കാംബ്ലി സ്‌റ്റെപ്പ് കയറിയപ്പോള്‍ ലിഫ്റ്റില്‍ പോയ സച്ചിന്‍

കാംബ്ലി സ്‌റ്റെപ്പ് കയറിയപ്പോള്‍ ലിഫ്റ്റില്‍ പോയ സച്ചിന്‍

16-ാം വയസില്‍ കളിക്കാന്‍ ഇറങ്ങുന്ന സച്ചിന്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു അത്ഭുതമായിരുന്നു

സച്ചിനെ ഞാന്‍ അടുത്ത് പരിചയപ്പെടുന്നത് 1998 ല്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ആദ്യത്തെ ഏകദിനത്തിലാണ്. കൊച്ചിയിലെ സ്റ്റേഡിയം അന്ന് ഒരു ക്രിക്കറ്റ് സ്റ്റേഡിയം ആയിരുന്നില്ല. കെ.സി.എയുടെ പ്രസിഡന്റായിരുന്ന സലീം സച്ചിനൊപ്പം ഇന്ത്യന്‍ ടീമിന്റെ മാനേജരായി ടൊറന്റോയിലും പാകിസ്താനിലുമൊക്കെ പോയിരുന്നു. അദ്ദേഹത്തിന് സച്ചിനുമായി നല്ല അടുപ്പമുണ്ടായിരുന്നു. അദ്ദേഹം വഴിയാണ് ഞാന്‍ സച്ചിനെ പരിചയപ്പെടുന്നത്.

ആ മത്സരത്തില്‍ സച്ചിന് ബാറ്റിങ്ങില്‍ വലിയ റണ്‍സൊന്നും സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അന്ന് സലീം സര്‍ തമാശയായി പറഞ്ഞു ''നിങ്ങളായിരിക്കും മാന്‍ ഓഫ് ദ മാച്ച്,'' എന്നാല്‍ ബാറ്റ്‌സ്മാന്‍ ആയ സച്ചിന്‍ റണ്‍സൊന്നുമെടുക്കാതെ എങ്ങനെ അത് സാധിക്കും എന്ന് അത്ഭുതപ്പെട്ടു. അന്ന് സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. ആ മത്സരത്തില്‍ സച്ചിന്‍ അഞ്ച് വിക്കറ്റെടുത്തു. ചരിത്രത്തില്‍ ആദ്യമായി അദ്ദേഹത്തിന്റെ നേട്ടമായിരുന്നു അത്. അദ്ദേഹം മാന്‍ ഓഫ് ദ മാച്ചുമായി അന്ന് വൈകുന്നേരം അദ്ദേഹം സലീം സാറിനെ കണ്ട് നന്ദി പറഞ്ഞു. സച്ചിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അത് വലിയ അനുഭവമാണ്.

2008 ല്‍ ശ്രീലങ്കന്‍ ടൂറില്‍ ഞാന്‍ ഇന്ത്യന്‍ ടീമിന്റെ മാനേജരായിരുന്നു. അന്ന് എനിക്ക് സച്ചിനുമായി കൂടുതല്‍ ഇടപഴകാന്‍ സാധിച്ചു. അന്നൊക്കെ അദ്ദേഹം ശ്രീശാന്തിന്റെ പ്രകടനത്തെക്കുറിച്ചൊക്കെ ഒരുപാട് സംസാരിച്ചിട്ടുണ്ട്. ഓഫ് ഫീല്‍ഡില്‍ വളരെ നന്നായി ഇടപഴകുമെന്നും എന്നാല്‍ ഫീല്‍ഡിലെത്തുമ്പോള്‍ ആളാകെ മാറുന്നു എന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞത്. സച്ചിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം കളിക്കളത്തില്‍ പ്രൊഫഷണലായി മാത്രമേ പെരുമാറാറുള്ളു. മറ്റുള്ളവര്‍ക്ക് പ്രകോപനമുണ്ടാക്കുന്ന തരത്തിലുള്ള ചേഷ്ടകളൊന്നും അദ്ദേഹം കാണിക്കുമായിരുന്നില്ല. വളരെ അപൂര്‍വ്വമായേ അദ്ദേഹം ദേഷ്യപ്പെടാറുള്ളു.

അന്ന് ഞങ്ങള്‍ ഒരുപാട് സമയം സംസാരിക്കാറുണ്ട്. ഗാള്‍ ടെസ്റ്റ് മത്സരത്തിനിടെ സച്ചിന്റെയും സൗരവ് ഗാംഗുലിയുടെയും എന്റെയും റൂമുകള്‍ അടുത്തടുത്തായിരുന്നു. അവിടെ സിമ്മിങ് പൂളിനടുത്തിരുന്ന് ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. കേരളത്തെക്കുറിച്ചും കേരള ക്രിക്കറ്റിനെക്കുറിച്ചും അദ്ദേഹം പലകാര്യങ്ങളും അന്വേഷിച്ചിട്ടുണ്ട്. എന്റെ മകളുടെ കല്ല്യാണത്തിന് എത്താന്‍ കഴിയാത്തതിനാല്‍ വിളിച്ച് ആശംസകളറിയിച്ചിരുന്നു.

