ബിസിസിഐയുടെ തലപ്പത്ത് ഇനി റോജര്‍ ബിന്നി: ജയ് ഷാ സെക്രട്ടറി സ്ഥാനത്ത് തുടരും

ബിസിസിഐയുടെ തലപ്പത്ത് ഇനി റോജര്‍ ബിന്നി: ജയ് ഷാ സെക്രട്ടറി സ്ഥാനത്ത് തുടരും

സൗരവ് ഗാംഗുലിയുടെ പിന്‍ഗാമിയായാണ് ബിസിസിഐയുടെ അധ്യക്ഷ പദവിയിലേക്കെത്തുന്നത്

ബിസിസിഐയുടെ മുപ്പത്തിയാറാമത് അധ്യക്ഷനായി റോജര്‍ ബിന്നിയെ തെരഞ്ഞെടുത്തു. മുംബൈയില്‍ നടന്ന ബിസിസിഐ 91-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. നിലവിലെ സെക്രട്ടറി ജയ് ഷായും ഉപാധ്യക്ഷന്‍ രാജീവ് ശുക്ലയും തല്‍സ്ഥാനത്ത് തുടരും. ആശിഷ് ഷേലാര്‍ പുതിയ ട്രഷററും ദേവജിത്ത് സൈകിയ ജോയിന്റ് സെക്രട്ടറിയുമായി ചുമതലയേറ്റു.

സ്ഥാനമൊഴിയുന്ന ട്രഷറര്‍ അരുണ്‍ ധുമലാകും പുതിയ ഐപിഎല്‍ ചെയര്‍മാന്‍. എതിരില്ലാതെയാണ് എല്ലാ സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ ഗാംഗുലി വീണ്ടും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് 1983 ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗമായ ബിന്നി നാമനിര്‍ദേശം നല്‍കിയത്.

ഇന്ത്യക്കായി 27 ടെസ്റ്റുകളും 72 ഏകദിനങ്ങളും കളിച്ച താരമാണ് 67-കാരനായ ബിന്നി. ടെസ്റ്റില്‍ 47 വിക്കറ്റുകളും ഏകദിനത്തില്‍ 77 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് 1983-ലെ ലോകകപ്പിലായിരുന്നു. എട്ടു മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകള്‍ നേടിയ ബിന്നിയുടെ പ്രകടനമായിരുന്നു അന്ന് ഇന്ത്യയെ പ്രഥമ ലോകകിരീടം ചൂടിക്കുന്നതില്‍ നിര്‍ണായകമായത്.

ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം ദേശീയ ടീം സെലക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അപ്രതീക്ഷിതമായാണ് ബിന്നിയുടെ പേര് ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in