അഞ്ചു വിക്കറ്റുകളുമായി ഷമി; ഓസീസിനെതിരേ ഇന്ത്യക്ക് 277 റണ്‍സ് ലക്ഷ്യം
Saikat

അഞ്ചു വിക്കറ്റുകളുമായി ഷമി; ഓസീസിനെതിരേ ഇന്ത്യക്ക് 277 റണ്‍സ് ലക്ഷ്യം

അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ മുഹമ്മദ് ഷമിയാണ് 300-നു മേല്‍ പോകുമെന്നു തോന്നിച്ച കംഗാരുപ്പടയെ പിടിച്ചുകെട്ടിയത്. 10 ഓവറില്‍ ഒരു മെയ്ഡനടക്കം 51 റണ്‍സ് വിട്ടുനല്‍കിയാണ് ഷമിയുടെ നേട്ടം.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 277 റണ്‍സ് വിജയലക്ഷ്യം. മൊഹാലിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത 50 ഓവറില്‍ 276 റണ്‍സിന് പുറത്താകുകയായിരുന്നു. അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ മുഹമ്മദ് ഷമിയാണ് 300-നു മേല്‍ പോകുമെന്നു തോന്നിച്ച കംഗാരുപ്പടയെ പിടിച്ചുകെട്ടിയത്. 10 ഓവറില്‍ ഒരു മെയ്ഡനടക്കം 51 റണ്‍സ് വിട്ടുനല്‍കിയാണ് ഷമിയുടെ അഞ്ചു വിക്കറ്റ് നേട്ടം.

ഷമിക്ക പുറമേ ഓരോ വിക്കറ്റുകളുമായി ജസ്പ്രീത് ബുംറ, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കി. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഓസ്‌ട്രേലിയയുടെ ടോപ്‌സ്‌കോറര്‍. 53 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 52 റണ്‍സാണ് വാര്‍ണര്‍ സ്വന്തമാക്കിയത്.

വാര്‍ണറിനു പുറമേ 45 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 45 റണ്‍സ് നേടിയ വിക്കറ്റ് കപ്പര്‍ ബാറ്റര്‍ ജോഷ് ഇന്‍ഗ്ലിസ്, 60 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 41 റണ്‍സ് നേടിയ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത്, 49 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 39 റണ്‍സ് നേടിയ മാര്‍നസ് ലബുഷെയ്ന്‍, 52 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 31 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍, 21 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 29 റണ്‍സ് നേടിയ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ഒമ്പതു പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 21 റണ്‍സ് നേടിയ പാറ്റ് കമ്മിന്‍സ് എന്നിവരും തിളങ്ങി.

വിശ്രമം അനുവദിച്ച നായകന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോഹ്ലി, ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. രോഹിതിന്റെയും പാണ്ഡ്യയുടെയും അഭാവത്തില്‍ കെ.എല്‍ രാഹുലാണ് ടീമിനെ നയിക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ രാഹുല്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in