1989 ലെ പാകിസ്താന്‍ പര്യടനത്തിലാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച് തുടങ്ങുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം 16-ാം വയസില്‍ കളിക്കാന്‍ ഇറങ്ങുന്ന സച്ചിന്‍ ഒരു അത്ഭുതമായിരുന്നു. ആ കാലത്ത് ഇന്ത്യന്‍ ടീമിലേക്കെത്താന്‍ ഒരുപാട് കടമ്പകള്‍ കടക്കേണ്ടിയിരുന്നു. എന്നാല്‍ സച്ചിന് ദേശീയ ടീമില്‍ ബാറ്റ് പിടിക്കാന്‍ അധികമൊന്നും പാടുപെടേണ്ടി വന്നില്ല. സ്‌കൂള്‍ ക്രിക്കറ്റില്‍ ശാരദാശ്രമം വിദ്യാമന്ദിറിന് വേണ്ടി കളിക്കൂട്ടുകാരന്‍ വിനോദ് കാംബ്ലിയുമായി ചേര്‍ന്നുള്ള കൂട്ടുകെട്ട് മുതല്‍ സച്ചിനിലെ പ്രതിഭയെ രാജ്യം തിരിച്ചറിഞ്ഞിരുന്നു.

വളരെ പെട്ടെന്നുള്ള ഉയര്‍ച്ചയായിരുന്നു സച്ചിന്റേത്. കാംബ്ലി പിന്നെയും വര്‍ഷങ്ങളെടുത്താണ് ഇന്ത്യന്‍ ടീമിലേക്ക് വന്നത്. '' സച്ചിന്‍ തെണ്ടുല്‍ക്കര്‍ ലിഫ്റ്റില്‍ പോയി ഞാന്‍ സ്റ്റെയര്‍ നടന്നാണ് കയറിയത്. ഇതാണ് ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസം'' അതിനെ സംബന്ധിച്ച് കാംബ്ലി ഒരു തവണ ഇങ്ങനെ പറഞ്ഞു. പക്ഷേ സച്ചിന്‍പ്രതിഭയോടു 100 ശതമാനം നീതി പുലര്‍ത്തി. മുംബൈ ക്രിക്കറ്റില്‍ പഴയ ടെസ്റ്റ് ക്രിക്കറ്റേഴ്സ് ഒക്കെ അവരുടെ താഴെയുള്ളവരുടെ കഴിവ് കളികള്‍ കണ്ട് പരിശോധിക്കുകയും അവരെ പ്രമോട്ട് ചെയ്യുകയും ചെയ്തിരുന്നു. അതാണ് കര്‍ണാടകയിലൊക്കെ നടക്കുന്നത്. എന്നാല്‍ കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ടീമില്‍ കളിച്ച ആളുകള്‍ ഇല്ലാത്തതിനാലാണ് ഇവിടെ ക്രിക്കറ്റിന് ഉയര്‍ച്ച ഉണ്ടാവാത്തത്.

20 വര്‍ഷത്തിലധികം നീണ്ട കരിയറിനിടയില്‍ സച്ചിന്‍ ഫോം ഔട്ടായ പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. അപ്പോള്‍ ''സച്ചിന്‍ റിട്ടയറാവണം'', '' സച്ചിന് നിര്‍ത്താറായില്ലേ'' തുടങ്ങിയ പ്രതികരണങ്ങളൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ സച്ചിനെ സംബന്ധിച്ചിടത്തോളം ഫോം ഔട്ടായ സമയങ്ങളിലൊക്കെ ഫോമിലേക്ക് വരുന്നതിനായി അദ്ദേഹം തന്നെ കണ്ടെത്തിയ ചില മാര്‍ഗങ്ങളുണ്ട്. ഉദാഹരണത്തിന് ഓഫ് സ്റ്റമ്പിന് പുറത്ത് വച്ച് ഔട്ടാകുന്ന സ്ഥിതിയുണ്ടായിരുന്നു. ആ സമയത്ത് കുറേ മത്സരങ്ങളില്‍ ഓഫ് സൈഡില്‍ ഒരു ഷോട്ട് പോലും കളിക്കാതെ ലെഗ്‌സൈഡില്‍ മാത്രം കളിച്ച് അദ്ദേഹം ഫോമിലേക്ക് തിരിച്ചുവന്നു. ഇതൊക്കെ ഒരു ജീനിയസിനെക്കൊണ്ട് മാത്രം സാധ്യമാകുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ ആ സ്വഭാവം എടുത്ത് പറയേണ്ടതാണ്.

