രോഹിത് ശര്‍മ: നൈരാശ്യത്തെ 'പുള്‍ഷോട്ട് അടിച്ച് ' ചരിത്രത്തിലേക്ക്‌

രോഹിത് ശര്‍മ: നൈരാശ്യത്തെ 'പുള്‍ഷോട്ട് അടിച്ച് ' ചരിത്രത്തിലേക്ക്‌

2011 ഏകദിന ലോകകപ്പ് ടീമില്‍ ഇടം നേടനാകാതെ നിരാശയോടെ തലകുനിച്ചിരുന്ന രോഹിത് മൂന്ന് ലോകകപ്പുകള്‍ക്കൊണ്ട് ടൂര്‍ണമെന്റിന്റെ ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് എത്തിയിരിക്കുകയാണ്

2011 ജനുവരി 31, സമയം രാത്രി 8.29. അന്നത്തെ ഇന്ത്യന്‍ യുവക്രിക്കറ്റ് താരം രോഹിത് ശര്‍മയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് ഒരു ട്വീറ്റ് വരുന്നു. "ലോകകപ്പ് ടീമില്‍ ഭാഗമാകാന്‍ കഴിയാത്തതില്‍ ഞാന്‍ അതിയായ നിരാശയിലാണ്. ഇവിടെ നിന്ന് ഞാന്‍ മുന്നോട്ട് സ‌ഞ്ചരിക്കേണ്ടതുണ്ട്. പക്ഷെ, യഥാര്‍ത്ഥത്തില്‍ ഇത് വലിയ തിരിച്ചടികൂടിയാണ്," ആ ചെറുപ്പക്കാരന്‍ കുറിച്ചു. യുവതാരങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലുണ്ടായിട്ടും എന്തുകൊണ്ട് ലോകകപ്പ് ടീമിലേക്ക് നറുക്കുവീണില്ല എന്നത് ഇരുപത്തിനാലുകാരനെ ആകെ ഉലച്ചുകളഞ്ഞിട്ടുണ്ടാകണം.

ലോകകപ്പിനുള്ള 15 അംഗ ടീമിലെ 15-ാമനായി രോഹിതിനെ പരിഗണിച്ചിരുന്നെന്നാണ് അന്ന് ബിസിസിഐ സെലക്ഷന്‍ സമിതിയിലുണ്ടായിരുന്ന രാജ വെങ്കട് ഒരിക്കല്‍ വെളിപ്പെടുത്തിയത്. മഹേന്ദ്ര സിങ് ധോണി എന്ന നായകന്‍ അന്ന് പിയൂഷ് ചൗളയുടെ പേരില്‍ ഉറച്ച് നിന്നതോടെ രോഹിതിന്റെ മുന്നിലെ വാതിലടഞ്ഞതായും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ "ഇവിടെ നിന്ന് ഞാന്‍ മുന്നോട്ട് സഞ്ചരിക്കേണ്ടതുണ്ട്" എന്ന വാചകം കടുത്ത നിരാശയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ തീരുമാനിച്ചവന്റെ നിശ്ചയദാര്‍ഢ്യമായിരുന്നെന്ന് കാലം പിന്നീട് തെളിയിക്കുകയായിരുന്നു.

മടിയനെന്നും മാഗി മാനെന്നുമൊക്കെ സോഷ്യല്‍ ലോകം കളിയാക്കിയിരുന്ന കാലത്താണ് രോഹിതിനെ ഓപ്പണിങ് ചുമതല ധോണി തന്നെ ഏല്‍പ്പിക്കുന്നത്. ഡെയ്ല്‍ സ്‌റ്റെയ്‌നും മിച്ചല്‍ സ്റ്റാര്‍ക്കും ജെയിംസ് ആന്‍ഡേഴ്സണുമൊക്കെ പ്രൈം ഫോമില്‍ ബാറ്റര്‍മാരെ അടക്കിവാണിരുന്ന സമയമായിരുന്നു അത്. പക്ഷെ 'രണ്ടാം ഇന്നിങ്സില്‍' രോഹിതിന് ഭേദപ്പെട്ട തുടക്കമുണ്ടായി. ഇന്നത്തെ സ്കോറിങ് വേഗതയോ ചടുലതയോ ഒന്നുമില്ലാത്തെ ഒരു 'ഓര്‍ഡിനറി' ബാറ്റര്‍, അതായിരുന്നു രോഹിത്. വൈകാതെ സ്വഭാവികമായുണ്ടായിരുന്ന കളിമികവ് പുറത്തേക്കെത്തുകയും ചെയ്തു.

പിന്നീട് നടന്ന മൂന്ന് ലോകകപ്പിലും ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത് രോഹിതായിരുന്നു. 2015 ലോകകപ്പില്‍ രോഹിത് എത്തുന്നത് ലോകകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ഓപ്പണറെന്ന ഖ്യാതിയോടെയാണ്. പക്ഷെ കന്നിലോകകപ്പ് വലം കയ്യന്‍ ബാറ്റര്‍ക്ക് അത്ര ശുഭകരമായിരുന്നില്ല. എട്ട് കളികളില്‍ നിന്ന് നേടിയത് കേവലം 330 റണ്‍സ്. രണ്ട് അര്‍ദ്ധ സെഞ്ചുറിയും ഒരു സെഞ്ചുറിയുമാണ് ഓസ്ട്രേലിയയില്‍ നിന്ന് മടങ്ങുമ്പോഴുണ്ടായിരുന്ന സമ്പാദ്യം. അതാവട്ടെ ടൂര്‍ണമെന്റിലെ ദുര്‍ബലരായ ടീമുകള്‍ക്കെതിരെയും.

