറന്നിരിക്കുകയാണ്. 'റെയ്‌ന ഇന്ത്യന്‍ റെസ്റ്റോറന്റ്' എന്ന് പേരിട്ട ഭക്ഷണശാലയില്‍ ഇന്ത്യയിലെ മിക്ക പ്രദേശങ്ങളില്‍ നിന്നുള്ള ഭക്ഷണവും ലഭ്യമാകുമെന്ന് താരം അറിയിച്ചു.

ഭക്ഷണപ്രിയര്‍ക്കായി റെയ്‌ന ആംസ്റ്റര്‍ഡാമിലെ റെസ്റ്റോറന്റില്‍ നീണ്ട മെനു തന്നെ ഒരുക്കിയിട്ടുണ്ട്

''മുമ്പെങ്ങും ആസ്വദിച്ചിട്ടില്ലാത്ത ഒരു പാചക വൈവിധ്യത്തിനായി തയ്യാറായിതയാറായിക്കോളൂ, ആംസ്റ്റര്‍ ഡാമില്‍ 'റെയ്‌ന ഇന്ത്യന്‍ റെസ്‌റ്റോറന്റ്' തുടങ്ങിയത് അറിയിക്കുന്നതിന്റെ ത്രില്ലിലാണ് ഞാന്‍'' എന്ന് തുടങ്ങുന്ന പോസ്റ്റിനോടൊപ്പം താരം റെസ്റ്റോറന്റിനടുത്ത് നില്‍ക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. യൂറോപ്പിന്റെ ഹൃദയത്തിലേക്ക് വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ഭക്ഷണങ്ങള്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണ് താനെന്നും ഇനി ഭക്ഷണത്തോടും പാചകത്തോടുമുള്ള തന്റെ സ്‌നേഹം ഇനി ഇവിടെ കാണാമെന്നും താരം പറഞ്ഞു. ''റെയ്‌ന റെസ്റ്റോറന്റ്'' എന്നത് തന്റെ സ്വപ്‌ന സാക്ഷാത്കാരമാണെന്നും ഉത്തരേന്ത്യ മുതല്‍ ദക്ഷിണേന്ത്യ വരെ നീളുന്ന പ്രൗഢമായ ഭക്ഷണ കലവറയാണ് അവിടെ ഒരുക്കിയിരിക്കുന്നതെന്നും, പ്രിയ രാജ്യത്തിന്റെ രുചി വൈവിധ്യങ്ങളോടുള്ള ആദരവാണിതെന്നും താരം പറയുന്നു.

ഭക്ഷണപ്രിയര്‍ക്കായി ആംസ്റ്റര്‍ഡാമിലെ റെസ്റ്റോറന്റില്‍ റെയ്‌ന നീണ്ട മെനു തന്നെ ഒരുക്കിയിട്ടുണ്ട്. വിദഗ്ധരായ ഷെഫുകളുടെ മേല്‍നോട്ടത്തിലാണ് ഭക്ഷണം തയ്യാറാക്കുക. ഗുണനിലവാരത്തിലും വൈവിധ്യങ്ങളിലുമാണ് റെസ്റ്റോറന്റ് ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് താരം ഉറപ്പ് നല്‍കുന്നു. 2020 ഓഗസ്റ്റ് 15ന് എംഎസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മണിക്കൂറുകള്‍ക്ക് ശേഷമാണ് റെയ്‌ന അന്താരാഷ്ട്ര കരിയറില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഐപിഎല്‍ കളിച്ചെങ്കിലും 2022 ല്‍ മിസ്റ്റര്‍ ഐപിഎല്‍ അവിടെ നിന്ന് കൂടി പടിയിറങ്ങുകയായിരുന്നു.

logo
The Fourth
www.thefourthnews.in