ലോകകപ്പിന് പകരമാകില്ല, എങ്കിലും..; ട്വന്റി20 ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്ക് ജയത്തുടക്കം

ലോകകപ്പിന് പകരമാകില്ല, എങ്കിലും..; ട്വന്റി20 ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്ക് ജയത്തുടക്കം

വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 3 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അവസാന പന്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ തോല്‍വിയുടെ കയ്പ് മറന്നുതുടങ്ങി ഇന്ത്യ. ഏകദിന ക്രിക്കറ്റിലെ ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്ക് ജയത്തുടക്കം. അഞ്ചു മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ന് രണ്ട്‌ വിക്കറ്റിനാണ് ഇന്ത്യ ജയിച്ചു കയറിയത്. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 208 എന്ന കൂറ്റന്‍ സ്‌കോറാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അവസാന പന്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.

അര്‍ധസെഞ്ചുറിയുമായി മുന്നില്‍ നിന്നു നയിച്ച താല്‍ക്കാലിക നായകന്‍ സൂര്യകുമാര്‍ യാദവിന്റെയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്റെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 112 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. 42 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 80 റണ്‍സ് നേടി സൂര്യ ടോപ്‌സ്‌കോററായി.

39 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം 58 റണ്‍സായിരുന്നു ഇഷാന്റെ സമ്പാദ്യം. എട്ടു പന്തില്‍ 21 റണ്‍സ് നേടിയ യശ്വസി ജയ്‌സ്വാള്‍, 12 റണ്‍സ് നേടിയ തിലക് വര്‍മ, രണ്ട് റണ്‍സ് നേടിയ അക്‌സര്‍ പട്ടേല്‍, റണ്ണൊന്നുമെടുക്കാതെ രവി ബിഷ്‌ണോയ്‌, ഒരു പന്ത് പോലും നേരിടാതെ മടങ്ങിയ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്ക്‌വാദ്, വാലറ്റതാരം അര്‍ഷ്ദീപ് സിങ്‌ എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍. കളി അവസാനിക്കുമ്പോള്‍ 28 റണ്‍സുമായി റിങ്കു സിങ്ങും റണ്ണൊന്നുമെടുക്കാതെ മുകേഷ് കുമാറുമായിരുന്നു ക്രീസില്‍.

നേരത്തെ വെടിക്കെട്ട് സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇന്‍ഗ്ലിസിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ പിന്‍ബലത്തിലാണ് ഓസീസ് കൂറ്റന്‍ സ്‌കോറില്‍ എത്തിയത്. വെറും 50 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും എട്ടു സിക്‌സറുകളും ഹിതം 110 റണ്‍സാണ് ഇന്‍ഗ്ലിസ് നേടിയത്. 41 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളുമായി 52 റണ്‍സ് നേടിയ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് മികച്ച പിന്തുണ നല്‍കി. മാത്യു ഷോര്‍ട്ട്(13) ആണ് പുറത്തായ മറ്റൊരു ഓസീസ് ബാറ്റര്‍. മാര്‍ക്കസ് സ്‌റ്റോയ്‌നിസ്(7), ടിം ഡേവിഡ്(19) എന്നിവര്‍ പുറത്താകാതെ നിന്നു.

logo
The Fourth
www.thefourthnews.in