വിന്നിങ് സ്ട്രീക്ക് തകര്‍ന്ന് രോഹിത്; ലൂസിങ് സ്ട്രീക്ക് തുടര്‍ന്ന് ഇന്ത്യ

വിന്നിങ് സ്ട്രീക്ക് തകര്‍ന്ന് രോഹിത്; ലൂസിങ് സ്ട്രീക്ക് തുടര്‍ന്ന് ഇന്ത്യ

നയിച്ച ഒരു ഫൈനലിലും തോല്‍വി നേരിടാത്ത നായകന്‍ എന്ന ലേബല്‍ ഇനി രോഹിതിന്റെ പേരിനൊപ്പമുണ്ടാകില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് നിരാശയുടെ ദിനമായി ഇന്ന്. നീണ്ട കാത്തിരുപ്പിന് ശേഷം ഒരു ഐസിസി ട്രോഫി എന്ന സ്വപ്‌നം തേടിയിറങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയയുടെ മുന്നില്‍ തകര്‍ന്നടിഞ്ഞത് അവിശ്വസനീയതയോടെയാണ് ആരാധകര്‍ കണ്ടത്. മഹേന്ദ്രി സിങ് ധോണിക്ക് ശേഷം ഐസിസി ട്രോഫി ഏറ്റുവാങ്ങുന്ന ആദ്യ നായകനാകാന്‍ ഇറങ്ങിയ നായകന്‍ രോഹിത് ശര്‍മയ്ക്കും ഇന്ന് തിരിച്ചടികളുടെ ദിനമാണ്.

ഇതുവരെ രോഹിത് കാത്ത് സൂക്ഷിച്ച 'ഫൈനല്‍ റെക്കോഡ്' ഇന്ന് തകര്‍ന്നു. നയിച്ച ഒരു ഫൈനലിലും തോല്‍വി നേരിടാത്ത നായകന്‍ എന്ന ലേബല്‍ ഇനി രോഹിതിന്റെ പേരിനൊപ്പമുണ്ടാകില്ല. ഇതുവരെ നായകനായി ഇറങ്ങിയ എട്ടു ഫൈനലുകളിലും ജയം രോഹിതിന്റെ ടീമിനൊപ്പമായിരുന്നു. എന്നാല്‍ ഇക്കുറി ഭാഗ്യം തുണച്ചില്ല.

നായകനെന്ന നിലയില്‍ 2013-ലായിരുന്നു രോഹിതിന്റെ ആദ്യ ഫൈനല്‍ ജയം. മുംബൈ ഇന്ത്യന്‍സിനെ ഐപിഎല്‍ ജേതാക്കളാക്കിയത് ആ വര്‍ഷമാണ്. അതേ വര്‍ഷം തന്നെ മുംബൈയെ ചാമ്പ്യന്‍സ് ലീഗ് ടി 20 കിരീടത്തിലേക്കു നയിക്കാനും പിന്നീട് 2015, 2017 സീസണുകളിലും മുംബൈയെ വീണ്ടും ഐപിഎല്‍ ജേതാക്കളാക്കാനും രോഹിതിനു കഴിഞ്ഞു.

2018-ല്‍ രണ്ടു തവണ ടീം ഇന്ത്യയുടെ താല്‍ക്കാലിക നായകനായി കിരീടം ജയം നേടാനും രോഹിതിനായിരുന്നു. ആദ്യം ഏഷ്യാ കപ്പിലും പിന്നീട് ശ്രീലങ്കയില്‍ നടന്ന നിദാഹാസ് ട്രോഫിയിലുമാണ് രോഹിതിനു കീഴില്‍ ടീം ഇന്ത്യ കിരീടം ചൂടിയത്. പിന്നീട് 2019, 2020 ഐപിഎല്‍ സീസണുകളിലാണ് രോഹിത് ഫൈനലില്‍ ടീമിനെ നയിച്ച് കിരീടം ചൂടിയത്. അതിനു ശേഷം നായകനെന്ന നിലയില്‍ ഇപ്പോഴാണ് ഒരു തോല്‍വി അറിയുന്നത്.

രോഹിതിന്റെ വിന്നിങ് സ്ട്രീക്ക് അവസാനിച്ചപ്പോള്‍ ഐസിസി ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയുടെ ലൂസിങ് സ്ട്രീക് തകരാതെ തുടരുകയാണ്. ഇതു തുടര്‍ച്ചയായ ഒമ്പതാം തവണയാണ് ഐസിസി ടൂര്‍ണമെന്റുകളില്‍ കിരീടം നേടാതെ ടീം ഇന്ത്യ മടങ്ങുന്നത്. മഹേന്ദ്ര സിങ് ധോണിയുടെ കീഴില്‍ 2013 ചാമ്പ്യന്‍സ് ട്രോഫി ജയിച്ചതിനു ശേഷം പിന്നീട് ഇതുവരെ ഇന്ത്യക്ക് ഐസിസി കിരീടത്തില്‍ മുത്തമിടാനായിട്ടില്ല.

പിന്നീട് ഇന്നത്തെ തോല്‍വിയടക്കം ഒമ്പത തവണയാണ് ഐസിസി ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യ തലകുനിച്ചത്. 2014-ല്‍ നടന്ന ടി20 ലോകകപ്പില്‍ ഫൈനലില്‍ ശ്രീലങ്കയോടു തോറ്റായിരുന്നു തുടക്കം. തൊട്ടടുത്തവര്‍ഷം നടന്ന 2015 ഏകദിന ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയോടു തോല്‍വി. അതിനടുത്ത വര്‍ഷം(2016) ടി20 ലോകകപ്പ് സെമിയില്‍ വെസ്റ്റിന്‍ഡീസിനോടും തോറ്റു. 2017-ല്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനോടായിരുന്നു തോല്‍വി.

പിന്നീട് രണ്ടു വര്‍ഷത്തിനു ശേഷം 2019 ഏകദിന ലോകകപ്പിലാണ് ഇന്ത്യ അടുത്ത തോല്‍വി നേരിട്ടത്. അന്ന് സെമിയില്‍ ന്യൂസിലന്‍ഡാണ് വില്ലനായത്. അതുകഴിഞ്ഞ് 2021-ല്‍ രണ്ടു തവണയാണ് ഇന്ത്യ പരാജയം രുചിച്ചത്. ആദ്യം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനോടു തോറ്റ ഇന്ത്യ ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോടും തോറ്റു. ഒടുവില്‍ ഇന്ന് വീണ്ടും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തോല്‍വി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in