സായ്-ഷാരൂഖ് അറ്റാക്ക്; റോയല്‍ ചലഞ്ചേഴ്‌സിനെതിരേ ടൈറ്റന്‍സിന് മികച്ച സ്‌കോര്‍

സായ്-ഷാരൂഖ് അറ്റാക്ക്; റോയല്‍ ചലഞ്ചേഴ്‌സിനെതിരേ ടൈറ്റന്‍സിന് മികച്ച സ്‌കോര്‍

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് നേടിയത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമെന്ന നിലയില്‍ ഗുജറത്ത് ടൈറ്റന്‍സും റോയല്‍ ചലഞ്ചേഴ്‌സും കൊമ്പുകോര്‍ത്ത മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ടൈറ്റന്‍സിന് മികച്ച സ്‌കോര്‍. അഹമ്മദാബാദില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് നേടിയത്.

തകര്‍പ്പന്‍ അര്‍ധസെഞ്ചുറികള്‍ നേടിയ മധ്യനിര താരങ്ങളായ സായ് സുദര്‍ശന്റെയും ഷാരൂഖ് ഖാന്റെയും മികച്ച ബാറ്റിങ്ങാണ് ടൈറ്റന്‍സിന് തുണയായത്. ഷാരൂഖ് 30 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും അഞ്ച് സിക്‌സറുകളും സഹിതം 58 റണ്‍സ് നേടി പുറത്തായപ്പോള്‍ 49 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും നാല് സിക്‌സറുകളും സഹിതം 84 റണ്‍സ് നേടി സായ് പുറത്താകാതെ നിന്നു.

19 പന്തുകളില്‍ നിന്ന് രണ്ട് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 26 റണ്‍സ് നേടിയ ഡേവിഡ് മില്ലറും 16 റണ്‍സ് നേടിയ നായകന്‍ ശുഭ്മാന്‍ ഗില്ലുമാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ ഇന്നും നിരാശപ്പെടുത്തി. റോയല്‍ ചലഞ്ചേഴ്‌സിനു വേണ്ടി സ്വപ്നില്‍ സിങ്, മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

logo
The Fourth
www.thefourthnews.in