സജനയും ആശയും ടീം ഇന്ത്യയില്‍; ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ അരങ്ങേറും

സജനയും ആശയും ടീം ഇന്ത്യയില്‍; ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ അരങ്ങേറും

ഇതാദ്യമായാണ് രണ്ടു മലയാളി താരങ്ങള്‍ ഒരുമിച്ച്‌ ഇന്ത്യന്‍ വനിതാ ടീമില്‍ ഇടംപിടിക്കുന്നത്.

മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ ഇടംനേടി. ഈ മാസം അവസാനം ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുളള ടീമിലേക്കാണ് ഇരുവരെയും തിരഞ്ഞെടുത്തത്. ഇതാദ്യമായാണ് രണ്ടു മലയാളി താരങ്ങള്‍ ഒരുമിച്ച്‌ ഇന്ത്യന്‍ വനിതാ ടീമില്‍ ഇടംപിടിക്കുന്നത്.

നേരത്തെ മലയാളിയായ മിന്നുമണി ടീം ഇന്ത്യയുടെ ജഴ്‌സിയണിഞ്ഞിരുന്നു. എന്നാല്‍ ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ മിന്നുവിന് ഇടംലഭിച്ചില്ല. ഏപ്രില്‍ 28-നാണ് പരമ്പര ആരംഭിക്കുന്നത്. രണ്ടാം മത്സരം ഏപ്രില്‍ 30-ന് നടക്കും. മേയ് രണ്ട്, ആറ്, ഒമ്പത് എന്നീ തീയതികളിലാണ് മറ്റു മൂന്നു മത്സരങ്ങള്‍ അരങ്ങേറുന്നത്.

ഇക്കഴിഞ്ഞ വനിതാ പ്രീമിയര്‍ ലീഗില്‍ കാഴ്ചവച്ച മികച്ച പ്രകടനമാണ് സജനയ്ക്കും ആശയ്ക്കും തുണയായത്. സജന മുംബൈ ഇന്ത്യന്‍സിന്റെയും ആശ ലീഗ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെയും താരങ്ങളായിരുന്നു. മുംബൈയ്ക്കു വേണ്ടി മികച്ച മാച്ച് വിന്നിങ് പ്രകടനം കാഴ്ചവയ്ക്കാന്‍ സജനയ്ക്കായിരുന്നു.

മറുവശത്ത് ആര്‍സിബിയുടെ കിരീട നേട്ടത്തില്‍ ആശ വഹിച്ച പങ്കും ചെറുതല്ല. ലീഗില്‍ 10 മത്സരങ്ങളില്‍ ആര്‍സിബിക്കായി പന്തെറിഞ്ഞ ആശ 12 വിക്കറ്റുകളും നേടിയിരുന്നു. യുപി വാരിയേഴ്‌സിനെതിരായ മത്സരത്തില്‍ 22 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഫൈനലില്‍ ഡല്‍ഹിക്കെതിരേ മൂന്നോവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ആശയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.

logo
The Fourth
www.thefourthnews.in