IPL 2024| കിങ്‌സിനെതിരേ ചിന്നസ്വാമിയില്‍ റോയല്‍ ചലഞ്ചേഴ്‌സിന് ലക്ഷ്യം 177 റണ്‍സ്

IPL 2024| കിങ്‌സിനെതിരേ ചിന്നസ്വാമിയില്‍ റോയല്‍ ചലഞ്ചേഴ്‌സിന് ലക്ഷ്യം 177 റണ്‍സ്

ആദ്യം ബാറ്റ്‌ചെയ്ത പഞ്ചാബ് കിങ്‌സ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 2024-ല്‍ തങ്ങളുടെ ആദ്യ ജയം കുറിക്കാന്‍ ബെംഗളുരു റോയല്‍ ചലഞ്ചേഴ്‌സിന് ലക്ഷ്യം 177 റണ്‍സ്. ഇന്ന് സ്വന്തം തട്ടകമായ ബെംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത അവര്‍ക്കെതിരേ ആദ്യം ബാറ്റ്‌ചെയ്ത പഞ്ചാബ് കിങ്‌സ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്.

നാലോവറില്‍ വെറും 23 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ യാഷ് ദയാലിന്റെയും നാലേവാറല്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെയും മൂന്നോവറില്‍ 29 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും മികച്ച ബൗളിങ് പ്രകടനമാണ് പഞ്ചാബിനെ കൂറ്റന്‍ സ്‌കോറിലേക്കു പോകുന്നതില്‍ നിന്നു തടയാന്‍ റോയല്‍ ചലഞ്ചേഴ്‌സിനെ സഹായിച്ചത്.

പഞ്ചാബ് നിരയില്‍ 37 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 45 റണ്‍സ് നേടിയ നായകന്‍ ശിഖര്‍ ധവാനാണ് ടോപ്‌സ്‌കോറര്‍. 19 പന്തില്‍ നിന്ന് ഒരു ഫോറും രണ്ടു സിക്‌സറുകളും സഹിതം 27 റണ്‍സ് നേടിയ ജിതേഷ് ശര്‍മ, 17 പന്തുകളില്‍ നിന്ന് രണ്ടു വീതം ഫോറും സിക്‌സും സഹിതം 25 റണ്‍സ് നേടിയ യുവതരാം പ്രഭ്‌സിമ്രാന്‍ സിങ്, 17 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറികള്‍ സഹിതം 23 റണ്‍സ് നേടിയ സാം കറന്‍ എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

തങ്ങളുടെ ആദ്യമത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ നാലു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം നേടിയ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് ആദ്യ എവേ പോരാട്ടത്തിന് ഇറങ്ങിയത്. എന്നാല്‍ ആ മികവ് ആവര്‍ത്തിക്കാനായില്ല. അതേസമയം മറുവശത്ത് ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു തോറ്റുതുടങ്ങിയ ബെംഗളുരു ജയം മാത്രം ലക്ഷ്യമിട്ടാണ് സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തിന് കച്ചകെട്ടിയത്. ഇരുടീമുകളും കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെത്തന്നെ നിലനിര്‍ത്തി.

logo
The Fourth
www.thefourthnews.in