സച്ചിനെ ഓര്‍ത്തെടുക്കുമ്പോള്‍ എനിക്ക് എടുത്ത് പറയാനുള്ളത് അദ്ദേഹം നിരവധി തവണ തെറ്റായ അമ്പയറിങ് തീരുമാനങ്ങളില്‍ പെട്ടിട്ടുണ്ട്. ലോകോത്തര അമ്പയര്‍മാരായ ഡിക്കി ബേര്‍ഡ്, ഷെപ്പേര്‍ഡ് തുടങ്ങിയവരുടെ പട്ടികയില്‍ പെടുന്ന സ്റ്റീവ് ബെക്കനര്‍ പലതവണ സച്ചിനെ തെറ്റായ അമ്പയറിങ്ങില്‍ കുരുക്കിയിട്ടുണ്ട്. സച്ചിന്റെ കരിയറിന്റെ അവസാന കാലത്ത് അന്ന് അമ്പയര്‍ സിസ്റ്റം ഇല്ലാത്തതുകൊണ്ട് പലപ്പോഴും സ്റ്റീവ്, സച്ചിനെതിരെ തീരുമാനങ്ങളെടുത്തിട്ടുണ്ട്. എന്നാല്‍ ആ തീരുമാനങ്ങള്‍ തെറ്റാണെന്ന് ലോകം മുഴുവനുള്ളവര്‍ക്കും അറിയാവുന്ന സമയത്ത് പോലും അതിനെ അനുസരിച്ച് മൈതാനം വിട്ട് പോകുന്ന കാഴ്ച്ചയാണ് കണ്ടിട്ടുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ പലരും അത്തരം സന്ദര്‍ഭങ്ങളില്‍ ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ സച്ചിനെ പോലെ ചുരുക്കം ചിലര്‍ക്ക് മാത്രമേ അങ്ങനെ ക്ഷമയോടെ പ്രതികരിക്കാന്‍ സാധിക്കൂ. ഇതൊക്കെയാണ് സച്ചിനെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കേരളാ ടീമിന്റെ മെന്ററായിട്ട് അദ്ദേഹം പലതവണ കൊച്ചിയില്‍ വന്നിട്ടുണ്ട്. തിരുവനന്തപുരത്ത് വച്ച് ടീമിന്റെ ജേഴ്‌സി ലോഞ്ച് ചെയ്യുന്ന ചടങ്ങില്‍ സച്ചിന്‍ എന്നെ ക്ഷണിക്കുകയും ഞാന്‍ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ മത്സരം നടത്തിക്കൊടുക്കുന്നതിനും സ്റ്റേഡിയം ഫുട്‌ബോളിന് വേണ്ടി ഒരുക്കിക്കൊടുക്കുന്നതിനും ക്രിക്കറ്റ് അഡ്മിനിസ്‌ട്രേഷന് ഒരുപാട് നഷ്ടം സംഭവിച്ചുട്ടുണ്ട്. കൊച്ചിയില്‍ ക്രിക്കറ്റ് ഇല്ലാതാക്കുന്നതിനും അത് കാരണമായി. എന്നാല്‍ സച്ചിനോടുള്ള ഞങ്ങളുടെ താല്പര്യം കൊണ്ടാണ് ഈ വിട്ടുവീഴ്ച്ചകള്‍ ചെയ്തതും, ഐ.എസ്.എല്‍ നടത്തുന്നതിന് സഹായിച്ചതും.

