ഏകദിന ക്രിക്കറ്റില്‍ 10,000 കടന്ന് രോഹിത്; ഇന്ത്യക്ക് മികച്ച തുടക്കം

ഏകദിന ക്രിക്കറ്റില്‍ 10,000 കടന്ന് രോഹിത്; ഇന്ത്യക്ക് മികച്ച തുടക്കം

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 12 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് എന്ന നിലയിലാണ്

രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സ് എന്ന മാന്ത്രിക സംഖ്യ മറികടക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമായി നായകന്‍ രോഹിത് ശര്‍മ. ശ്രീലങ്കയിലെ കൊളംബോയില്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ആതിഥേയര്‍ക്കെതിരേയാണ് രോഹിത് ഈ നാഴികക്കല്ല് മറികടന്നത്. നേട്ടം കൈവരിക്കാന്‍ 22 റണ്‍സ് കൂടി വേണമെന്ന നിലയിലാണ് ഇന്ന് രോഹിത് ബാറ്റിങ്ങിനിറങ്ങിയത്.

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ഏഴാം ഓവറിന്റെ അഞ്ചാം പന്തില്‍ ലങ്കന്‍ പേസര്‍ കസുന്‍ രജിതയ്‌ക്കെതിരേ ഒരു സ്‌ട്രെയ്റ്റ് സിക്‌സറിലൂടെയാണ് രോഹിത് 10,000 തികച്ചത്. 248 മത്സരങ്ങളിലായി 240 ഇന്നിങ്‌സുകളില്‍ നിന്നാണ് രോഹിത് ഈ മാന്ത്രിക സംഖ്യയില്‍ എത്തിയത്. രാജ്യാന്തര തലത്തില്‍ ഈ നേട്ടം കൈവരിക്കുന്ന പതിഞ്ചാമത്തെ താരവും ആറാമത്തെ ഇന്ത്യന്‍ താരവുമാണ് രോഹിത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, മഹേന്ദ്ര സിങ് ധോണി എന്നിവരാണ് രോഹിതിനു മുമ്പ് ഈ നേട്ടം കൈവരിച്ച് മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

അതേസമയം ഏഷ്യാ കപ്പിലെ ഫൈനല്‍ ബെര്‍ത്ത് ലക്ഷ്യമിട്ട് ലങ്കയെ നേരിടുന്ന ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 12 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് എന്ന നിലയിലാണ്. 42 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 47 റണ്‍സുമായി രോഹിത് ശര്‍മയും നാലു പന്തില്‍ നിന്ന് രണ്ടു റണ്‍സുമായി മുന്‍ നായകന്‍ വിരാട് കോഹ്ലിയുമാണ് ക്രീസില്‍. 25 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളടക്കം 19 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

രണ്ടു ദിവസമെടുത്ത സമാപിച്ച സൂപ്പര്‍ ഫോറിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനെതിരേ വമ്പന്‍ ജയം നേടി 16 മണിക്കൂര്‍ തികയും മുമ്പേയാണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാം മത്സരത്തിനിറങ്ങിയത്. പാകിസ്താനെ 228 റണ്‍സ് എന്ന റെക്കോഡ് മാര്‍ജിനില്‍ തോല്‍പിച്ച ഇലവനില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. പേസ് ഓള്‍റൗണ്ടര്‍ ഷാര്‍ദ്ദൂല്‍ താക്കൂറിനു പകരം സ്പിന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ ടീമിലിടം നേടി.

logo
The Fourth
www.thefourthnews.in