അവസരം തുലച്ച് സഞ്ജു; 19 പന്തില്‍ ഒമ്പത് റണ്‍സിന് പുറത്ത്

അവസരം തുലച്ച് സഞ്ജു; 19 പന്തില്‍ ഒമ്പത് റണ്‍സിന് പുറത്ത്

അതേസമയം ലോകകപ്പ് ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇടംപിടിക്കാന്‍ സഞ്ജുവിനൊപ്പം മത്സരത്തിലുള്ള ഇഷാന്‍ കിഷന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടി തിളങ്ങുകയും ചെയ്തു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണിന് അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നായിരുന്നു ആരാധകരുടെ പരാതി. ഏറെ കാത്തിരുന്ന് ഇന്ന് ദേശീയ ടീമില്‍ മികച്ച അവസരം ലഭിച്ചപ്പോള്‍ അത് മുതലാക്കാനാകാതെ താരം നിരാശപ്പെടുത്തി. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 19 പന്ത് നേരിക്ക് വെറും ഒമ്പത് റണ്‍സിനാണ് സഞ്ജു പുറത്തായത്.

ലോകകപ്പിനു മുന്നോടിയായി യുവതാരങ്ങള്‍ക്കെല്ലാം അവസരം നല്‍കുന്നതിന്റെ ഭാഗമായി നായകന്‍ രോഹിത് ശര്‍മയ്ക്കും മുന്‍ നായകന്‍ വിരാട് കോഹ്ലിക്കും വിശ്രമം നല്‍കിയാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ഇരുവര്‍ക്കും പകരമായാണ് സഞ്ജുവിനും സ്പിന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിനും അവസരം നല്‍കിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ സഞ്ജുവിനുള്‍പ്പടെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള അവസരമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിക്കുകയും ചെയ്തു.

ഒന്നാം വിക്കറ്റില്‍ 16.5 ഓവറില്‍ 90 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 49 പന്തില്‍ അഞ്ചു ബൗണ്ടറികള്‍ സഹിതം 34 റണ്‍സ് നേടി ഗില്‍ പുറത്തായപ്പോള്‍ വണ്‍ഡൗണായി സഞ്ജുവിനെയാണ് ടീം ഇറക്കിയത്. മലയാളി താരത്തിന് മികവ് തെളിയിക്കാനുള്ള മികച്ച അവസരമായിരുന്നു ഇത്.

എന്നാല്‍ തന്റെ ഫോമിന്റെ നിഴല്‍ ആകാന്‍ പോലും സഞ്ജുവിനായില്ല. ആറുു പന്ത് നേരിട്ട ശേഷമാണ് താരം അക്കൗണ്ട് തുറന്നത് തന്നെ. പിന്നീടും നിരന്തരം പതറിയ സഞ്ജു 19 പന്തുകള്‍ നേരിട്ട് വെറും ഒമ്പതു റണ്‍സ് മാത്രം നേടി പുറത്താകുകയായിരുന്നു. അതേസമയം ലോകകപ്പ് ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇടംപിടിക്കാന്‍ സഞ്ജുവിനൊപ്പം മത്സരത്തിലുള്ള ഇഷാന്‍ കിഷന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടി തിളങ്ങുകയും ചെയ്തു.

ആദ്യ ഏകദിനത്തില്‍ 46 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 52 റണ്‍സ് നേടിയ ഇഷാന്‍ ഇന്ന് 55 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 55 റണ്‍സ് നേടിയാണ് സ്ഥിരത തെളിയിച്ചത്. ഇന്നത്തെ പ്രകടനം സഞ്ജുവിന് തിരിച്ചടിയാകുമോയെന്നു കാത്തിരുന്നു കാണണം. ഇന്നത്തെ മോശം പ്രകടനത്തെത്തുടര്‍ന്ന് താരത്തെ മൂന്നാം ഏകദിനത്തില്‍ നിന്ന് ഒഴിവാക്കുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.

കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മഴമൂലം കളിനിര്‍ത്തിവച്ചിരിക്കുകയാണ്. സഞ്ജു പുറത്തായതിനു പിന്നാലെ 24.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ പതറുമ്പോഴാണ് മഴയെത്തിയത്. റണ്ണൊന്നുമെടുക്കാതെ സൂര്യകുമാര്‍ യാദവാണ് ക്രീസില്‍.

Related Stories

No stories found.
logo
The Fourth
www.thefourthnews.in