ഒരിക്കല്‍ രസകരമായ സംഭവമുണ്ടായി. കൊച്ചിയിലെ ഒരു മൊബൈല്‍ ഷോറൂം സച്ചിന് ഒരു ഫോണ്‍ സമ്മാനമായി നല്‍കണമെന്ന ആവശ്യവുമായി എന്റെ അടുത്തെത്തി. അവരുടെ ഉദ്ദേശത്തിന് പിന്നിലുള്ള ദുരൂഹതയൊന്നും ഞാന്‍ ആലോചിച്ചില്ല. ഞാന്‍ സച്ചിനെ കാര്യം അറിയിച്ച് സമ്മതം വാങ്ങി. ഓഫീസില്‍ വച്ച് അത് സച്ചിന് കൊടുത്തു, ഫോട്ടോയും എടുത്ത് അവര്‍ പോയി. പിറ്റേ ദിവസത്തെ പത്രത്തില്‍ സച്ചിന്‍ ആ ഫോണിന്റെ സെയില്‍ ഉദ്ഘാടനം ചെയ്തു എന്ന തരത്തില്‍ വാര്‍ത്ത പോയി. സച്ചിന്റെ മാനേജര്‍ എന്നെ വിളിച്ച് പരാതി പറഞ്ഞു. എനിക്കും വിഷമം തോന്നി, ഞാന്‍ കാരണമാണ് അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായത്. പിന്നീട് സച്ചിനെ കൊച്ചിയില്‍ വച്ച് കണ്ടപ്പോ ഞാന്‍ ക്ഷമ ചോദിച്ചു, എന്നാല്‍ അദ്ദേഹം അതൊന്നും കാര്യമാക്കിയെടുത്തിരുന്നില്ലെന്ന് മാത്രമല്ല അദ്ദേഹം എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു. പിന്നീട് പല തവണയും ഇത്തരം ആവശ്യങ്ങളുമായി ആളുകള്‍ വന്നിരുന്നെങ്കിലും അവരെയൊക്കെ നിരാശപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. സച്ചിനെപ്പോലെ വലിയൊരാളെ അവരോടുള്ള അടുപ്പം വച്ച് അത്ര പെട്ടെന്നൊന്നും നമുക്ക് ലഭ്യമാകില്ല, ഇത് കേരളത്തിലുള്ളവര്‍ക്ക് മനസിലാക്കാന്‍ ചെറിയ ബുദ്ധിമുട്ടുണ്ട്.

ഒരു കാര്യം വളരെ ശരിയാണ്. സച്ചിന്‍ ലോക ക്രിക്കറ്റിലെ അത്ഭുത പ്രതിഭാസമാണ്. അദ്ദേഹത്തിന് ശേഷം വരുന്നവര്‍ പ്രത്യേകിച്ച് വിരാട് കോഹ്‌ലിയൊക്കെ അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ മറി കടക്കുമെന്ന് പലരും അവകാശപ്പെട്ടിരുന്നു, എന്നാല്‍ അത് ഇപ്പോഴും ബാക്കിയായി നില്‍ക്കുകയാണ്. അദ്ദേഹത്തിന് അഞ്ചടിയോളം ഉയരമേ ഉള്ളു എങ്കിലും എത്രയോ വലിയ ഫാസ്റ്റ് ബൗളേര്‍സിനെ അദ്ദേഹം സധൈര്യം നേരിട്ടിട്ടുണ്ട്. ഒരുപക്ഷേ ലോകക്രിക്കറ്റില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനെ പോലെയുള്ള ഒരുപാട് പഴയകാല താരങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവരുടെ ഇന്നിങ്‌സുകളൊന്നും സച്ചിന് മുന്നില്‍ ഒന്നുമല്ലെന്ന് ചിന്തിക്കുന്ന തരത്തിലേക്ക് നമ്മള്‍ എത്തപ്പെട്ടിട്ടുണ്ട്. അത് സച്ചിനെ വേറിട്ടു നിര്‍ത്തുന്ന കാര്യമാണ്.

സച്ചിന്‍ റിട്ടയര്‍ ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് ഐ.പി.എല്‍. വന്നത്. അതുകൊണ്ട് മാത്രമാണ് അദ്ദേഹത്തിന് ഐപിഎല്ലില്‍ ശോഭിക്കാന്‍ കഴിയാതെ പോയത്. എല്ലാ ഫോര്‍മാറ്റിലും വ്യക്തിത്വം, സ്‌കില്‍, സ്വഭാവം, സഹകളിക്കാരോടും മറ്റുള്ളവരോടുമുള്ള പെരുമാറ്റം എന്നിവയൊക്കെ കൊണ്ട് അദ്ദഹത്തിന് സ്വന്തമായ സ്ഥാനമുണ്ട്. അദ്ദേഹത്തിന്റെ നാഴികക്കല്ലായ പല മത്സരങ്ങളും നേരിട്ട് കാണാന്‍ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍ നമുക്ക് എപ്പോഴും സമീപിക്കാന്‍ കഴിയുന്ന വ്യക്തിയാണ് സച്ചിന്‍. മൂന്നു തലമുറയിലുള്ളവരെ ക്രിക്കറ്റിനോട് അടുപ്പിച്ച വ്യക്തി. ആ വ്യക്തിപ്രഭാവത്തിന് ഇന്ന് അമ്പത് തികയുമ്പോള്‍ മനസുനിറഞ്ഞ് ആശംസിക്കുന്നു... ഹാപ്പി ബര്‍ത്ത്‌ഡേ സച്ചിന്‍...

(കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ മാനേജറുമാണ് ലേഖകന്‍).

logo
The Fourth
www.thefourthnews.in