2019ല്‍ കാര്യങ്ങള്‍ മറിച്ചായി. ലോകകപ്പിന് ഇംഗ്ലണ്ടില്‍ കൊടിയേറുമ്പോള്‍ ലോക രണ്ടാം നമ്പര്‍ ബാറ്ററായാണ് ഹിറ്റ്മാന്‍ കളത്തിലെത്തിയത്. ടൈമിങ്ങിലും ഫുട്ട് മൂവ്മെന്റിലുമെല്ലാം അപാരമികവ് കൈവരിച്ച ഒരു 'സീസണ്‍ഡ് ബാറ്റര്‍', അങ്ങനെ തന്നെ പറയാം രോഹിതിനെക്കുറിച്ച്. ഏതൊരു താരവും കൊതിച്ച് പോകുന്ന പ്രകടനം ഇന്ത്യന്‍ ഓപ്പണര്‍ ലോകകപ്പില്‍ പുറത്തെടുത്തു. ഇംഗ്ലണ്ടിലെ എല്ലാ മൈതാനങ്ങളും രോഹിത് കീഴടക്കി. അഞ്ച് സെഞ്ചുറികള്‍, അതും ലോകത്തിലെ ഏറ്റവും മികച്ച ടീമുകള്‍ക്കെതിരെ.

ഒരു ലോകകപ്പില്‍ അഞ്ച് സെഞ്ചുറികള്‍ നേടുന്ന ആദ്യതാരമായി, ഒന്‍പത് കളികളില്‍ നിന്ന് 81 ശരാശരിയില്‍ 648 റണ്‍സുമായി ടൂര്‍ണമെന്റിന്റെ ടോപ്സ്കോറര്‍ പട്ടവും സ്വന്തമാക്കി. പക്ഷെ കിരീടമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനാകാതെയായിരുന്നു രോഹിത് ഇംഗ്ലണ്ട് വിട്ടത്. ഒരു പതിറ്റാണ്ടിന് ശേഷം ലോകകപ്പിന് സ്വന്തം നാട് ആതിഥേയത്വം വഹിക്കുമ്പോള്‍ ഇന്ത്യയെ നയിക്കുന്നത് രോഹിതാണ്. നിരാശയുടെ ട്വീറ്റില്‍ നിന്നും നായകനായുള്ള ഉയിര്‍പ്പ്. കാലം കാത്തുവച്ച കാവ്യനീതിയെന്ന ഭംഗിവാക്ക് ഏറ്റവും അനുയോജ്യമാകുന്നത് ഇവിടയല്ലെ?

നായകന്റെ കുപ്പായം നേടിയതുകൊണ്ട് മാത്രമല്ല ഇത് പറയുന്നത്. 2023 ഏകദിന ലോകകപ്പ് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ ഐസിസി ലോകകപ്പിന്റെ 48 വര്‍ഷത്തെ ചരിത്രത്തില്‍ സ്വന്തമായി ഒരു ഇരിപ്പിടം സ്വന്തമാക്കാന്‍ രോഹിതിനായിട്ടുണ്ട്; അതും കേവലം 19 ഇന്നിങ്‌സുകള്‍ കൊണ്ട്. ലോകകപ്പില്‍ ഏഴ് സെഞ്ചുറികള്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്ത ഏകതാരം ഇന്ന് രോഹിതാണ്. സക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 44 ഇന്നിങ്സുകൊണ്ട് നേടിയെടുത്ത നാഴികക്കല്ലാണ് അനായാസം മറികടന്നത്.

ഇതിനുപുറമെ ലോകകപ്പില്‍ 1000 റണ്‍സ് വേഗത്തില്‍ കുറിക്കുന്ന താരവും രോഹിതായി. ഡേവിഡ് വാര്‍ണറും രോഹിതും ഈ റെക്കോഡ് പങ്കിട്ടപ്പോള്‍ ഇവിടെയും തകര്‍ക്കപ്പെട്ടത് സച്ചിന്റെ നേട്ടം തന്നെയാണ്. സച്ചിന്‍ 20 ഇന്നിങ്സുകള്‍കൊണ്ടാണ് ലോകകപ്പില്‍ നാലക്കം കടന്നത്. ലോകകപ്പ് ആരംഭിക്കുന്നതിന് മുന്‍പ് രോഹിത് പറഞ്ഞത് ഇപ്രകാരമായിരുന്നു, "ഞാന്‍ സെഞ്ചുറികള്‍ നേടാം, നേടാതിരിക്കാം, അതിലല്ല കാര്യം, ലോകകപ്പ് നേടുക എന്നതാണ് ലക്ഷ്യം," യഥാര്‍ത്ഥ 'കാവ്യനീതി' നടപ്പാക്കാന്‍ രോഹിതിന് സാധിക്കുമോയെന്നത് വൈകാതെ അറിയാം.

logo
The Fourth
www.thefourthnews.in